Image

തിരിഞ്ഞു നടത്തം ( കഥ: രമണി അമ്മാൾ )

Published on 01 April, 2025
തിരിഞ്ഞു നടത്തം ( കഥ: രമണി അമ്മാൾ )

രാത്രി മുഴുവനും കിടന്നാലോചിച്ചു.
വിപിൻചന്ദ്രൻ വിളിച്ചിടത്തേക്കു പോകണോ..?
"വീട്ടിൽ നിന്നിറങ്ങുമ്പോൾ വിളിക്ക്..
സ്റ്റാൻഡു കഴിഞ്ഞ്  മുന്നോട്ടു നടക്കുമ്പോൾ റോഡോരത്ത് കാറിൽ ഞാനുണ്ടാവും. 
പിൻ ഡോറു തുറന്നു കയറുക."
കണ്ണുകളിൽ ഉറക്കച്ചടവ്.
തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു..
"പോകണോ.. വേണ്ടയോ...
പലവുരു ചോദ്യവും ഉത്തരവും മനസ്സിൽ ആവർത്തിച്ചു.
"തേവിടിശ്ശി"യെന്ന വിളിപ്പേര്,
അത് യാഥാർത്ഥ്യമാക്കണം...!
 

വിപിൻ ചന്ദ്രൻ  ഇന്നാട്ടുകാരനാണ്.. നിർബന്ധ മലബാർ സർവ്വീസ് കംമ്പ്ളീറ്റു ചെയ്തു വന്നിട്ടേയുളളൂ.. ഇനിയൊരു മൂന്നാലു വർഷം ട്രാൻസ്ഫർ ഭയക്കേണ്ട.. കലയും, സാഹിത്യവും, സംഗീതവും, എല്ലാം കയ്യിലുണ്ട്. 
ഉച്ചയ്ക്ക് എല്ലാവരുംകൂടി ഒന്നിച്ചിരുന്നു ലഞ്ചുകഴിക്കുമ്പോൾ 
കോട്ടയത്തുകാരുടെ  കറികൾക്ക്
പ്രത്യേക ടേസ്റ്റാണെന്നു പറഞ്ഞ് പാത്രത്തോടെയെടുത്തു കഴിച്ചുകളയും..!
അവസരോചിതമായ ആ വാചാലത ഇഷ്ടമായിരുന്നു.
"മാഡം നല്ല അസലായിട്ടു സാരിയുടുക്കും...
സ്ട്രക്ചറു കൊളളാം അതുകൊണ്ടാണു കേട്ടോ.." 
നിസ്സാരകാര്യങ്ങൾക്കുപോലും തന്നെ അപ്രിഷ്യേറ്റുചെയ്യുന്ന ഖദർ വസ്ത്രധാരി..
ധാരാളം വായിക്കും..
വായിച്ച പുസ്തകത്തിന്റെ സംഗ്രഹം എത്ര നന്നായി പറയും...
"മാഡം അത്ര ഹാപ്പിയല്ല, എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ..
വിരോധമില്ലെങ്കിൽ നമ്മുടെ പ്രശ്നങ്ങൾ നമുക്ക് പരസ്പരം പങ്കുവയ്ക്കാം."
"ഏയ്...ഒന്നുമില്ല..."
തന്റെ കണ്ണു നിറഞ്ഞത് വിപിൻ കണ്ടിരിക്കുന്നു...

ബാങ്കുദ്യോഗസ്ഥയായ ഭാര്യയെ
ഏഴിന്റെ ട്രയിൻകയറ്റി വിടും..
ഇരട്ടകളായ രണ്ടാൺ
മക്കൾ എൺട്രൻസ് കോച്ചിംഗിനു പി.സി. തോമസിന്റെ സ്ഥാപനത്തിലേക്കും, 
വീടും പൂട്ടി വിപിൻ ഓഫീസിലേക്കും...

വീട്ടിലേക്കാണ് തന്നെ ക്ഷണിച്ചിരിക്കുന്നത്.. 
തന്റെ വീട്ടിലെ അന്തർഛിദ്രമൊന്നും ആർക്കുമറിയില്ല. സഹപ്രവർത്തകരുടെ നോട്ടത്തിൽ എല്ലാം തികഞ്ഞ ഭാഗ്യവതി..

ജാരസംസർഗ്ഗമുളള ഭാര്യ, അവളെ നോക്കുകയും കാണുകയും സംസാരിക്കുകയും ചെയ്യുന്നവരെല്ലാം അവളുടെ കാമുകന്മാരെന്നു വിശ്വസിക്കുന്ന ഭർത്താവ്...!
മോളു കേൾക്കാതെ ചെവിയ്ക്കടുത്തവന്നു പല്ലിറുമ്മി മുറുമുറുക്കും..
ആദ്യമൊക്കെ ഭയപ്പാടായിരുന്നു..
പ്രതികരിക്കാതെ കണ്ണീർപൊഴിയാതെ വിങ്ങിപ്പൊട്ടുമായിരുന്നു...
ഇതെന്താണിങ്ങനെ.?
സൂക്ഷ്മ ദർശിനിപോലെ 
ആ കണ്ണുകൾ തനിക്കുപിറകേയാണ്.
രഹസ്യങ്ങൾ ചൂഴ്ന്നെടുക്കുന്ന
നോട്ടം....!
സുന്ദരൻ, വിദ്യാസമ്പന്നൻ, പണവും പ്രൗഢിയും, 
ഉയർന്ന ഉദ്യോഗവും എല്ലാമുണ്ട്....
ഈയിടെയായിട്ട്

മകൾക്കു മാത്സ് ടൂഷ്യനെടുക്കാൻ വീട്ടിൽ വരുന്ന 
സാറിനേയും സംശയിക്കാൻ തുടങ്ങിയിട്ടുണ്ട്.
"മോൾക്ക് അച്ഛൻ ടൂഷ്യനെടുക്കാം.."
"അതിനച്ഛനെവിടാ നേരം.."
"മനസ്സുവച്ചാൽ, സമയവും സൗകര്യവുമൊക്കെയുണ്ടാവും,
നിന്റെ അമ്മയെപ്പോലെ.."
അവിടെയുമൊരു ഒളിയമ്പ്.   
"തേവിടിശ്ശി" പിറുപിറുപ്പ്
ചാട്ടുളിപോലെ
നെഞ്ചിൽ തറഞ്ഞുകേറും…വേദനയറിയാത്ത മരവിപ്പ്..
"ഈ അച്ഛനെന്താണമ്മാ ഒരുമാതിരി ചോദ്യങ്ങളൊക്കെ..?
വീട്ടിലാരൊക്കെ വന്നു, പോയി..?
അമ്മ ഫോണിലൂടെ ആരോടെങ്കിലും സംസാരിച്ചോ..
എന്നൊക്കെ എന്നോടു ചോദിക്കും..."
ആറാംക്ളാസിൽ പഠിക്കുന്ന കുട്ടിയോടാണ് ചോദ്യങ്ങൾ...!

സംശയം ഒരു മനോരോഗമാണ്. ചികിത്സകൊണ്ടോ കൗൺസിലിംഗ്കൊണ്ടോ മാറ്റാൻ കഴിയാത്ത രോഗം.
"സ്പൗസിന്റെ അധോഗതി" 
എവിടെയോ വായിച്ചതോർക്കുന്നു...
"ഞാനെല്ലാം മനസ്സിലാക്കുന്നുണ്ട്, അറിയുന്നുണ്ട്..
നീയതങ്ങു സമ്മതിച്ചാൽ പ്രശ്നം തീർന്നു."

ഓഫീസിലെ ലാന്റ്ഫോണിലേക്കും വിളിക്കും,
ഭാര്യ ജോലിക്കെത്തിയോ എന്നറിയാൻ..!

താനായിട്ടു കണ്ടെത്തിയ ജാരൻ, ഒളിസേവക്കാരൻ കാറുമായി വഴിയരുകിൽ കാത്തുനില്പുണ്ട്..!
"തേവിടിശ്ശി" എന്ന പേര് അന്വർത്ഥമാക്കണം..
തെറ്റുചെയ്തിട്ട് ശിക്ഷയനുഭവിക്കാം..

മകൾ സ്കൂളിൽനിന്ന്  നാലുമണിക്കെത്തും.. ഭർത്താവ് ഔദ്യോഗികാവശ്യത്തിന് ഹെഡ്ക്വാർട്ടേഴ്സിലേക്കാണു പോയിട്ടുളളത്.
വൈകുന്നേരമാകും..
 

ഇതിനിടെ മൊബൈലിൽ രണ്ടുവട്ടം വിളിച്ചിരുന്നു..

ഏതുനേരവും അഴിഞ്ഞു വീണേക്കാവുന്ന ധൈര്യത്തിന്റെ മേലങ്കി.. 
മുന്നോട്ടു നടക്കുന്തോറും ഹൃദയമിടിപ്പ് കൂടുകയാണ്..
ദൈവമേ.. താനെന്തിനുളള പുറപ്പാടാണ്..
ആരിലും അസൂയ ജനിപ്പിക്കുന്ന ദാമ്പത്യമായിരുന്നില്ലേ തങ്ങളുടേത്?
സംശയം ഒരു രോഗമാണെന്ന് തനിക്കറിയാം.. ഒന്നും കരുതിക്കൂട്ടി പറയുന്നതല്ലെന്നും.. 
എന്നിട്ടും താനാ മനുഷ്യനോട് പകരം വീട്ടാനൊരുമ്പെടുകയാണോ..?

തീരുമാനങ്ങൾക്ക് എത്രപെട്ടെന്നാണു മാറ്റങ്ങൾ സംഭവിക്കുക.!
ബസ്സ് സ്റ്റാന്റിനു പിന്നിലെ റോഡിലൂടെ വളഞ്ഞുചുറ്റി ഓഫീസിലേക്കു നടക്കുമ്പോഴോർത്തു..

കാറുമായി വഴിയിൽ കാത്തുനില്ക്കുമെന്നു പറഞ്ഞ്
വിപിൻ തന്നെ പരീക്ഷിക്കുകയായിരുന്നോ..?

തന്നെ വീട്ടിലേക്കു ക്ഷണിച്ചത്

മനസ്സു തുറന്ന് കുറച്ചുനേരം സംസാരിച്ചിരിക്കാനാണെന്ന് വിപിൻ പറഞ്ഞിരുന്നു.
കുളിക്കാതെ ഈറൻ ചുമക്കുന്നതിനേക്കാൾ കുളിച്ചിട്ടു ചുമക്കുന്നതല്ലേയെന്നത്
ഒരു നിമിഷത്തെ തോന്നലാണ്.
വിപിനായിരുന്നു ശരി..

തന്റെ ഭർത്താവിന് കഴിഞ്ഞ പതിന്നാലു വർഷക്കാലംവരെ തന്നിലുണ്ടായിരുന്ന വിശ്വാസം  തകർന്നിട്ടില്ല.. 
ശിഷ്ടകാലം താനായിട്ടതു തകർക്കുന്നുമില്ല.. 
അദ്ദേഹത്തിന്റെ ഉപബോധമനസ്സിൽ ഉരുത്തിരിയുന്നത് വെറും സംശയങ്ങളാണ്.
അതൊരു രോഗമാണെന്ന് താൻ മനസ്സിലാക്കുന്നു.
തെറ്റുചെയ്യാതെയും ശിക്ഷയനുഭവിക്കുന്നത് ഈ ലോകത്ത് താനൊരാൾ മാത്രമല്ലല്ലോ..

ഏറെ ആശ്വാസം തോന്നി. വല്ലാത്തൊരു ആത്മവിശ്വാസവും..
മോൾ ഇപ്പോൾ എന്തെടുക്കുകയാവും എന്ന് ചിന്തിച്ച് അവളുടെ ചിരിയുടെ അലിവുകളോർത്ത് തിരിഞ്ഞുനടത്തം വേഗത്തിലാക്കി.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക