എനിക്ക് മുന്നേ മരിച്ചവരേ..
മാടു വണ്ടികൾ തെളിച്ചവരേ..
നിങ്ങളെങ്ങിനെയാണ്
നടന്ന വഴികൾ മായ്ച്ചിട്ടു പോയത്..?
ഉടഞ്ഞ ചിരികളുടെ
നന്നങ്ങാടികൾ ഏത് പാതാളത്തിലാണ്
നിങ്ങളൊളിപ്പിച്ചു കളഞ്ഞത്..
ഉറങ്ങി തീർക്കാത്ത രാവുകളെ
എങ്ങിനെയാണ് പൊതിഞ്ഞെടുത്ത്
ഖബറിൽ കൊണ്ട് നിറച്ചത്..
വിയർപ്പ് നനഞ്ഞ
നിങ്ങളുടെ കവിതകളെ
ഏതു പാറയിൽ വെച്ചാണ്
പാടിയുണക്കിയതെന്നെങ്കിലും
പറഞ്ഞു തരൂ..
ഒന്നിനുമാവാതെ
തോറ്റു പോയവന്റെ മടക്കമാണ്..
മറവിയെ മെരുക്കിയ മനീഷികളേ നിങ്ങടെ
ചങ്ക് വറ്റിച്ച കവിതകളുടെ
കടലാസു കൊണ്ടെന്റെ
എന്റെ റൂഹെങ്കിലും മൂടൂ...
കാലങ്ങളോളം
ഇരുളെടുത്തനാഥമായിപ്പോയ ഉറക്കങ്ങളെക്കൊണ്ടെന്റെ
ഖബറ് നിറക്കട്ടെ... !!