തുടരെത്തുടരെയുള്ള നാലു മീറ്റിങ്ങുകളാൽ കൊള്ളയടിക്കപ്പെട്ട വിരസമായ ഒരു ദിനമായിരുന്നു അത്. തൊപ്പിയും സൺഗ്ലാസുമെടുത്ത് ഒരു ചെറിയ മൂളിപ്പാട്ടോടെ അയാൾ തൻ്റെ കടുംനീല കാർ ലക്ഷ്യമാക്കി നടന്നു. വസന്തത്തിൻ്റെ പരാഗരേണുക്കൾ അന്തരീക്ഷത്തിൽ ഇപ്പോഴും ഊയലാടുന്നുണ്ട്. മഗ്നോളിയപ്പൂക്കളും ജാപ്പനീസ് ചെറി പുഷ്പങ്ങളും ഇടചേർന്നു നിൽക്കുന്ന കാംപസ് മറികടന്ന് വാഹനം നിരത്തിലേക്കു പ്രവേശിച്ചു. മധ്യാഹ്ന യോഗങ്ങളുടെ തിരക്കിലേക്ക് ഊളിയിടും മുമ്പ് ജഠരാഗ്നിയെ ഒന്നു ശമിപ്പിക്കാൻ ഏതെങ്കിലും ഭക്ഷണശാല തേടിയാണ് ഈ യാത്ര.ദാ..ഒരു കൊച്ചു ബർഗർ ഷോപ്പ്. തൽക്കാലം ഇത് മതിയാകും.
താരതമ്യേന തിരക്കൊഴിഞ്ഞ ഡ്രൈവ് ത്രൂ ആയത് ആശ്വാസം! ഓർഡർ കൊടുത്തു രസീതടയ്ക്കുന്ന ആദ്യ ജനാലയിലൂടെ നിരവധി മിഴികൾ ആ കാറിൻ്റെ മേൽ വീഴുന്നത് അയാൾ അറിഞ്ഞു. അത്തരമൊരു ആർഭാട വാഹനം ആ ഭോജനശാലയുടെ ഇടുങ്ങിയ പാതയിൽ ഒരുപക്ഷേ ഇദംപ്രഥമമാവാം. പിക്കപ്പ് ജനാലയിൽ നിന്നും ഹാംബർഗർ സ്വീകരിച്ചു ചില്ലുജാലകം ഉയർത്തി മുന്നോട്ടു നീങ്ങവേ ഒരു നിമിഷാർദ്ധം സ്തബ്ധനായി അയാൾ. തുറന്നടഞ്ഞ ആ പാളികൾക്കപ്പുറം തന്നെ ബന്ധിപ്പിക്കുന്ന എന്തോ ഉണ്ടെന്ന ബോദ്ധ്യം അയാളുടെ ശിരോമണ്ഡലത്തിൽ ഒരു ചൂണ്ടക്കൊളുത്തു കണക്കെ ഉടക്കി. അപ്പോഴത്തെ ആവേശത്തിൽ മറ്റൊന്നും ആലോചിക്കാതെ ആ ആഢ്യരഥത്തിൻ്റെ ചക്രങ്ങൾ വീണ്ടും ഡ്രൈവ് ത്രൂവിലെക്കു തിരിച്ചു കയറി.
ഫ്രഞ്ച് ഫ്രൈസ് ഓർഡർ ചെയ്തത് ഉദ്ദേശ്യ സാധൂകരണത്തിന് വേണ്ടി മാത്രമായിരുന്നു. അയാളിൽ ഒരേയൊരു ലക്ഷ്യമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ..പിക്കപ്പ് ജാലകത്തിലെ ആ രണ്ടു കണ്ണുകൾ. എന്തുമാവട്ടെ, രണ്ടാം ജാലകം തുറന്നടയും മുമ്പെ എന്തെങ്കിലും ഉരിയാടാനുള്ള ഉദ്യമം വൃഥാവിലായി. ചാര നിറമുള്ള യൂണിഫോം പ്രതലത്തിൽ പീതവർണ്ണത്തിൽ പതിപ്പിച്ച നാമം വായിച്ചെടുക്കാനായി എന്നു മാത്രം. ഹതാശനായി തിരിച്ചു വഴിയിലേക്കു കയറുമ്പോഴും അസ്വസ്ഥത അയാളിൽ നിറഞ്ഞു നിന്നു. തകൃതിയിൽ ബർഗർ തീറ്റ അവസാനിപ്പിച്ചു പൂർണ്ണ വളവെടുത്തു അതേ കടയുടെ പാർക്കിങ്ങിൽ നങ്കൂരമിടുമ്പോൾ തൊട്ടടുത്ത യോഗം നിരസിച്ചു പങ്കാളികൾക്കുള്ള ഇമെയിൽ സന്ദേശം പറന്നിരുന്നു. അനന്തരം കടയുടെ മുൻവാതിൽ പയ്യെ തള്ളിത്തുറന്നു അയാൾ അകത്തേക്ക് പ്രവേശിച്ചു .
"ഡ്രൈവ് ത്രൂ ഓർഡർ എടുക്കുന്ന വ്യക്തിയെ മുഖദാവിൽ ദർശിക്കാമോ?" വിനയപുരസ്സരം ആ അപരിചിതൻ നടത്തിയ അഭ്യർത്ഥനയോട് മധ്യവയസ്കനായ സൂപ്പർവൈസറുടെ പ്രതികരണം വളരെ തണുത്തതായിരുന്നു.
"പിക്കപ്പ് ചെയ്ത ഭക്ഷണത്തിൻ്റെ ഗുണമേന്മയിൽ എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കിൽ പറയൂ ". പ്രസ്തുത തൊഴിലാളിയുടെ ഇന്നത്തെ വിശ്രമസമയം അവസാനിച്ചിവെന്നും ഇനി ആറു മണി വരെ തിരക്കിലാണെന്നും കൂടി മധ്യവയസ്കൻ പറഞ്ഞു വയ്ക്കുമ്പോൾ വിഷണ്ണമായ മുഖവുമായി നടന്നു നീങ്ങുകയേ അയാൾക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ. മനസ്സിൽ ആ നാമധേയം പലവുരു ഉരുവിട്ട് ഉറപ്പിച്ചു അയാൾ കാറിലേക്ക്.. "ജെന്നിഫർ ഡയസ്.. "
താരതമ്യേന സൂര്യപ്രകാശമേറിയ, ഉയർന്ന ഊഷ്മാവുള്ള ദിനമായിരുന്നു പിറ്റേന്ന്.തിരക്കേറിയ ജോലി
അവസാനിപ്പിച്ചു ബസ്സു പിടിക്കാനുള്ള തിടുക്കത്തിലാണവൾ.അവിടവിടെ പിന്നിയ ജാക്കറ്റും പഴകിയ ഷൂസും അണിഞ്ഞു ധൃതിയിൽ ബസ്റ്റോപ്പിലേക്ക് എത്തുമ്പോൾ ആ ആഡംബരക്കാർ അവൾക്കു മുന്നിൽ ഒഴുകി വന്നു നിന്നു.ഡോർ തുറന്നിറങ്ങിയ കൃശഗാത്രനെ കണ്ടു വിസ്മയനേത്രയായ് പ്രതിമ കണക്കെ അവൾ നിന്നു! ചെറിയൊരു മൗനത്തിനു ശേഷം :"സർ ,അങ്ങെന്താണിവിടെ?"
"അതുതന്നെയാണ് എൻറെയും ചോദ്യം; താങ്കൾക്ക് എന്താണീ ഈ ബർഗർ ഷോപ്പിൽ കാര്യം?"
"അങ്ങാണോ ഇന്നലെ എന്നെത്തേടി കടയിലെത്തി സൂപ്പർവൈസറുമായി സംസാരിച്ചത് ?"
