Image

ഗുൽമോഹർ പൂത്തപ്പോൾ; ബുക് റിവ്യൂ , മോഹൻ ദാസ്

Published on 04 April, 2025
ഗുൽമോഹർ പൂത്തപ്പോൾ; ബുക് റിവ്യൂ , മോഹൻ ദാസ്

 

ഗുരു ശിഷ്യബന്ധത്തിൻ്റെ ഒരു കഥ പറഞ്ഞു കൊണ്ടു തുടങ്ങാം. പണ്ട് ഗുരുകുലവിദ്യാഭ്യാസമായിരുന്നല്ലോ.

സുകുമാരൻ എന്നായിരുന്നു ഇക്കഥയിലെ കഥാനായകനായ ശിഷ്യൻ്റെ പേര്. മിടുക്കനായ വിദ്യാർത്ഥിയായിരുന്നു സുകുമാരൻ. എന്നാൽ ഗുരുവാകട്ടെ ഒരിക്കലും സുകുമാരനെ അംഗീകരിച്ചിരുന്നില്ല.

‘നിന്നെ കൊണ്ട് എന്തിനു കൊള്ളാം വിഢി….

എന്ന സമീപനമായിരുന്നു സുകുമാരനോട് ഗുരു പുലർത്തിയിരുന്നത്. സുകുമാരനെ  കഠിനമായി ശിക്ഷിക്കുകയും ചെയ്യുമായിരുന്നു. ഗുരുവിനോടുള്ള പ്രതികാരദാഹം സുകുമാരനിൽ കത്തിയെരിഞ്ഞു.

ഗുരുവിനെ കൊല്ലാൻ തന്നെ ശിഷ്യൻ തീരുമാനിച്ചു. ഒരു വലിയ പാറക്കഷണവുമായി ഗുരു ഉറങ്ങുന്ന മുറിയുടെ തട്ടിൽ കയറി സുകുമാരൻ ഒളിച്ചിരുന്നു.

രാത്രി. ഗുരുവും പത്നിയും മുറിയിലെത്തി. ഗുരുപത്നി ചോദിച്ചു: അങ്ങ് എന്തിനാണ് സുകുമാരനെ ഇങ്ങനെ ശിക്ഷിക്കുന്നത് ? അവൻ മിടുക്കനായ വിദ്യാർത്ഥിയല്ലേ?

ഗുരു പറഞ്ഞു: അതെ എൻ്റെ ശിഷ്യരിൽ ഏറ്റവും മിടുക്കനായ വിദ്യാർത്ഥി സുകുമാരനാണ്. പക്ഷേ അവൻ ഇനിയും ഉയരണം. വലിയ ആളായി മാറണം. അതിനാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ഇതു കേട്ട സുകുമാരൻ താഴെയിറങ്ങി ഗുരുവിൻ്റെ കാൽക്കൽ വീണു കരഞ്ഞു. ഗുരു ശിഷ്യന് മാപ്പു കൊടുത്തു. പക്ഷേ സുകുമാരന് തൃപ്തിയായില്ല. പ്രായശ്ചിത്തം ചെയ്യണം. ഗുരുവിനെ കൊല്ലാൻ തീരുമാനിച്ചതിനുള്ള പ്രായശ്ചിത്തം കഠിനമായിരുന്നു. ഉമിത്തീയിൽ നീറി സ്വയം ഒടുങ്ങുക. സുകുമാരൻ അതിനൊരുങ്ങി. കഴുത്തറ്റം ഉമിത്തീയിൽ അദ്ദേഹം സ്വയമെരിഞ്ഞു. ആ എരിങ്ങടങ്ങൽ സമയത്ത് അദ്ദേഹത്തിൻ്റെ നാവിൽ നിന്നും ഒരു മഹാകാവ്യം അനർഗളനിർഗളം ഒഴുകി വന്നു. അത് കേൾക്കാൻ പക്ഷി മൃഗാദികൾ വരെ വന്നു. ശിഷ്യൻമാർ കാവ്യം രേഖപ്പെടുത്തി. അതാണ് *ശ്രീകൃഷ്ണവിലാസം* കാവ്യം.

ഇന്ന് ഗുരുശിഷ്യബന്ധത്തിന് പുതിയഭാഷ്യം രചിച്ച അധ്യാപികമാരുടെ ഈ കഥാസമാഹാരത്തോട് ഈ കഥയും ചേർക്കുന്നു.

