"വരവിനനുസരിച്ചു ചെലവഴിക്കുക.അല്ലാതെ നിന്റപ്പനെ പോലെ ചെലവിനനുസരിച്ചു വരവുണ്ടാക്കാൻ നോക്കിയാൽ എന്താണാവസ്ഥയെന്ന് അറിയാല്ലോ? കെട്ടിക്കൊണ്ട് വന്നപ്പോ എന്തൊക്കെയായിരുന്നു? നാലക്ക ശമ്പളം. സ്വന്തം വീട്. തിന്ന് എല്ലിന്റെടേൽ കുത്തിപ്പളാ അങ്ങോർക്ക് ജോലി കളഞ്ഞു സ്വന്തം ബിസിനസ് തൊടങ്ങാൻ തോന്നിയേ. ഇന്നാ ജോലിയിൽ നിന്നിരുന്നെങ്കി നിനക്കീ കോഴ്സ് പഠിക്കാൻ ലോണെങ്കിലും കിട്ടിയേനെ." ജയ ഓരോന്ന് പറഞ്ഞു വിറച്ചു തുടങ്ങി.
"അമ്മേ, ഭാണ്ഡകെട്ട് അഴിക്കല്ലേ.എനിക്ക് സമയമില്ല. എന്റെല്ലാ ഫ്രണ്ട്സുമീ ആഡ് ഓൺ കോഴ്സ് ചെയ്യുന്നുണ്ട്. എനിക്കും ചേരണം.അമ്മ നാളെ എനിക്ക് ഗൂഗിൾ പേ ചെയ്തു തന്നാ മതി. ഹോസ്റ്റലിൽ ഞാൻ മാത്രം ഇതിന് ചേരാതിരുന്നാൽ മോശമാ." ജാനകിയുടെ വർത്താനം കേട്ട് അമ്മ വിഷമിച്ചു.
"എടീ.. നിനക്കിവിടത്തെ സ്ഥിതി അറിയില്ലേ? "
"ഞാൻ വല്ലടത്തും പോയ്കളയും. ചത്താ മതി. ഇങ്ങനൊരു കുടുംബത്തു ഞാൻ ജനിച്ചല്ലോ?"
ജാനി ബാക്പാക്ക് പുറകിലേക്കിട്ട് തിരിഞ്ഞു പോലും നോക്കാതെ വാതിൽ കൊട്ടിയടച്ചു പോയി.
അവൾ കോളേജിൽ എത്തിയപ്പോളേക്കും ക്ഷീണിച്ചവശയായി.ദേഷ്യവും കുറച്ചൊന്നടങ്ങി.
വേണ്ടായിരുന്നു. അമ്മയോട് ഇത്ര ദേഷ്യപ്പെട്ടു സംസാരിക്കണ്ടായിരുന്നു. അവളമ്മയെ വിളിച്ചു.
"അമ്മേ, എനിക്കാ കോഴ്സിന് ചേരണ്ട."
ജയക്ക് സന്തോഷമായി.
"നീയെന്റെ മോളാ. എനിക്കറിയാം. നിനക്ക് ഇവിടത്തെ വരവ് ചെലവിനെ കുറിച്ചൊക്കെ നല്ല ബോധ്യണ്ട്ന്ന്.
ജാനി അപ്പോൾ അവളുടെ ബോയ്ഫ്രണ്ടിനൊപ്പം സ്പീക്കറിൽ അമ്മ പറയുന്നത് കേൾക്കുകയായിരുന്നു.
"നീയില്ലെങ്കിൽ പിന്നെ ഞാനെന്തിനാ ഒറ്റക്ക് കോഴ്സിന് ചേരുന്നേ?"
"നിനക്ക് കോഴ്സിന്റെ പേരും പറഞ്ഞു കാശ് മേടിച്ചെടുക്കായിരുന്നില്ലേ? കുറച്ചും കൂടി പ്രഷറെയ്താൽ നിന്റമ്മ വീണേനെ. നമ്മുടെ ടൂറിനു ചെലവില്ലേ?"
സുന്ദറിനെപ്പോളും ചെലവിന്റെ കാര്യം മാത്രെള്ളൂ
"നിനക്ക് വീട്ടീന്ന് ഒപ്പിക്കായിരുന്നില്ലേ?"ജാനിയും വിട്ടു കൊടുത്തില്ല.
"പിന്നേയ്, ഞാൻ ചെലവിന്റെ കാര്യം പറഞ്ഞു തുടങ്ങിയാ അപ്പൊ അപ്പൻ റബ്ബറിന് വിലയിടിഞ്ഞ കാര്യം പറയും. എന്നോട് പഠിത്തം നിർത്തി വരവുണ്ടാക്കാനും."
"നമ്മടെ വീട്ട്കാരെന്നാ നന്നാവാല്ലേ?"
കുടിച്ചു കൊണ്ടിരുന്ന സ്പറൈറ് കുപ്പി അവസാനിപ്പിച്ചു ജാനി നെടുവീർപ്പെട്ടു.
ഇതെല്ലാം കേട്ട് കൊണ്ടിരുന്ന കാന്റീൻ രമേശൻ ഫോൺ വാൾപേപ്പറിലെ പത്തിൽ പഠിക്കുന്ന മകളുടെ പടം നോക്കിയിരുന്നു.