"അതെ ജെന്നീ....ഇനി പറയൂ, നിൻ്റെ ജീവിതം ഈ ഭക്ഷണശാലയിൽ തളച്ചിട്ടിരിക്കുന്നതെന്തിന്?"
അവളുടെ അധരങ്ങൾ വിറയ്ക്കുന്നതും കണ്ണുകൾ ഈറനണിയുന്നതും അയാളറിഞ്ഞു.
"അതൊരു വലിയ കഥയാണ് സാർ. എനിക്ക് തിടുക്കത്തിൽ വീടെത്തേണ്ടതിനാൽ ഈ ബസ്സ് പിടിച്ചേ തീരൂ.."
"ഞാൻ ഡ്രോപ്പ് ചെയ്യാം" നിർബന്ധത്തിന് വഴങ്ങിയ അവൾ നീലക്കാറിൻ്റെ പിൻനിരയിലെ ഡോർ തുറന്നു ആ മൃദുലതയിലേക്ക് സങ്കോചത്തോടെ കയറിയിരുന്നു.
തൻ്റെ ഭൂതകാലം അവൾ അനാവരണം ചെയ്യുകയായിരുന്നു."സാമ്പത്തിക ഞരക്കങ്ങളും മറ്റു വൈതരണികളും കഠിനപ്രയത്നത്തിലൂടെ മറികടന്ന് സ്റ്റാൻഫോർഡിൽ നിന്നും കാംപസ് ഇന്റർവ്യു മുഖേന താങ്കളുടെ കമ്പനിയിൽ എത്തപ്പെട്ട ഞാൻ എത്ര സന്തുഷ്ടയായിരുന്നു! പ്രോഡക്റ്റ് ഡെവലപ്മെന്റ് ഡയറക്ടർ ആയി സിലിക്കൺ താഴ്‌വരയിൽ ചിത്രശലഭം കണക്കെ പറന്ന നാളുകൾ..എത്ര വേഗമാണ് എൻ്റെ ചിറകുകൾ കത്തിയെരിഞ്ഞത് ? ഒരു സുപ്രധാന പ്രൊജക്റ്റ് ഡെഡ്‌ലൈൻ മറികടക്കാൻ മേലധികാരി നടത്തിയ ഡാറ്റാ തിരിമറിയിൽ ജീവിതം ഹോമിക്കപ്പെട്ടു പരിത്യക്തയായി പടിയിറങ്ങുമ്പോൾ അഭ്യുദയകാംക്ഷികൾ എന്നു നിരൂപിച്ചവരിൽ നിന്നു പോലുമേറ്റ പരിഹാസങ്ങൾ! ആ ശരശയ്യയിൽ കിടന്നു പിടയവേ അശനിപാതം പോലെ അതും വന്നു ചേർന്നു ..പൊന്നു മകൾ മരിയയുടെ രക്താർബുദ ഡയഗ്‌നോസിസ്!
"വർഷങ്ങളുടെ സഹയാത്രികൻ ഈ മഹാസമുദ്രത്തിൽ എന്നെയും മകളെയും തനിച്ചാക്കി പുതിയ മേച്ചിൽപ്പുറം തേടിപ്പോയപ്പോൾ വീട് തുച്ഛവിലയ്ക്കു അതിവേഗ വില്പനയ്ക്കിടുകയേ എനിക്കു നിവൃത്തി ഉണ്ടായിരുന്നുള്ളൂ. ആകെയുണ്ടായിരുന്ന കാറും മകളുടെ ചികിത്സയ്ക്കായ് വിറ്റു പോയി. കൂടപ്പിറപ്പിൻ്റെ സൗഭാഗ്യമേകാതെ എൻ്റെ മാതാപിതാക്കൾ പണ്ടേ മണ്മറഞ്ഞിരുന്നല്ലോ..നിലനില്പിന് ഇങ്ങനെയൊരു ജോലിയെങ്കിലും എനിക്ക് വേണമായിരുന്നു; കുഞ്ഞിൻ്റെ മരുന്നിനും ഭക്ഷണത്തിനും വീട്ടുവാടകയ്‌ക്കും കഴിഞ്ഞ നാല് കൊല്ലങ്ങളായി ...." പെയ്തൊഴിയുകയായിരുന്നു അവൾ.
മോടികുറഞ്ഞ പട്ടണത്തിലെ നിറം മങ്ങിയ അപ്പാർട്ട്മെന്റിലേക്കു അവർ ഒരുമിച്ചു കയറുമ്പോൾ കുഞ്ഞിൻ്റെ സംരക്ഷണത്തിൽ സഹായഹസ്തമേകുന്ന അയൽക്കാരി ആഞ്ചലീന ശോകച്ഛവിയാർന്ന മന്ദസ്മിതത്തോടെ കൈവീശി പുറത്തേയ്ക്കിറങ്ങി. മകൾ കുറച്ചു നേരത്തേ ക്ഷീണിച്ചു മയങ്ങിയിരുന്നു.നിരവധി മരുന്നു കുപ്പികളും കൊച്ചു പാവകളും അലസമായി കിടന്ന സന്ദർശന മുറി ഒതുക്കാൻ തുനിഞ്ഞ അവളെ അയാൾ തടഞ്ഞു.രണ്ടു കോപ്പകളിൽ കാപ്പിയുമായി അവൾ എത്തുമ്പോഴേക്കും ചില ഇമെയിൽ സന്ദേശങ്ങൾ കൈമാറുന്ന തിരക്കിൽ ഏർപ്പെട്ടിരുന്നു അയാൾ.എളിയ ഭവനത്തിൻ്റെ കൊച്ചു അത്താഴ മേശയിൽ ക്രൂശിത രൂപത്തിന് കീഴെ കടുംകാപ്പി നുകരവേ ദരിദ്രമായ ആ അടുക്കള അയാളുടെ കണ്ണുകളെ നനച്ചു.
മേശപ്പുറം നിറയെ വിവര സാങ്കേതിക കോഡുകളും അനുബന്ധ ഡൂഡിലുകളും കുത്തിക്കുറിച്ച പുസ്തകങ്ങൾ കണ്ടു അയാൾ അത്ഭുതം കൂറി."എല്ലാ തിരക്കുകൾക്കും ദുരിതപൂർണമായ ജീവിതത്തിനും ഇടയിൽ ഈ അഭിരുചികൾ എങ്ങനെ നിലനിർത്തുന്നു? ഈ ജ്വാല അണയാതെ കാത്തു സൂക്ഷിക്കാൻ എന്താണ് നിന്നിലെ ഊർജ്ജ സ്രോതസ്സ് "?
"ഒരിക്കൽ ഇതെൻ്റെ എല്ലാമെല്ലാമായിരുന്നില്ലേ സാർ, ഞാനിതെങ്ങനെ എൻ്റെ മനസ്സിൻ്റെ ഭിത്തിയിൽ നിന്നും മായിച്ചു കളയും? ആയുസ്സുള്ളിടത്തോളം എനിക്കിതു തുടർന്നേ തീരൂ. "
ഉറക്കമൊഴിഞ്ഞ കുഞ്ഞുടുപ്പുകാരി മരിയ അപരിചിതസാമീപ്യം ഗ്രഹിച്ചു തെല്ലു വൈക്ലബ്യത്തോടെ കർട്ടനു പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. നിരന്തരമായ കീമോ തെറാപ്പിയ്‌ക്കോ തീവ്ര ഔഷധസേവയ്‌ക്കോ കെടുത്താനാവാത്ത എന്തെന്നില്ലാത്ത ഒരു നിഷ്കളങ്കത ആ മാലാഖക്കുഞ്ഞിൽ മുറ്റി നിന്നു. ഹിമത്തിൻ്റെ നൈർമല്യമുള്ള ആ നെറ്റിയിൽ ചുംബനം അർപ്പിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ ചുടുകണങ്ങൾ ഉരുണ്ടു കൂടിയിരുന്നു. ഗദ്ഗദ കണ്ഠനായി അയാൾ പറഞ്ഞു:"ഒട്ടനവധി ജീവനക്കാർ ഉൾപ്പെടുന്ന ഒരു ബ്രഹത്-സ്ഥാപനത്തിൽ എല്ലാവരേയും പേരെടുത്തു ഓർത്തിരിക്കുക അസാദ്ധ്യം, എങ്കിലും എൻ്റെ സവിശേഷ ശ്രദ്ധയുണ്ടായിരുന്ന ഡവലപ്മെൻറ് മേഖലയിൽ നിൻ്റെ നിസ്സീമ പ്രകടനങ്ങളുടെ അലകൾ ശ്രദ്ധയിൽ പെട്ടിരുന്നതാണ്;എന്നിട്ടും ...". അവളെ അഭിമുഖീകരിക്കാൻ അയാളുടെ കണ്ണുകൾ അശക്തമായി തീർന്നിരുന്നു; അധികനേരം അവിടെ നിൽക്കാൻ അയാൾക്കാവുമായിരുന്നില്ല.
