പ്രണയിക്കുന്നവർ ഏതു പ്രായത്തിലും ഏറ്റവും മനോഹരമായി പ്രണയിക്കേണ്ടവർ തന്നെയാണ്.
അതിനു മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജീവിതം ഒരു ദുരന്തമാകാതെ സൂക്ഷിക്കാം..
ഒരുമിച്ച് ജീവിക്കാനും ഒരുപാട് സ്വപ്‌നങ്ങൾ കാണാനുമുള്ള ഇളം പ്രായക്കാർ പരസ്പരം നന്നായി മനസിലാക്കിയതിനു ശേഷം മാത്രം മുന്നോട്ട് നീങ്ങുക..ഒരാളെ പൂർണ്ണമായും മനസ്സിലാക്കുക അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.. അതിനു ഏറെ നാളുകൾ വേണ്ടി വന്നേക്കാം..അത് കേവലം ശാരീരിക ആകർഷണം മാത്രമെങ്കിൽ ഒരു പരിധിയ്ക്കപ്പുറം പോയാൽ പിന്നെ ആത്മാർഥത ഉണ്ടെങ്കിൽ മാത്രം അത് സഫലമാകും. അല്ലെങ്കിൽ ചിലപ്പോൾ ദുരന്തവും ആകും.. അത് കൊണ്ടു പെട്ടെന്ന് ചെന്ന് മറ്റൊരാളിന് അടിമപ്പെടുന്ന സ്വഭാവം ആർക്കും ഉണ്ടാകാൻ പാടില്ല. കുറച്ചു കൂടി ആത്മധൈര്യം ഉള്ളവർ പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ ഒരു പോലെ പ്രതീക്ഷിക്കും.. ഏതു വന്നാലും അത് സ്വീകരിക്കാൻ തയ്യാറാകും. എന്നാൽ ഏറെ പേരും ആ നെഗറ്റീവ് ഉൾക്കൊള്ളാൻ ത്രാണി ഇല്ലാത്തവർ ആണെന്ന് ഇക്കഴിഞ്ഞ ദിവസമുണ്ടായ ഒരു പെൺകുട്ടിയുടെ ആത്‍മഹത്യ സൂചിപ്പിക്കുന്നു.. അവൾക്കു പ്രതിമാസം നല്ല ഒരു തുക വരുമാനം ഉണ്ടായിരുന്നു, ഒരു പ്രണയം ഉണ്ടായിരുന്നു, ബാങ്ക് സ്റ്റേറ്റ് മെന്റിൽ ഏറെ പണവും കാമുകന്റെ അക്കൗണ്ടിലേക്കു ചെന്നിരുന്നതായി കാണിക്കുന്നു.. ഒരു പക്ഷെ റെയിൽ പാളത്തിൽ അവൾ ട്രെയിനിനു മുന്നിൽ കിടന്നതു അത്രമേൽ തീവ്രമായ ഏതോ മാനസിക സമ്മർദം മൂലം ആകില്ലേ.? അന്വേഷണത്തിലൂടെ മാത്രം അറിയേണ്ട കാര്യം എങ്കിലും ചിന്തിച്ചു പോകുന്നു ഒരു പരിധിക്കപ്പുറം കടന്നു പോയ പ്രണയച്ചതി അതിനു പിന്നിൽ ഉണ്ടായിരിക്കുമോ? അതോ മറ്റെന്തെങ്കിലും ആണോ? എന്തായാലും ചിന്നിച്ചിതറിപ്പോയത് ഒരു വീട്ടിൽ ഒരേ ഒരു മകളെ വളർത്തിയ അച്ഛനമ്മമാരുടെ സ്വപ്നങ്ങളാണ്. അത് കൊണ്ടു പെൺകുട്ടികൾ കൂടുതൽ ശ്രദ്ധിക്കുക..
