കൊച്ചി: എമ്പുരാൻ സംബന്ധിച്ച വിവാദങ്ങളിൽ തൻ്റെ നിലപാട് വ്യക്തമാക്കി നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ. മോഹൻലാലിന് സിനിമയെ പറ്റി അറിയാമെന്നും ഇല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ആൻ്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. മുരളി ഗോപിക്ക് വിയോജിപ്പ് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ മൂലം ഏത് ഒരു സാധാരണക്കാരന് ഒരു വിഷമം ഉണ്ടായി എന്ന് പറഞ്ഞാൽ പോലും അതിനെ കറക്ട് ചെയ്യണമെന്ന് ചിന്തിക്കുകയും ചെയ്യുന്ന ആൾക്കാരാണ് ഞങ്ങൾ. ഞങ്ങളെന്ന് ഉദ്ദേശിക്കുന്നത് ഞാൻ നിർമ്മിക്കുന്ന സിനിമകളിൽ അസോസിയേറ്റ് ചെയ്യുന്ന എല്ലാ ആൾക്കാരെയും ഉൾപ്പെടെയാണിത്. മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥ അറിയാം. എനിക്ക് അറിയാം. ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. വിഷയത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ് ഈ സിനിമ നിർമ്മിക്കണമെന്നതെന്നും അദ്ദേഹം പറയുന്നു.
ഇതിന് പിന്നിൽ സമ്മർദ്ദമുണ്ടായിട്ടില്ലെന്നും വിവാദത്തിലേക്ക് പോവേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ഈ സമൂഹത്തിൽ ഞങ്ങൾ സന്തോഷമായിട്ട് മറ്റുള്ള ആൾക്കാരുടെ കൂടെ ജീവിച്ചു പോകുന്ന ആൾക്കാരാണ്. സിനിമയിൽ ഞങ്ങൾക്ക് ശരി എന്ന് തോന്നുന്ന ഒരു കാര്യം ഞങ്ങൾ അതിനെ കറക്ട് ചെയ്യുന്നു. നിങ്ങൾ അറിഞ്ഞു തന്നെ ഇറങ്ങിയ ഒരു സിനിമയാണല്ലോ എന്നും മാധ്യമങ്ങളോട് ആൻ്റണി പെരുമ്പാവൂർ ചോദിക്കുന്നുണ്ട്.
ഇതൊരു വിവാദം എന്ന് പറയുന്നതിനകത്തേക്ക് പോകേണ്ട കാര്യമില്ല. ഇത് കേരളത്തിലെ ഇന്ത്യയിലെ വേൾഡ് വൈഡ് മൊത്തം ജനങ്ങളും ഈ സിനിമ വളരെയധികം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. ഈ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നമ്മൾ പറയുന്നു ഒരു പാർട്ടിയുടെ അല്ല ഏതൊരു വ്യക്തിയുടെ ഒരു സങ്കടം ഉണ്ടായപ്പോൾ പോലും അതിനെ പരിഗണിക്കേണ്ട ആൾക്കാർ ആ സിനിമയുടെ പുറകിൽ പ്രവർത്തിച്ചവരാണ്. ആ ഒരു കാര്യം മനസ്സിലാക്കിയിട്ട് ഞങ്ങൾക്ക് ശരി എന്ന് തോന്നുന്ന ഒരു കാര്യം മാത്രമാണ് ഞങ്ങൾ ചെയ്തിരിക്കുന്നത്.