സന്തോഷം ശലഭസമാനം പിടിക്കാൻ വെമ്പുകിൽ പറന്നകന്നിടും വെറുതേയിരുന്നാൽ തോളിൽ വന്നിരിക്കും സന്തോഷം
മനസ്സും പേഴ്സും നിറഞ്ഞിരിക്കുക എന്നതല്ല സന്തോഷം നന്മയും ഉണ്മയും വാരിവിതറുമ്പോൾ ചുറ്റും പ്രസരിക്കുന്ന പരിലസിക്കുന്ന സത്യത്തിന്റെ പ്രകാശം ദീപ്തമായി പരത്തുന്ന കുളിരലകൾ അല്ലോ സന്തോഷദായകം സംതൃപ്തിഭരിതം
അഷ്ടിക്കുവകയില്ലാത്തവന്റെ അടുപ്പിൽ അന്നം പാകമാവാൻ പ്രയത്നിക്കുകയും അവരുടെ കണ്ണിൽ ആനന്ദാശ്രു നിറക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് ഉത്തമ സന്തോഷത്തിന്റെ അടിവേര്
നിറകടലലകളിൽ ചാഞ്ചാടും കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആടിയുലയുന്ന കപ്പലിൽ ഇനിയെന്തു ചെയ്യുമെന്നറിയാതെ നിൽക്കും കപ്പിത്താന്റെ മനസ്സിൽ
കാറ്റും കോളും നിലച്ച് കപ്പൽ നിയന്ത്രണ വിധേയമാകുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയാണ് സന്തോഷം