ഒരു സായന്തനത്തിൽ
മനസ്സൊന്നു നിശബ്ദമായി
ചിന്തകളുടെ സൗന്ദര്യം
ഇടയ്ക്കൊന്നു ചോർന്നു പോയി.
എന്റെ ചിന്തകൾക്ക് മഞ്ഞിന്റെ
വെണ്മയുണ്ടായിരുന്നു
ആ ചിന്തകളിൽ ഒരു തൂക്കണാംകുരുവിയുടെ നിർത്താതെയുള്ള
ശബ്ദമുണ്ടായിരുന്നു..
മച്ചിൽ കുടികൊള്ളുന്ന ദേവിയുടെ ചിലങ്കയുടെ നാദമുണ്ടായിരുന്നു
ഏതൊക്കെയോ ഗസലുകൾ
ഒഴുകുന്നുണ്ടായിരുന്നു.
വർഷകാലത്തെ
പുതുവെള്ളത്തിന്റെ
ഒച്ചയുണ്ടായിരുന്നു
ആമാടപ്പെട്ടിയിൽ സൂക്ഷിച്ച ഇലഞ്ഞിപ്പൂക്കളുടെ
ഗന്ധമുണ്ടായിരുന്നു
കാളിമ പടരുന്ന സന്ധ്യയിൽ
തുളസിത്തറയിൽ കൊളുത്തിയ
ദീപമുണ്ടായിരുന്നു.
അരികെ ചേർന്നു നിന്ന കിളിഞ്ഞിമരക്കൊമ്പിൽ
നിന്നടർന്നു വീണ
പിച്ചിപൂക്കളുണ്ടായിരുന്നു.
നീണ്ട യാത്രയിലെ
ജാലക കാഴ്ചകൾ
വരികളാകാൻ
കൊതിക്കുന്നുണ്ടായിരുന്നു.
കാഴ്ചകളെ എത്ര
ഒപ്പിയെടുത്താലും
തൃപ്തിയാകാത്ത
മനസ്സുണ്ടായിരുന്നു.
ഇടയ്ക്കൊന്നു
നിശബ്ദമാകുന്ന
മനസ്സ്
ചിന്തകളെ തൊങ്ങലുകൾ
ചാർത്തി അക്ഷരങ്ങളിലേയ്ക്ക്
ആവാഹിച്ചെടുക്കുന്നതെന്നാണ്?