Image

അമ്മയുടെ കാമുകൻ ( കവിത : രാധിക സജീവ് )

Published on 02 April, 2025
അമ്മയുടെ കാമുകൻ ( കവിത : രാധിക സജീവ് )

അമ്മ മരിച്ചതിന്റെ 
മൂന്നാം മാസം ആണ് 
ഞാൻ
അയാളെകാണുന്നത്..
അൻപതുകളുടെ അവസാനത്തിലാണ് 
അമ്മ 
മരണപ്പെടുന്നത്....
അയാളോ
നാല്പതുകളുടെ തുടക്കത്തിലും..
അയാളെ കണ്ടപ്പോൾ 
അമ്മയെ കാണും പോലെ!
അമ്മയുടെ ശാന്തത,
അമ്മയുടെ കണ്ണുകൾ.
അമ്മയുടെ ഗന്ധം..
അമ്മയെ 
പ്രണയിച്ചു പ്രണയിച്ചു 
അയാൾ 
അമ്മയായി മാറിയപോലെ..
അയാളുടെ മുറി നിറച്ചും 
അമ്മയുടെ ചിത്രങ്ങൾ...
അമ്മ ഇത്ര മനോഹരമായി ചിരിക്കുമായിരുന്നോ...
അയാൾക്ക്‌ കാണാൻ വേണ്ടി മാത്രം 
എടുത്ത് ഉടുത്ത 
ചുവപ്പിൽ, 
പച്ചയിൽ, കടും നിറങ്ങളിൽ!
അമ്മ ഇങ്ങനെ 
അണിഞ്ഞു ഒരുങ്ങിയിരുന്നോ!
ഇത്ര ഭംഗി 
അവർക്കുണ്ടായിരുന്നോ!!
മുഷിഞ്ഞു, നരച്ച വീട്ടു ഉടുപ്പുകളിൽ 
കണ്ണുകളിൽ നിറച്ച വിഷാദത്തിൽ..
തിരക്കിട്ട പണികളിൽ,
അച്ഛൻ, ഞാൻ, അച്ചമ്മ എന്ന്ങ്ങനെ ഉള്ള വൃത്തത്തിൽ 
അതിനിടയിൽ 
എപ്പോഴാണ് അയാൾക്ക്‌ വേണ്ടി 
മാത്രം 
അമ്മ ഇങ്ങനെ ജീവിച്ചത്!
അയാൾക്ക്‌ അയച്ച 
മ്സേജുകളിൽ, കത്തുകളിൽ 
നിറച്ചും കവിതകൾ, 
കടുത്ത പ്രണയം,ആർദ്രത..
അമ്മയുടെ ഫാന്റസികൾ..
അമ്മയുടെ രഹസ്യങ്ങൾ 
അമ്മയുടെ കൊതികൾ 
സന്തോഷങ്ങൾ, സ്വപ്‌നങ്ങൾ..
ഹോ!എന്തൊരു പ്രണയിനി ആയിരുന്നു!
ആരുമറിയാത്ത, ആരാലും പരിഗണിക്കപ്പെടാത്ത 
അയാൾ മാത്രം തിരിച്ചറിഞ്ഞിരുന്ന 
ആരാധിച്ചിരുന്ന 
ഓമനിക്കപ്പെട്ട,
ദേവതയായ 
ഒരു പെൺകുട്ടിയെ 
ഉള്ളിൽ കൊണ്ട് നടന്നിരുന്ന 
അയാൾക്ക്‌ മാത്രം അറിയുന്ന അമ്മ...
അതാവണം 
അമ്മ 
പൂർണയായ സ്ത്രീ ആയ ഒരേ ഒരിടം...
മരണപ്പെടും വരെ ഒരിക്കലും 
കണ്ടിട്ടില്ലാത്ത രണ്ടു പേർ...
എങ്ങനെ ഇത്രയും...
പ്രേമം എന്തൊരു വിചിത്ര മാണ് 
മരിച്ചിട്ടും മറ്റൊരാളിൽ ജീവിപ്പിക്കുന്ന എന്തോ ഒന്ന് അതിൽ കുരുങ്ങി കിടക്കുന്ന വിചിത്രത...
ജീവിച്ചിരിക്കുമ്പോൾ 
മരിച്ചു പോയ എത്ര മനുഷ്യരെ 
ജീവിപ്പിച്ച അതേ വിചിത്രത...
ഹോ!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക