അടി, കുത്ത്, തല്ല്, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം സിനിമകളിൽ കണ്ട് ഇതാണ് ജീവിതമെന്നു മനസ്സിലാക്കുന്ന ഒരു പുതുതലമുറ നമ്മുടെ നാട്ടിൽ വളർന്നു വരുന്നുണ്ട്. ഇവിടെ അമേരിക്കയിൽ തന്നെ ചെണ്ടയും കോലും എടുത്ത് ഒരു സിനിമ തീയേറ്ററിൽ കോലാഹലമുണ്ടാക്കുന്നത് ആ തലമുറയിലെ അമേരിക്കയിലും കാനഡയിലും പഠിക്കാൻ വന്ന ഇവരിൽ പെട്ട യുവാക്കളാണ്. ഇവരോട് ഭാരതന്റെയോ പത്മരാജന്റെയോ എം. ടി-യുടെയോ സിനിമകളെ കുറിച്ച് ചോദിച്ചാൽ നമ്മൾ ‘തന്ത വൈബ്’ ആകും. ഇവർക്ക് ഇസ്ലാമിനെ കുറിച്ചോ ക്രിതുമതത്തെ കുറിച്ചോ ഹിന്ദുത്വത്തെ കുറിച്ചോ ഒന്നും അറിയില്ല. ഓരോ ദിവസവും ആനന്ദഭരിതമായിരിക്കണം എന്നതാണ് ഇവരുടെ ഉദ്ദേശം, ആ വിഭാത്തിലെ ചെറുപ്പക്കാരാണ് ഈ പാലഭിഷേകം നടത്തി ചെണ്ടകൊട്ടുന്നത്.
സിനിമയെ വെറുമൊരു ഫിക്ഷൻ ആക്കിമാത്രം കണക്കാക്കൂ എന്നെല്ലാം കേൾക്കുന്നുണ്ടെങ്കിലും സിനിമകൾ നമ്മുടെ യുവാക്കളെ നല്ലവണ്ണം സ്വാധീനിക്കുന്നുണ്ട്.
‘എമ്പുരാൻ’ ഒരു കലാസൃഷ്ടി എന്നതിലുപരി ഒരു ‘സമയം പോക്കി’ സിനിമയായാണ് തോന്നിയത്. ഖുറൈഷിയുടെ കൂട്ടാളി സൈദിന്റെ കഴിഞ്ഞകാലം കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഖുജറാത്തിലെ സംഭവങ്ങൾ സിനിമയിൽ കാണിക്കുന്നത്. കുടുംബത്തെ മുഴുവൻ ഹിന്ദു തീവ്രവാദികൾ കൊന്നൊടുക്കി. അതിനു വേണ്ടിയാണ് ഗുജറാത്തിലെ സീനുകൾ. സൈദ് (പൃഥ്വിരാജ്) എങ്ങനെ സ്റ്റീഫൻ നെടുമ്പള്ളിയുടെ വലംകയ്യായി എന്ന് പറയാൻ വേണ്ടിയാണ് ഗുജറാത്തിലെ സ്വകുടുംബത്തിന്റെ കൂട്ടക്കുരുതിയിൽ നിന്നും രക്ഷപ്പെട്ടു പ്രതികാര ദാഹിയായി സൈദ് മാറുന്നത്. ഇതിൽ കൂടുതൽ ശത്രുക്കളോട് ഏറ്റുമുട്ടാൻ എന്തുകാരണമാണ് വേണ്ടത്?
പൃഥ്വി ആ ഭാഗത്തിന്റെ തിരക്കഥ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചിരിക്കില്ല. കാരണം ആ ഭാഗങ്ങളിൽ സ്റ്റീഫൻ നെടുമ്പള്ളി വരുന്നില്ലല്ലോ. ഈ സിനിമയിൽ മനഃപൂർവ്വം ബി.ജെ.പി, ആർ എസ്സ്- നെ വിമർശിക്കണം എന്ന് എഴുത്തുകാരനും സംവിധായകനും ഉദ്ദേശമേ ഉണ്ടായിരിക്കുകയില്ല.
അതുപോലെതന്നെ, പ്രിയദർശിനി ആയിട്ട് അഭിനയിച്ച ദിലീപിന്റെ മുൻഭാര്യ, മഞ്ജുവിനും അവർ അവതരിപ്പിൽകേണ്ട ഭാഗം മാത്രമായിരിക്കും സ്ക്രിപ്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ടായിരിക്കുക. അതുകൊണ്ടുതന്നെ തന്റെ കഥാപാത്രത്തിന്റെ മാനറിസങ്ങൾ ഉൾക്കൊണ്ട് അവർ നന്നായിട്ട് അഭിനയിച്ചു.
ഈ സിനിമ മുഴുവൻ സാമാന്യബുദ്ധിക്ക് നിരസിക്കുന്നതല്ല എങ്കിലും, കുറെ ഭാഗങ്ങളുണ്ട് സിനിമയിൽ. അബ്രാം ഖുറൈശി സ്‌ക്രീനിൽ വരുന്ന ഹെലികോപ്റ്റർ രംഗം. അതിന്റെ മേക്കിങ് ഒരു ഹോളിവുഡ് ഫിലിം പോലെ അതിശയിപ്പിക്കുന്നതാണ്. ആ ഗുജറാത്ത് സംഭവം കാണിക്കുമ്പോൾ അവിടത്തെ ഓരോ നടീനടന്മാരെയും പൃഥ്വി നന്നായി ഉപയോഗിച്ചിട്ടുണ്ട് സിനിമയിൽ. ആ ഭാഗങ്ങൾ വെട്ടിമാറ്റിയാൽ സിനിമ വെറും ശുഷ്കമാകും. ഹവേലിയിലെ യജമാന, അമീർഖാന്റെ സാഹിദരിയുടെ അഭിനയം എടുത്തു പറയേണ്ടതുണ്ട്. (ഹിന്ദി സംഭാഷണങ്ങൾക്കും ഇംഗ്ലീഷ് സംഭാഷണങ്ങൾക്കും സബ് ടൈറ്റിൽ ഉണ്ടായിരുന്നില്ല. അമേരിക്കയിലെ മലയാളികൾക്ക് അതിന്റെ ആവശ്യവും ഇല്ല.) വളരെ നല്ല സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ എല്ലാം മറന്നുള്ള അഭിനയവും മികച്ച നിലവാരം പുലർത്തി. സത്യം പറയട്ടെ, ഞാൻ ഒരു രാഷ്ട്രീയ നിരീക്ഷകനോ മതവാദിയോ അല്ല. ഇവിടെ ഈ സിനിമയാണ് വിഷയം.
ഇതിൽ സൂരജ് വെഞ്ചൂരാൻ മൂടിന്റെയും ഫാസിലിന്റെ പള്ളീലച്ചൻ കഥാപാത്രവും ബോറായിട്ടു തോന്നി. Illuminati, Cicada എന്നിവ വെറുതെ പറയുകയല്ലാതെ അതിൽ അതൊന്നും ഒരു കാര്യമായി കാണിക്കുന്നില്ല. ഒരു മോതിരം അല്ലാതെ. സ്റ്റീഫൻ എമ്പുരാൻ നൂലിൽ കെട്ടിയുറങ്ങി കാട്ടിൽ പ്രത്യക്ഷപ്പെട്ട് മഞ്ജു വാര്യരെ രക്ഷിക്കുന്ന ഭാഗത്തെ ലേസർ രശ്മികൾ ‘ബ്രേക്കിംഗ് ബാഡ്’ സീരീസിലെ വാൾട്ടർ വൈറ്റിന്റെ ചെയ്തികളെപോലെ പോലെ തോന്നി. തുണി മടക്കിക്കുത്തിയ എമ്പുരാന് പിന്നീടങ്ങോട്ട് തോക്കും ലേസറും ഒന്നും വേണ്ട. ഇടയ്ക്ക് ‘ജോസഫ് നെടുമ്പള്ളി ഇറാക്കിൽ കൊല്ലപ്പെട്ടു’ എന്ന ടി .വി വാർത്ത കാണുന്ന ഒരാൾ പോലും അതിനെക്കുറിച്ച് പറയുന്നത് സിനിമയിലില്ല. കേരളത്തിലെ ഒരു എം.പി-ക്ക് ഇറാക്കിൽ എന്താണ് കാര്യം? ഇങ്ങനെ കുറെ കല്ലുകടികൾ ഉണ്ട് സിനിമയിൽ. ഉദാഹരമായി രാജ്യങ്ങൾ തോറും ഇന്റർനാഷണൽ സെക്യൂരിറ്റിയെ കബളിപ്പിച്ചുകൊണ്ടു ജീവിക്കുന്ന അബ്രാം ഖുറൈശി! നാട്ടിൽ എല്ലാവരും ഒരു രക്ഷിതാവ് വരുന്നതും കാത്തിരിക്കുകയാണല്ലോ. അപ്പോൾ ചോദ്യങ്ങൾ ഉണ്ടാകാതിരിക്കാം.
നാട്ടിൽ മുണ്ട് ധരിച്ചു പ്രത്യപ്പെടുബോൾ അച്ഛനായ ഫാസിലിനോട് പറയുന്ന ജോസഫ് നെടുമ്പിള്ളിയായ മോഹൻലാൽ സംഭാഷണങ്ങൾ വളരെ ബോർ ആണ് എന്ന് പൃഥ്വിരാജിനിനു തോന്നാതിരുന്നത് എന്റെ കുഴപ്പമല്ല.
ഈ സിനിമ ഹിന്ദു വിരുദ്ധതതയല്ല, ക്രിസ്ത്യൻ വിരുദ്ധതയാണ്. യേശു ക്രിസ്തുവിൽ കാര്യമില്ല, ചെകുത്താനിൽ ആണ് വിശ്വസിക്കേണ്ടത് എന്നാണ് മൊത്തത്തിൽ രണ്ടു സിനിമകളിലും ഈ കഥാപാത്രം പറഞ്ഞു വെയ്ക്കുന്നത്. നമ്മുടെ പുതിയ തലമുറയ്ക്ക് ഒരു പുനർചിന്തനം ആകാം എന്നായിരിക്കാം സ്ക്രിപ്റ്റ് റൈറ്റർ ഉദ്ദേശിച്ചത്. ‘ഇല്ല്യൂമിനേറ്റിയോ കത്തോലിസമോ’ നല്ലത് എന്ന് പുതിയ തലമുറയ്ക്ക് തിരഞ്ഞെടുക്കാം. ക്രിസ്ത്യാനിയിറ്റിയെയും ജീസസിനേയുംകുറിച്ച് അറിയാതെ വെറുതെ ആന്റി ക്രൈസ്ട്. ഇല്ലുമിനാട്ടി എന്നിവ പറഞ്ഞു കേൾക്കുമ്പോൾ പുതിയ തലമുറയ്ക്ക് വല്ലാത്ത സുഖം, അഭിപ്രായം പറയുന്ന എന്നെപ്പോലുള്ളവർ, തന്ത വൈബ്.
കഥയിൽ ഒരു ലോജിക്കും ഇല്ല. കുറെ രംഗങ്ങൾ വിദേശരാജ്യങ്ങളിൽ പോയി ഷൂട്ട് ചെയ്ത് ഒട്ടിച്ചു വെച്ചതുപോലെയുണ്ട്. ബ്രിട്ടീഷ് ഇന്റലിജിൻസ് (M16) മേധാവിയൊക്കെയാണ് ഡ്രഗ് ബിസിനസ്സിൽ ഖുറൈഷിയുടെ കൂട്ടാളി! നമ്മുടെ മായാവി, കുട്ടൂസൻ കഥ. അതിൽ കുറച്ചു സ്പൈഡർമാനും ബാറ്റുമാനും മാനും… മതം, രാഷ്ട്രീയം, ഡ്രഗ് മാഫിയ എന്നിങ്ങനെ..
വെറുതെയല്ല അങ്കിൾ ഈ സിനിമ ആദ്യമായി മുഴുവനും കണ്ട് വിറയലോടെ തീയേറ്റർ വിട്ടത്.
ഒരു സിനിമയെ മുറിച്ചു മാറ്റി സുന്നത്തു കഴിക്കേണ്ട ആവശ്യമില്ല, ഇന്ത്യയിലെ ജനങ്ങൾ നല്ലതിനെയും ചീത്തയെയും മാറ്റിനിറുത്തി പ്രബുദ്ധരായാൽ മാത്രം മതി.