വാതിൽപ്പടി കടന്നു ചവിട്ടുപടികളിറങ്ങവേ അവളുടെ ശബ്ദം വീണ്ടും അയാളുടെ കാതിൽ മുഴങ്ങി. "അങ്ങ് ഇക്കാര്യത്തിൽ തീർത്തും നിരപരാധിയാണ്. ആഴക്കടലിൽ കൊടുങ്കാറ്റിനെ നേരിടുന്ന കപ്പിത്താനെ തീരങ്ങളിലെ തിരയിളക്കങ്ങൾ സ്പർശിക്കുമോ ? അങ്ങേയ്ക്ക് പ്രകടമായ് ദൃശ്യയാകാൻ മാത്രം ഉന്നത ശ്രേണിയിൽ ആയിരുന്നില്ലല്ലോ ഞാൻ"
വിഹ്വലതകൾ കൂടുകെട്ടിയ മനസ്സുമായി തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ നടന്നു പോകുന്ന ആ മനുഷ്യനെ നോക്കി രണ്ടാം നിലയിലെ ജാലകക്കോണിൽ നിർന്നിമേഷരായ് നിന്നു ആ അമ്മയും മകളും. കേവലം ഒരു ഗ്രാമീണ കന്യകയുടെ മൺകുടിലിൽ രഥം തെളിച്ചെത്തിയ ഒരു പൗരസ്ത്യ ദേവകുമാരൻ്റെ ചിത്രം അവളുടെ മനസ്സിൽ തിരിയിട്ടു തെളിഞ്ഞു നിന്നു. അവൾ മകളുടെ ചെവിയിൽ പയ്യെ മന്ത്രിച്ചു: "മോൾക്കറിയാമോ അതാരാണെന്ന്? ലോകത്തിൻ്റെ തന്നെ ഗതി നിർണ്ണയിക്കുന്ന ഒരു വലിയ മനുഷ്യൻ ആണയാൾ; ഒരു വൻ സാമ്രാജ്യത്തിന്റെ അമരക്കാരൻ!"
