Image

കോതയാറിന് - കാറ്റുവഴി - ( കവിത : ജയന്തി അരുൺ )

Published on 01 April, 2025
കോതയാറിന്  - കാറ്റുവഴി - ( കവിത : ജയന്തി അരുൺ )

ആരയച്ചെന്നൊരു

അടയാളവുമില്ലാതെ

കത്തൊരെണ്ണം

വന്നിട്ടുണ്ട്;

കനപ്പെട്ടത്.

കൈയക്ഷരം

പരിചയത്തിന്റെ

ഉപ്പുമണത്തു.

സംബോധനയുടെ

ഭാരമില്ലായ്മ

ഓർമകളെ

മുഴുവനായി

പാറ്റിക്കൊഴിച്ചു;

ഉമിത്തീനീറ്റൽ.

ചുട്ടുതല്ലിയ

പറങ്കിമണം,

ചക്കയരക്കൊട്ടുന്ന

നാലുമണിത്തിണ്ണ,

ഉത്സവച്ചൂട്,

പാലപ്പൂ മണക്കുന്ന

പാൽനിലാവ്,

പുല്ലാന്തിക്കാട്,

വേനലിൽ മെലിഞ്ഞ

മഴയിൽച്ചീർത്ത

കോതയാർ,

വാസാറിന്റെ

ചൂരൽക്കഷായം.

ഒന്നും മണത്തില്ല,

ഒന്നും തൊട്ടില്ല,

ഒന്നും കേട്ടില്ല,

ഒന്നുമേ കണ്ടില്ല.

മറുപടിയയച്ചിട്ടുണ്ട്;

കോതയാർ

മുറിച്ചുകടക്കുന്ന

കാറ്റടയാളത്തിൽ.

നാളെയൊരെണ്ണം

വീണ്ടുമെത്തും;

അയച്ചിട്ടുണ്ടല്ലോ.

കടുമാങ്ങാമണമുള്ള

ഉച്ചക്കിറുക്കുകളും

കൊത്താങ്കല്ലുകളും

ഈർക്കോലി

നോവുകളും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക