"മുത്തശ്ശാ.......
മണലില് കടലമ്മ കള്ളിന്ന് എഴുതിയാ
കടലമ്മ വന്ന് മായ്ക്കുന്ന് കിച്ചു പറഞ്ഞല്ലോ ശരിയാണോ!കടലമ്മ വന്ന് മായ്ക്കുമോ?ഞാനും എഴുതി നോക്കട്ടെ മുത്തശ്ഛാ? "
"എഴുതിക്കോളൂ അപ്പൂ കുപ്പായം
നനയരുത്ട്ടോ അമ്മ കണ്ടാൽ വഴക്ക് പറയും ..... "
കരയോട് എന്തോ കിന്നാരം പറഞ്ഞ് വേഗത്തിൽ മടങ്ങുന്ന തിരയെ നോക്കിയിരുന്ന അരവിന്ദൻ ആ മുത്തശ്ശനെയും മകനെയും അടുത്തിരുന്ന ഭാര്യ നന്ദിനിയെ കാണിച്ചു കൊടുത്തു.......
ഒരു ചെറുപുഞ്ചിരിയോടെ
അവരെ നോക്കിയ അവർ ഒരു നിമിഷത്തിൽ ഒന്നുകൂടി സൂക്ഷിച്ച് നോക്കി പറഞ്ഞു അത് നിങ്ങളോടൊപ്പം ജോലിയിൽ ഉണ്ടായിരുന്ന വാസവൻ സാറല്ലേ എന്ന്.
ഭാര്യ പറഞ്ഞപ്പോൾ മാത്രമാണ്
ആ മുത്തശ്ശൻ്റെ മുഖം ശ്രദ്ധയിൽപ്പെട്ടത്.
'
"എടോ വാസവാ...... " എന്ന നീട്ടി വിളിയിൽ ശ്രദ്ധ തിരിഞ്ഞു .
അരവിന്ദനെ വാസവൻ കണ്ടുമുട്ടി .
പിന്നീടങ്ങോട്ട് പഴയ സൗഹൃദത്തിൻ്റെ കണ്ടുമുട്ടലുകൾ സാകൂതം വീക്ഷിച്ചിരുന്നു നന്ദിനി.
"എടോ വാസവാ..... ഇയാള് തന്നെയാണോ തിരയെണ്ണാൻ വന്നത്? ഭാര്യ എവിടെ "
"ഓഹ്...... അവൾ പോയടൊ. "
"ആഗ്രഹം പോലെത്തന്നെ മംഗലശ്ശേരി നീലകണ്ഠൻ്റെ ഭാര്യയെ പോലെ സുമംഗലിയായി എന്നെ തനിച്ചാക്കി അവൾ പോയി "
ഒരു നിമിഷം നിശബ്ദത മുറിച്ച് അരവിന്ദനോട്
വാസവൻ പറഞ്ഞു.
" ഞാനിപ്പോ മൂത്ത മകനോടൊപ്പം ആണ് . മൂന്ന് മാസം കഴിയുമ്പോ മകളോടൊപ്പം .അങ്ങനെ ഊഴം വച്ച് മക്കളോടൊപ്പമാണ്. "
നിങ്ങളോ എന്ന ചോദ്യമില്ലാത്ത വാസവൻ്റെ നോട്ടത്തിന് അരവിന്ദൻ നന്ദിനിയുടെ കണ്ണിലേക്ക് നോക്കി ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചിട്ട് പറഞ്ഞു. ഞങ്ങൾ ഞങ്ങളോടൊപ്പമാണ്. നന്ദിനിയുടെ വിടർന്ന മിഴികളിൽ നനവിൽ തൻ്റെ രൂപം മങ്ങി വന്നപ്പോ
നന്ദിനിയെ ഒന്നുകൂടി തന്നിലേയ്ക്ക്
ചേർത്ത് പിടിച്ചു അരവിന്ദൻകറുപ്പും വെളുപ്പും ഇടകലർന്ന സാരിയുടെ മുകളിൽ ചാഞ്ഞു കിടന്ന താലിമാലയിൽ തെരുപ്പിടിച്ചിരുന്ന
നന്ദിനി പുഞ്ചിരി തൂകി.
പെട്ടന്നാണ് ഒരു കൊടുങ്കാറ്റ് പോലെ ഒരു യുവതി വരികയും കുട്ടിയെ പിടിച്ച് വലിച്ച് കൊണ്ടു പോവുകയും ചെയ്തത്. പോകുന്ന പോക്കിൽ തൻ്റെ ഭർത്താവിനെ ചീത്ത പറയുകയും ചെയ്യുന്നുണ്ട്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ മിഴിച്ചുനിൽക്കുന്ന അരവിന്ദനോട് വാസവൻ പറഞ്ഞു.
" മകൻ്റെ ഭാര്യയാണ്. കുട്ടിയുടെ മേല് മുഴുവൻ നനഞ്ഞു. ഇന്നിനി ശിവരാത്രിയാവും. എന്താ ചെയ്യാ?"
"ഞാൻ പോട്ടെടോ. കണ്ടുമുട്ടിയതിൽ
സന്തോഷം"
യാത്ര പറഞ്ഞ് പഴയ സഹപ്രവർത്തകൻ പോകുന്നത് കണ്ടപ്പോ അരവിന്ദൻ നന്ദിനിയെ ചേർത്ത് പിടിച്ചിട്ട് മനസിലൊരായിരം പ്രാവശ്യം ഉരുവിട്ടു.
"ൻ്റെ നന്ദിനിക്കുട്ടി, നീ സുമംഗലിയായി മരിക്കാൻ ഇടയാവാതിരിക്കട്ടെ. ഞാൻ യാത്രയായതിന് ശേഷമേ നീ
വരാവൂട്ടോ "
നന്ദിനിയുടെ തോളിൽ അമർന്ന അരവിന്ദൻ്റെ കൈളിൽ ഒരു സാന്ത്വനം
പോലെ നന്ദിനിയുടെ വിരലുകൾ താളം പിടിക്കുമ്പോൾ അസ്തമയസൂര്യൻ്റെ ചെങ്കിരണങ്ങൾ
ഏറ്റ നന്ദിനിയുടെ മാറോട് ചേർന്ന് കിടന്ന ഊതിക്കാച്ചിയ പൊന്നിന് ഒന്നുകൂടി തിളക്കമേറി..... വീണ്ടും കരയോട് എന്തോ പറയുവാനായി തിര വീണ്ടും കരയോട് ചേരുകയായിരുന്നു അപ്പോഴും…