ഒടുവില്‍ എമ്പുരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി വിവാദ ഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു. വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് മറ്റൊരു പ്രധാനപ്പെട്ട സംഭവ വികാസം. സിനിമയിലെ ചില ഭാഗങ്ങള്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നും, ആ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ഖേദമുണ്ടെന്നും മോഹന്‍ലാല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
സിനിമയില്‍ നിന്ന് ചില ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായും മോഹന്‍ലാല്‍ സ്ഥിരീകരിച്ചു. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാസിന്റെ പോസ്റ്റ് ചിത്രത്തിന്റെ സംവിധായകന്‍ പൃത്ഥ്വിരാജ് ഷെയര്‍ ചെയ്തിരുന്നു.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്.
'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു...
സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍
***
എമ്പുരാന്‍ ആദ്യം സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയപ്പോള്‍ സംഘപരിവാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായിട്ടുള്ള ബോര്‍ഡ് രണ്ടു ഭാഗങ്ങള്‍ മാത്രം സിനിമയില്‍ നിന്ന് ഒഴിവാക്കാനാണ് നിര്‍ദേശിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുക, ദശീയ പതാകയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കുക എന്നിവയായിരുന്നു ആ നിര്‍ദേശങ്ങള്‍. സെന്‍സറിങ്ങിനിടെ ഈ രണ്ടുഭാഗങ്ങള്‍ക്ക് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് നീക്കിയത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിലെ ബി.ജെ.പിയും സംഘപരിവാറും നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
എമ്പൂരാന്‍ ഹൈന്ദവ വിരുദ്ധ, ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് ആരോപിച്ച് ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ഇന്നലെ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് വിവാദമായ 17 രംഗങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മാതാക്കളായ ഗോകുലം മൂവീസ് തയ്യാറായത്. ചിത്രത്തിലെ ഗോധ്ര, ഗുജറാത്ത് കലാപങ്ങള്‍ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍, ഗര്‍ഭിണിയെ ഉപദ്രവിക്കുന്ന രംഗം, മുസ്ലീങ്ങള്‍ക്ക് അഭയം കൊടുക്കുന്ന നാട്ടുരാജ്ഞിയുടെ കൊലപാതകം, ജാതി അധിക്ഷേപം എന്നിവ ഒഴിവാക്കും. പ്രധാന വില്ലന്‍ കഥാപാത്രമായ 'ബാബാ ബജ്‌റംഗി'യുടെ പേര് മാറ്റും. ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യും.
തങ്ങള്‍ വരുത്തുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ഗോകുലം മൂവീസ് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷയും നല്‍കി. എമ്പുരാന്റെ അണിയറ പ്രവര്‍ത്തകര്‍ വരുത്തുന്ന മാറ്റങ്ങള്‍ വീണ്ടും കണ്ട് സെന്‍സര്‍ ബോര്‍ഡിന് ബോധ്യപ്പെടേണ്ടതുണ്ട്. മാറ്റങ്ങള്‍ അക്കമിട്ടുവേണം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാന്‍. എന്നാല്‍ സിനിമ വീണ്ടും സെന്‍സര്‍ ചെയ്യില്ല. ഒരു സിനിമയ്ക്ക് സിനിമയ്ക്ക് ഒറ്റത്തവണ മാത്രമേ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. എമ്പുരാനില്‍ നടത്തുന്ന മാറ്റങ്ങള്‍ റീ സെന്‍സറിങ്ങല്ല, മറിച്ച് 'വോളണ്ടിയര്‍ മോഡിഫിക്കേഷന്‍' ആണ്.
സിനിമാ നിര്‍മാതാക്കള്‍ ഇത്തരത്തില്‍ മാറ്റള്‍ വരുത്തുന്നത് വളരെ അപൂര്‍വമായ സാഹചര്യങ്ങളിലാണ്. എമ്പുരാനെ സംബന്ധിച്ചിടത്തോളം നായകന്‍ മോഹന്‍ലാലും സംവിധായകന്‍ പൃത്ഥ്വിരാജും സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് സൈബര്‍ ആക്രമം നേരിട്ടതോടെ ആ സാഹച്യം സംജാതമാവുകയായിരുന്നു. എമ്പുരാന്റെ കട്ട് ചെയ്ത് പരിഷ്‌കരിച്ച പതിപ്പ് നാളെ, തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തും. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വോളണ്ടിയര്‍ മോഡിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
അതേസമയം എമ്പുരാന്‍ വിവാദത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദം മോഹന്‍ലാലിനുമേല്‍ ഉണ്ടായിട്ടുണ്ടെന്ന് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു. എമ്പുരാന്‍ വിവാദത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി പണംമുടക്കിയവരുടെ നേരേ കേന്ദ്രഏജന്‍സികളുടെ ഭാഗത്തുനിന്ന് വലിയ ഭീഷണിയുണ്ടായെന്നാണ് താന്‍ മനസിലാക്കുന്നതെന്നും സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ നല്‍കിയ പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വ്യക്തമാക്കി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സിനിമയായി എമ്പുരാന്‍ മാറുകയാണ്. ഗുജറാത്തിലെ മുസ്ലീം വംശഹത്യ തുറന്നു കാണിച്ചതിനാണ് ഹിന്ദുത്വ വാദികള്‍ എമ്പുരാനെതിരെ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. ചിത്രം ബഹിഷ്‌കരിക്കാനും സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ താരങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യവര്‍ഷവും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നു. എമ്പുരാന്റെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ പങ്കുവെച്ചും, പൃഥ്വിരാജിനെതിരെ ഫേസ്ബുക്ക് കുറിപ്പുകളുമായും പലരും രംഗത്തെത്തി. റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യണമെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു.