Image

പൃഥ്വിരാജിനെ ബോധപൂർവം ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു ; കേരളം ഒന്നടങ്കം പൃഥ്വിക്കൊപ്പം നില്‍ക്കും: പിന്തുണയുമായി ആഷിഖ് അബു

Published on 31 March, 2025
പൃഥ്വിരാജിനെ ബോധപൂർവം ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു ; കേരളം ഒന്നടങ്കം പൃഥ്വിക്കൊപ്പം നില്‍ക്കും: പിന്തുണയുമായി ആഷിഖ് അബു

‘എമ്പുരാന്‍’ വിവാദത്തില്‍  പൃഥ്വിരാജിന്  പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. എമ്പുരാന്റേത് വളരെ നിര്‍ഭാഗ്യകരമായൊരു അവസ്ഥയാണ്. ബോധപൂര്‍വമായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.  കേരളം ഒന്നടങ്കം പൃഥ്വിരാജിനൊപ്പം നില്‍ക്കും എന്നാണ് ആഷിഖ് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി എമ്പുരാനെതിരെ വരുന്ന വിവാദങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. വളരെ നിര്‍ഭാഗ്യകരമായൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവ് ഭയപ്പാടോട് കൂടി കാണേണ്ട അവസ്ഥ. അതും മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ തന്നെ വരികയും ഭീഷണിക്ക് വഴങ്ങുകയും ചെയ്ത ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് നമ്മളൊക്കെ ഉള്ളത്.

മലയാളത്തിലെ ഏറ്റവും പ്രമുഖരായിട്ടുള്ള ഫിലിം മേക്കേഴ്‌സ്, വലിയൊരു ബാനര്‍, ആന്റണി പെരുമ്പാവൂരിനെ പോലെ ആഘോഷിക്കപ്പെടുന്ന നിര്‍മ്മാതാവ് തുടങ്ങി വലിയൊരു സംഘം ചെയ്ത സിനിമയ്ക്കാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. ഭീഷണിക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഉറപ്പായുമത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

പൃഥ്വിരാജ് എന്ന് പറയുന്നയാള്‍ മുമ്പെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയാണ്. ആ വൈരാഗ്യം ഈ അവസരത്തില്‍ പൂര്‍ണ്ണ ശക്തിയോടെ ഉപയോഗിക്കുകയാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ബോധപൂര്‍വമായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണത്.

പക്ഷേ കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ല. വ്യക്തിപരമായി പൃഥ്വിരാജിന് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്നാണ് ആഷിഖ് അബു പറയുന്നത്. അതേസമയം, ആസിഫ് അലിയും പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക