കൊച്ചി: തിയറ്ററില്‍ എത്തുന്ന എംപുരാന്റെ പുതിയ പതിപ്പില്‍ 24 വെട്ട്. സിനിമയില്‍ മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ കലാപം നടക്കുന്ന സ്ഥലത്തേയ്ക്ക് വാഹനങ്ങള്‍ കടന്നുപോകുന്ന സീന്‍ ഉണ്ട്. ഇതില്‍ ഒരു മതത്തിന്റെ ചിഹ്നം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഈ രംഗം ഒന്നുരണ്ടു തവണ ആവര്‍ത്തിക്കുന്നുമുണ്ട്. ഈ സീന്‍ പൂര്‍ണമായി ഒഴിവാക്കിയത് അടക്കം സിനിമയില്‍ 24 സീനുകളില്‍ മാറ്റം വരുത്തിയതായി റീ എഡിറ്റഡ് വേര്‍ഷനുമായി ബന്ധപ്പെട്ട സെന്‍സര്‍ രേഖയില്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ സിനിമയുടെ തുടക്കത്തിലുണ്ട്. ഇതിനെതിരെ സംഘപരിവാറില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് മുഴുവനായും വെട്ടി മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കാണിക്കുന്ന സീനുണ്ട്. ഇതും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. വെട്ടി മാറ്റിയ 24 സീനുകളില്‍ ഇതും ഉള്‍പ്പെടുന്നു. സിനിമയില്‍ ഒരുഭാഗത്ത് എന്‍ഐഎയെ കുറിച്ച് പരാമര്‍ശമുള്ളതും മ്യൂട്ട് ചെയ്തു.
ചിത്രത്തിലെ പ്രധാനപ്പെട്ട വില്ലന്‍ ബജ് രംഗി ആണ്. സിനിമ മുന്നോട്ടുപോകുമ്പോള്‍ ബജ് രംഗി പിന്നിട് ബല്‍രാജ് ആയാണ് വരുന്നത്. രാഷ്ട്രീയ നേതാവ് ആയി വരുമ്പോഴാണ് ബല്‍രാജ് ആയി വരുന്നത്. ബല്‍രാജിന് പകരം ബല്‍ദേവ് എന്ന് പേരുമാറ്റിയിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രതിയായ ഒരാളുമായി ഈ കഥാപാത്രത്തിന് സാമ്യമുണ്ട് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പേരുമാറ്റം. പ്രധാന വില്ലന്‍ കഥാപാത്രവും സഹായിയായ മറ്റൊരു വില്ലന്‍ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിലും വെട്ടുണ്ട്.
പൃഥ്വിരാജിന്റെ സെയ്ദ് മസൂദും പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിലും എഡിറ്റിങ്ങ് ഉണ്ട്. അങ്ങനെ 24 എടുത്തിട്ടാണ് വെട്ട്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പേര് ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് നീക്കി. സിനിമയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.