Image

ഹോളിവുഡ് നിലവാരത്തില്‍ മലയാളത്തിലെ എമ്പുരാന്‍, മഞ്ജുവിന്റെ രണ്ടാം വരവ്‌

Published on 31 March, 2025
ഹോളിവുഡ് നിലവാരത്തില്‍ മലയാളത്തിലെ എമ്പുരാന്‍, മഞ്ജുവിന്റെ രണ്ടാം വരവ്‌

പത്തുപതിനാറ് കൊല്ലം മുമ്പ് പൃഥ്വിരാജ് എന്ന നടനോട് ഒരു പ്രമുഖ ചാനലിലെ അവതാരകന്‍ ഒരു ചോദ്യം ചോദിച്ചു. ഇരുപത് വര്‍ഷം കഴിയുമ്പോള്‍ പൃഥ്വിരാജ് എന്ന നടന്‍ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം. അന്ന് ആ ചോദ്യത്തിന് 20 വര്‍ഷം കൊണ്ട് താന്‍ എന്തൊക്കെ ആയി തീരണമെന്നും എന്തെല്ലാം നേടണമെന്നും മറുപടി പറഞ്ഞു. ആ മറുപടികളാണ് എമ്പുരാന്‍ എന്ന ബ്രഹ്‌മമാണ്ഡ ചിത്രത്തില്‍ പ്രതിഫലിക്കുന്നത്. ഹോളിവുഡ് നിലവാരത്തില്‍ ഒരു ചിത്രം എല്ലാ മേഖലയിലും അതര്‍ഹിക്കുന്ന എല്ലാ സൂക്ഷ്മ സാങ്കേതിക മികവുകളോടെ പടുത്തുയര്‍ത്തിയ, മലയാള സിനിമയുടെ ചരിത്രമായി മാറുന്ന ഒരു സിനിമ.

അഞ്ചു വര്‍ഷം മുമ്പാണ് ലൂസിഫര്‍ എന്ന ചിത്രമെത്തിയത്. അതിനു ശേഷം മോഹന്‍ലാല്‍ എന്ന മഹാനടന്റെ അഭിനയസിദ്ധിയും സ്വാഗും മുഴുവന്‍ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടാണ് എമ്പുരാന്‍ സ്‌ക്രീന്‍ കൈയ്യടക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് താന്‍ സ്വപ്നം കണ്ട എമ്പുരാന്‍, അതിന്റെ ഓരോ സീനും ഷോട്ടും എങ്ങനെയായിരിക്കണമെന്ന് കൃത്യമായി ഗൃഹപാഠം ചെയ്യുകയായിരുന്നു പൃഥ്വിരാജ് എന്ന സംവിധായകന്‍. മലയാളത്തിന്റെ താരരാജാവിന് കൃത്യമായി ആ സ്‌പേസിലേക്ക് ലാന്‍ഡ് ചെയ്തു കൊണ്ട് കഥയുടെ കപ്പലിനെ നയിക്കുക എന്ന കര്‍ത്തവ്യമാണ് പൃഥ്വി ഏല്‍പ്പിച്ചത്.

കഥ തുടങ്ങുന്നത് ഉത്തരേന്ത്യയില്‍ നിന്നാണ്. ഗുജറാത്തിലെ ഗോധ്ര കലാപത്തില്‍ നാടെങ്ങും കലാപത്തിന്റെയും വര്‍ഗ്ഗീയതയുടെയും വിഷപ്പുകയും തീയും എരിഞ്ഞു കത്തുന്ന ഷോട്ടുകളില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നവര്‍. രാത്രിയില്‍ അവര്‍ക്ക് കഴിയാന്‍ ഒരിടം കണ്ടെത്തുന്നു. എന്നാല്‍ ഒരു മനുഷ്യ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വിധം ക്രൂരതയാണ് അവിടെ അരങ്ങേറുന്നത്.

യുദ്ധക്കെടുതികളുടെ കഥ പറയുന്ന ഇറാനിയന്‍ സിനിമകളിലേതു പോലെയുള്ള ഫ്രെയിമുകളില്‍ നിന്നും കഥ പിന്നീടൊഴുകുന്നത് കേരളത്തിലെ നെടുമ്പള്ളിയിലേക്കാണ്. അവിടെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്‍ ജതിന്‍ രാംദാസിനെ രാഷ്ട്രീയവും അധികാരവും കൈമാറി പോയിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സ്റ്റീഫന്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. പക്ഷേ സ്റ്റീഫനെ കഴിഞ്ഞ അഞ്ചു വര്‍ഷമായി തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരാളുണ്ട്. ഗോവര്‍ദ്ധന്‍. അയാളുടെ അന്വേഷണം നിഗൂഡമാണ്. സ്റ്റീഫനെ എന്തിനാണ് ഗോവര്‍ദ്ധന്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നത് എന്നതിനുള്ള മറുപടിയാണ് കഥയുടെ മുന്നോട്ടുള്ള സഞ്ചാരത്തില്‍ പറയുന്നത്.

ഇന്ത്യയുടെ അധികാര രാഷ്ട്രീയത്തിലേക്ക് ബിജെപിയുടെ കടന്നു വരവിന് വഴിയൊരുക്കിയ ചോരപ്പുഴകളും ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇത്രമേല്‍ വ്യക്തമായി വരച്ചിടുകയും ചെയ്യുന്ന തിരക്കഥാകൃത്ത് മുരളി ഗോപിക്ക് ഒരു വലിയ സല്യൂട്ട് നല്‍കണം. ആസൂത്രിത കലാപവും വര്‍ഗ്ഗീയ ലഹളയും അതിന്റെ പേരില്‍ ന്യൂനപക്ഷത്തിനു നേരിടേണ്ടി വന്ന കൊല്ലുംകൊലയും അതിന്റെ ചോരച്ചാലുകള്‍ നീന്തിക്കടന്ന് അധികാര കസേരയിലേറിയ ദൃശ്യങ്ങളാണ് മുരളീ ഗോപി അക്ഷരങ്ങളിലൂടെ പകര്‍ത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെയും സമകാലിക കേരള രാഷ്ട്രീയ ചരിത്രത്തെയും സിനിമയ്ക്ക് വേണ്ടി ഇത്രയും കൃത്യമായി സമന്വയിപ്പി#്കകാന്‍ കരുത്തു കാട്ടിയ തിരക്കഥാകൃത്താണ് അദ്ദേഹം. സത്യം വിലിച്ചു പറയാനുള്ള കെല്‍പ്പ് ഉണ്ടാവുക എന്നത് നിസ്സാരമല്ല. പ്രത്യേകിച്ചും സിനിമ പോലൊരു വലിയ മാധ്യമത്തിലൂടെ അതും അധികാരം കൈയ്യാളുന്നവര്‍ കടന്നു വന്ന വഴികളെ കുറിച്ച് പറയുമ്പോള്‍. കേരള രാഷ്ട്രീയത്തെ കുറിച്ചും മുരളീ ഗോപി വ്യക്തമായി പറയുന്നുണ്ട്. ഇടതുവലതു ഭേദമില്ലാതെ. അതിലെ മൂല്യശോഷണം, അധാര്‍മ്മികത, അധികാരം ലഭിക്കാനുള്ള ആയുധമായി മാത്രം രാഷ്ട്രീയത്തെ കാണുന്നവരുടെ താവളമായി പാര്‍ട്ടി മാറുന്നത് അങ്ങനെ പലതും.

കാഴ്ചയുടെ വിസ്മയമാണ് എമ്പുരാന്‍. ഓരോ ഫ്രെയിമിലും കാണാം. ലോകിനിമകളില്‍ കാണുന്ന യുദ്ധഭൂമിയിലെ രംഗങ്ങള്‍ അതേ നിലവാരത്തോടെ തന്നെയാണ് എമ്പുരാനിലും കാണാനാവുക ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങളില്‍ നിന്നും അത് വ്യക്തമാണ്. വെടിയൊച്ചകളും സ്‌ഫോടനങ്ങളും മൂളിപ്പറക്കുന്ന ഹെലികോപ്റ്ററുകളും ചിത്രത്തില്‍ പൊടി പറത്തിപ്പായുകയാണ്. ഇത്രയേറെ ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്തതിന്റെ വൈവിധ്യം ഓരോ ഫ്രെയിമിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.യുദ്ധരംഗങ്ങളും വൈകാരിക രംഗങ്ങളിലെയും സൂക്ഷ്മത ക്‌ളോസ് അപ് ഷോട്ടുകളില്‍ കാണുമ്പോള്‍ ലോകസിനിമകളില്‍ ഏതെങ്കിലുമാണോ എന്നു പോലും പ്രേക്ഷകന്‍ അമ്പരന്നു പോകും. അത്രയ്ക്കാണ് പെര്‍ഫെക്ഷന്‍. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഇത്രമാത്രം സാങ്കേതിക നിലവാരം പുലര്‍ത്തുന്ന ചിത്രത്തിന് ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് ശരിക്കും കഠിനാദ്ധ്വാനം ചെയ്തു തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.

സാങ്കേതിക തികവ് കൈവരിക്കാന്‍ ശ്രമിച്ചതിനൊപ്പം കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും സംവിധായകന്‍ സൂക്ഷ്മത പുലര്‍ത്തിയിരിക്കുന്നതായി കാണാം. ടൊവീനോ തോസ്, മഞ്ജു വാര്യര്‍, സായി കുമാര്‍, മണിക്കുട്ടന്‍, അഭിമന്യു സിങ്, ഇന്ദ്രജിത്ത്, കിഷോര്‍, സുരാജ് വെഞ്ഞാറമൂട് എല്ലാവരും അഭിനയ മികവിന്റെ മികച്ച ഉദാഹരണമായി. പ്രത്യേകിച്ച് മഞ്ജു വാര്യര്‍. പ്രിയദര്‍ശിനി രാംദാസ് എന്ന ശക്തമായ കഥാപാത്രം രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണെന്ന് നിസ്സംശയം പറയാം. അത് അവര്‍ ഗംഭീരമാക്കിയിട്ടുണ്ട്. ഉള്‍ക്കരുത്തുള്ള കഥാപാത്രം. മോഹന്‍ലാലിനെ പോലെ തന്നെ കൈയ്യടി നേടുന്ന കഥാപാത്രമാണ് മഞ്ജുവിന്റേതും. ഒപ്പം സയിദ് മസൂദായി എത്തുന്ന പൃഥ്വിരാജും.

സംഘട്ടനങ്ങളും ദീപക് ദേവിന്റെ സംഗീതവും അഭിഷേകിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ഇന്ത്യന്‍ രാഷ്ട്രീയവും കേരള രാഷ്ട്രീയവും ഇടകലര്‍ത്തി കഥ പറയുമ്പോള്‍ അതില്‍ രാഷ്ട്രീയ കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരികമായ അകല്‍ച്ചയും എല്ലാം ഇടകലര്‍ന്നു പോകുന്നുണ്ട്. ഹോളിവുഡ് ലെവലില്‍ ഒരു മലയാള ആക്ഷന്‍ ത്രില്ലര്‍ സിനിമ എന്ന് എമ്പുരാനെ വിശേഷിപ്പിക്കാം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക