യുഎസുമായുള്ള നിർണായക മിനറൽ കരാറിൽ നിന്നു പിന്മാറാൻ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി ശ്രമിക്കയാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. യുക്രൈനുമായി യുദ്ധം ചെയ്യുന്ന റഷ്യയുടെ നേതാവ് വ്ലാഡിമിർ പുട്ടിനോട് കടുത്ത രോഷം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സിലിൻസ്കി ഭവിഷ്യത്തുകൾ നേരിടാൻ തയാറായിരിക്കണമെന്നു ട്രംപ് താക്കീതു നൽകിയത്.
"കരാറിൽ നിന്നു പിന്മാറാനാണ് അദ്ദേഹത്തിന്റെ ശ്രമം. അത് ചെയ്താൽ അദ്ദേഹത്തിനു വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാവും.
"അദ്ദേഹത്തിനു നേറ്റോ അംഗത്വം വേണം. അതൊരിക്കലും നടക്കില്ലെന്നു അദ്ദേഹത്തിന് അറിയാം."
യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈന്റെ ആഗ്രഹം നടന്നില്ലെങ്കിൽ രാജ്യത്തിൻറെ ധാതു നിക്ഷേപങ്ങൾ യുഎസിനു വിട്ടുനൽകുന്ന കരാറിൽ ഒപ്പുവയ്ക്കില്ലെന്ന് സിലിൻസ്കി കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു. "ഇ യുവിൽ ചേരാൻ തടസമാവുന്ന ഒരു ഏർപ്പാടും ഞങ്ങൾക്ക് വേണ്ട."
കരാറിനെ കുറിച്ച് യുക്രൈൻ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ട്രംപ് അതിനു തയാറായിട്ടില്ല. പ്രധാനമായും ഭാവി സുരക്ഷയാണ് യുക്രൈന് ഉറപ്പു വേണ്ടത്.
Zelensky wants to back out of minerals deal: Trump