പാലോ ആൾട്ടോയിലെ ഏറ്റവും പ്രശസ്തമായ ആ കാര്യാലയത്തിലെ മട്ടുപ്പാവിൽ ഏറെ വൈകിയിട്ടും അന്ന് വെളിച്ചം അണഞ്ഞിരുന്നില്ല.ആ രാവ് കടന്നു പോവും മുമ്പു തന്നെ മാനവശേഷി വിഭാഗം തലവന് ഒറ്റവരി സന്ദേശം അയച്ചു:"ഐ വാണ്ട് ടു ഗെറ്റ് ടു ദി ബോട്ടം ഓഫ് ദിസ് ഇൻസിഡന്റ് റിലേറ്റഡ് ടു ജെന്നിഫെർ ഡയസ് ". ചില ഫോൺ വിളിക്കൾക്കു ശേഷം ഡെവലപ്മെൻറ് വിഭാഗത്തിലെ സിംഹങ്ങളുമായി പിറ്റേന്നേയ്‌ക്കു അടിയന്തിര യോഗങ്ങളും ഏർപ്പാടാക്കി. ഇങ്ങനെയൊരു പിരിച്ചുവിടൽ കണ്ണിൽ പെടാതിരിക്കാൻ മാത്രം അന്ധത തന്നിൽ നിറഞ്ഞിരുന്നു എന്നതിൽ അയാൾ സ്വയം പഴിച്ചു. ഒരു അമരക്കാരൻ എന്ന നിലയിൽ തൻ്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒട്ടേറെ ചോദ്യങ്ങൾ ആഴത്തിൽ വേട്ടയാടിയ ഒരു രാത്രിയായിരുന്നു അയാൾക്കത്.
രണ്ടു നാളുകളുടെ ഇടവേളയ്ക്കുശേഷം തൻ്റെ ഇൻബോക്‌സിൽ കുടുങ്ങിയ ഇമെയിൽ സന്ദേശം കണ്ടു അവൾ ഞെട്ടി: " സർവ്വതും അന്വേഷിച്ചു താങ്കളുടെ നിരപരാധിത്വം സമ്പൂർണ്ണമായി ബോധ്യപ്പെട്ടിരിക്കുന്നു. ഇത്രയും ദുരിതപൂർണമായ ജീവിത പന്ഥാവിലേക്കു ഇറക്കിവിട്ട പഴയ മേലുദ്യോഗസ്ഥൻ കുറ്റസമ്മതം നടത്തിയിരിക്കുന്നു. ഇനി ആ പദത്തിൽ തുടരാൻ അയാൾ യോഗ്യനല്ല.താങ്കളുടെ മനസ്സിലെ തീജ്വാല അണയാതിരിക്കുന്ന പക്ഷം, നാളെ വെള്ളിയാഴ്ച പ്രഭാതത്തിൽ പത്തുമണിക്ക് പാലോ ഓൾട്ടോയിലെ പ്രധാന കാര്യാലയത്തിൽ എത്തുക".
ആ പുലർച്ചെ ഏറെനാൾ കൂടി അവൾ വീണ്ടും കണ്ണാടിയിൽ നോക്കി. പുതുമ നശിച്ച കുപ്പായമോ തിളക്കമറ്റ കാലുറകളോ അവളുടെ ആത്മവിശ്വാസത്തിൽ തെല്ലും കറ പടർത്തിയില്ല. കണ്ണുകളിൽ കനലുമായി കോൺഫറൻസ് മുറിയിലേക്ക് പ്രവേശിക്കവേ ഒരു കൂട്ടം പ്രധാന ഓഫീസർമാരെ കണ്ടു ആശ്ചര്യഭരിതയായി അവൾ. തനിക്കു മുന്നിൽ സമർപ്പിക്കപ്പെട്ട പാക്കറ്റ് തുറന്ന അവൾ അമ്പരന്നു. ലീഡ് ഡെവലപ്മെൻറ് ഡയറക്ടർ തസ്തികയിലേക്ക് സർവ്വാനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പാക്കേജും ഉൾപ്പെടെ അടിയന്തിര നിയമനം! സ്തോഭജനകമായ ആ അന്തരീക്ഷത്തിൽ നിന്നും സന്തോഷാശ്രുക്കളുമായി വിടവാങ്ങുമ്പോൾ അവളുടെ കണ്ണുകൾ ആ മട്ടുപ്പാവിലേക്കു നീണ്ടു. തൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന ചേതോഹരമായ ഒരു ചെറു മന്ദഹാസവുമായി ഒരു പ്രായശ്ചിത്തത്തിന്റെ കൃതാർത്ഥതയിൽ അയാൾ ഇരുന്നു!