മാർച്ച് 𝟐𝟏 ഇന്ന് ലോക കവിതാദിനം
ഭാഷയുടെ സൗന്ദര്യവും സത്തയും പ്രകടമാക്കുന്നവയാണ് കവിത...
ദേശത്തിനും ഭാഷയ്‌ക്കും അതീതമായി കാലാതിവർത്തിയായി നിലകൊള്ളുന്ന കവിതകൾ എല്ലാ ഭാഷകളിലുമുണ്ട്... ജീവിതത്തിൽ കവിതയുടെയും സാഹിത്യത്തിന്റേയും പ്രസക്തിയും പ്രാധാന്യവും എന്താണെന്ന് തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ കവിതാദിനം ലോകത്ത് ആചരിക്കുന്നത്... പണ്ട് കവിതയായിരുന്നു എല്ലാം...
അല്ലെങ്കിൽ സാഹിത്യം തന്നെ അറിഞ്ഞിരുന്നത് കവിതയായിട്ടായിരുന്നു... ലോകം നിറഞ്ഞു നിന്നിരുന്ന എഴുത്തുകാരെ വിശ്വമഹാകവികൾ എന്നാണ് വിളിച്ചിരുന്നത്...
വ്യാസനും വാൽമീകിയും കാളിദാസനും ഹോമറും ഷേക്സ്പിയറും മഹാകവികളായിരുന്നു... ഇന്നും അങ്ങനെ തന്നെയാണ് അവർ അറിയപ്പെടുന്നത്... കാളിദാസൻ നാടകകൃത്ത് കൂടിയായിരുന്നു.. ഷേക്സ്പിയറിന്റെ പ്രസക്തി നാടകത്തിലായിരുന്നുവെങ്കിലും അദ്ദേഹം അന്നും ഇന്നും വിശ്വകവിയായിട്ടാണ് അറിയപ്പെടുന്നത്... ഇങ്ങനെ കവിതയുടേയും കവികളുടേയും ജൈത്രയാത്രയാണ് ലോക സാഹിത്യ ചരിത്രത്തിന് നാഴികക്കല്ല് പാകിയത്. ഭാരതീയ സംസ്കാരത്തിലും കവിതക്കും കവികൾക്കും അദ്വിതീയ സ്ഥാനമുണ്ടായിരുന്നു.. “നാടകാന്തം കവിത്വം” എന്നുള്ള ആപ്തവാക്യം അത് അടിവരയിട്ടുറപ്പിക്കുന്നു...
ആഴമേറിയ വികാരങ്ങൾ അനർഗളമായി ഒഴുകിയെത്തുന്നതാണ് കവിത’യെന്നാണ് വേഡ്സ് വർത്ത് കവിതയെ വിശേഷിപ്പിച്ചത്. എഴുത്തച്ഛനും മുതൽ ടഗോർ വരെയും ചെറുശ്ശേരിയും പൂന്താനവും മുതൽ ഉള്ളൂരും വള്ളത്തോളും ആശാനും, ചങ്ങമ്പുഴയും ജി ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും ഇടശ്ശേരിയും വയലാറും അയ്യപ്പണിക്കരും ഒഎൻവിയും സുഗതകുമാരിയും സച്ചിദാനന്ദനും, ശങ്കരപിള്ളയും, ബാലചന്ദ്രൻ ചുള്ളിക്കാടും, വിജലക്ഷ്മിയും, എ.അയ്യപ്പനും, കടമ്മനിട്ടയും എന്നിങ്ങനെ മലയാളത്തിന്റെ കവിതാ പാരമ്പര്യം നീളുകയാണ്. വേനലിലെ നീരുറവപോലെ തളർച്ചയിൽ താങ്ങാകുന്നു. കവിത മനുഷ്യർക്കും പ്രകൃതിക്കുമിടയിലെ അതിരുകൾ ഇല്ലാതാക്കുന്നു. കവിതയുടെ വാമൊഴിയും ചൊല്ലലുമൊക്ക മലയാളത്തിൽ ഒരുകാലത്ത് തരംഗമായിരുന്നു. കവിത ജനകീയമായി. കവിതകളെയും കവികളേയും ജനങ്ങൾ അറിഞ്ഞു. കവിതയുടെ അത്തരമൊരു വസന്തകാലം ഇനിയും ഉണ്ടാകണം. ലോക കവിതാ ദിനം അതിനു പ്രചോദനമാകട്ടെ...!