തണലുകളില്‍
നിഴലുകള്‍
കൂടുകൂട്ടുന്നനേരം
മരം വെറുതെയൊരു
കഥ മെനയുമ്പോള്‍
പിണങ്ങി നിന്ന
വെയിലിന്റെ ആത്മാവ്
ധ്യാനത്തിലെന്നോണം
മിഴിയടച്ച്
ഭൂതകാലത്തിന്റെ
ശിഖരങ്ങളെ
നെഞ്ചോട് ചേര്‍ക്കും ..
നിഴലുപോലുമില്ലാതെ
നിന്നോട് ചേര്‍ന്നുനിന്ന
നട്ടുച്ചകളുടെ വേനല്‍
പടര്‍പ്പുകളില്‍
പൊടിഞ്ഞിരുന്ന വിയര്‍പ്പില്‍
ചൂടാറ്റിയിരുന്ന നിന്റെ
ചിരിയുടെ നീര്‍ത്തുള്ളികള്‍
വിണ്ടുകീറിയ
ഓര്‍മ്മപ്പാടങ്ങളിലേക്ക്
നനവ് പടര്‍ത്തും
മൗനത്തില്‍ എപ്പോഴോ
ചേര്‍ത്തടച്ച
വാക്കുകളുടെ
കൊളുത്തില്‍,
ചുണ്ടുകള്‍ക്കിടയില്‍
നീ മറന്നു വെച്ചൊരാ
ചുംബനം
ഇലപൊഴിഞ്ഞ ചില്ലയില്‍
നിന്ന് കടമെടുത്ത കാറ്റ്
ഓര്‍മ്മകളുടെ
പടിപ്പുര വാതില്‍
പതിയെചാരി
കടന്നു പോകുന്നു ....
ചുവപ്പ് പടര്‍ന്ന
നൊമ്പരങ്ങള്‍
സന്ധ്യയുടെ ചക്രവാളത്തില്‍
നിറം പകര്‍ത്തിയപ്പോള്‍
കനവിലൊരു കവിതയായ്
വീണ്ടും നീ
പുനര്‍ജ്ജനിക്കുന്നു.....