ആരുടെയും ഉള്ളം അത്ര എളുപ്പത്തിൽ തിരിച്ചറിയാനാകില്ല. വെറും മോഹങ്ങൾക്ക് അടിമപ്പെടുമ്പോൾ ഒന്നോർക്കുക.. എല്ലാം ശുഭകരമാകണമെന്നില്ല. പെൺകുട്ടികൾ സ്വയം സൂക്ഷിച്ച് ഒരു പരിധി വരെ പരസ്പരമുള്ള ആകർഷണം നില നിർത്തി പിന്നീട് ഒരു നല്ല ബന്ധം വിവാഹത്തിലൂടെ തുടങ്ങുക. കാരണം അതിനു മുൻപുള്ള വിധേയത്വം ജീവിതത്തെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത് എന്ന് പറയാൻ കഴിയില്ല.
ഇളം തലമുറയിൽ പെട്ടവർ മാത്രമല്ല ഇത്തരം ചതികളിൽ പോയി വീഴുന്നത്.. പെണ്ണായാൽ ഏതു സാഹചര്യത്തിലും പ്രായഭേദമില്ലാത്ത ഇത്തരം ചതിക്കുഴികൾ കാത്തിരിക്കുന്നുണ്ടാകും. ചില Fb സൗഹൃദങ്ങൾ, മാട്രിമോണിയൽ സൈറ്റിൽ കയറി വന്നു ചതിയിൽ വീഴ്ത്തുന്നവർ, (ഒരു കൂട്ടുകാരിക്ക് ഉണ്ടായതിക്താനുഭവം )സംതൃപ്തമായ കുടുംബ ജീവിതം ഉള്ളപ്പോഴും മറ്റ് സ്ത്രീകളെ പാട്ടിലാക്കുന്നവർ... അങ്ങനെ നിരവധി പേർ. തിരിച്ചും സംഭവിക്കാം. ചില പെണ്ണുങ്ങളും അത്ര മോശമല്ല.. അത് കൊണ്ടു പ്രണയത്തിൽ ഉള്ളത് വെറും ശാരീരിക ആകർഷണം മാത്രമെങ്കിൽ ഏതു സാഹചര്യത്തിലും അതിൽ വരാവുന്ന പിൻമാറ്റത്തിൽ സ്വയം പിടിച്ചു നിൽക്കാൻ കരുത്തുള്ളവരാകുക.. ഒരാൾ ഇട്ടെറിഞ്ഞു പോയാലും ഏതു രീതിയിൽ രക്ഷപ്പെടാനാകും എന്ന് ഒരു കൗൺസിലിങ് നടത്തിയായാലും മനോധൈര്യം വീണ്ടെടുക്കുക.
പ്രണയം വളരെ മനോഹരമാണ് അത് വെറും ശാരീരിക ആകർഷണത്തിൽ മാത്രം കുരുങ്ങി ഊരാക്കുടുക്കായി പോകാതിരുന്നാൽ എന്ന് ചിന്തിക്കുക.. നീ ഇല്ലെങ്കിലും ഞാൻ ജീവിക്കും ഇതാണെന്റെ ജീവിതം എന്ന് കാണിച്ച് കൊടുക്കുക.
നാളെ ജീവിതത്തിനു ഭീഷണി ആയേക്കാവുന്ന വിധത്തിൽ സ്വകാര്യ സന്ദർശനങ്ങൾ, കൂടിക്കാഴ്ച്ചകൾ, സാമ്പത്തിക സഹായങ്ങൾ ഒക്കെ കഴിയാവുന്നതും ഒഴിവാക്കുക.. ജീവിതം ജീവിച്ചു തീർക്കാൻ ഉള്ളതാണ്...ഒരു ഷാളിന്റെ തുമ്പിലോ തീവണ്ടിപ്പാളത്തിലോ, ചുഴിയിലോ അവസാനിപ്പിക്കാൻ ഉള്ളതല്ല പെണ്ണിന്റെ ജീവിതം. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയണം. ഒരാൾ കുരുക്കാണോ പിടിവള്ളിയാണോ എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം അയാളുമായി /അവളുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിക്കുക.