വായനയുടെ നിമിഷങ്ങള്‍ ധന്യമാക്കിയ പുഷ്പിച്ച ഗുല്‍മോഹറിനെ പരിചയപ്പെടുത്തുവാന്‍ ഏറെ സന്തോഷമുണ്ട്. *ഗുൽമോഹർ* *പൂത്തപ്പോൾ* എന്ന കഥാസമാഹാരത്തിന് സവിശേഷതകള്‍ നിരവധിയാണ്.

കഥയെഴുത്ത് വളരെ ഗൗരവപ്പെട്ട ഒന്നാണ് എന്ന് വിശ്വസിക്കുന്ന അധ്യാപികമാരായ എഴുത്തുകാരികളാണ് ഈ സമാഹാരത്തെ ഉജ്ജ്വലമാക്കുന്നത്. യാഥാർത്ഥ്യത്തിൻ്റെ ചൂടും ചൂരും  എഴുത്തിലൂടെ വായനക്കാരെ അനുഭവിപ്പിക്കുന്ന കഥകളാണ് ഇതിലുള്ളത്

എഴുത്തിൽ പുതിയ ആകാശങ്ങൾ തേടുന്ന പെൺകൂട്ടായ്‌മയിലുടെ ഈ കഥകൾ വായനക്കാരിലേക്കെത്തുകയാണ്. കൊല്ലം ജില്ലയിലെ അധ്യാപികമാർ ഈ ഒരു കഥാസമാഹാരത്തിലൂടെ ചിന്തയുടെയും ഭാവനയുടെയും പ്രകാശം ചൊരിയുകയാണ്

ഇരുപത് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

ഷൈനി വി രചിച്ച 'ഗുൽമോഹർ പൂത്തപ്പോൾ' മനുഷ്യൻ ഏറ്റവും തീക്ഷ്‌ണമായി അനുഭവിച്ച കൊറോണകാലത്തിന്‍റെ കനലുകളെക്കുറിച്ചു പറയുന്ന കഥയാണ്. ഗുൽമോഹറിന്‍റെ ആത്മഗതങ്ങള്‍ വായനക്കാരില്‍ തീവ്രമായി സന്നിവേശിപ്പിക്കാന്‍ കഥാകാരിക്കു കഴിഞ്ഞിട്ടുണ്ട്

കുട്ടികൾക്കും അധ്യാപകർക്കുമൊപ്പമുള്ള നല്ലകാലം നഷ്ടപ്പെട്ട ഗുൽമോഹർ എന്ന വൃക്ഷത്തിൻ്റെ വേദന കഥയിൽ നിറഞ്ഞു കിടക്കുന്നു.

ഗുരുശിഷ്യ സ്നേഹബന്ധത്തിൻ്റെ നൊമ്പരങ്ങള്‍ അനുഭവിപ്പിക്കുന്ന കഥയാണ് മിനി ബി.ആറിൻ്റെ 'പെയ്‌തു തീരാതെ'.

ചേര്‍ന്നിരിക്കുമ്പോള്‍ ആ സ്നേഹച്ചൂട്  തിരിച്ചറിയാൻ സാധിക്കില്ലെന്നും നഷ്ടപ്പെടുമ്പോൾ എത്ര വിലയിട്ടാലും മതിയാകാത്ത ചില മനുഷ്യരുണ്ടെന്നും നമ്മെ ഓർമ്മപ്പെടുത്തുന്ന കഥയാണ് അജിതാമോൾ പി.കെ.യുടെ 'കുഞ്ഞിപ്പെണ്ണ്'. ബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന വേദനകളെ തൊടുകയാണ് ജൂലി ഫ്രാൻസീസ് ഒരു 'പുഴയെന്നെ തഴുകുമ്പോൾ' എന്ന കഥയിൽ. അപരിചിതനായ ഒരാളിലേക്ക് എത്തിപ്പെടുകയും അത് ജീവിതത്തിന്‍റെ ഒരു ഭാഗമായിത്തീരുന്ന കഥയാണ് ഷെറിൻ ജോക്കിമിൻ്റെ 'തുലാമഴ'.

ഉള്ളില്‍ എരിയുന്ന കനല്‍ പോലെ അടക്കിപ്പിടിച്ച വേദനയുടെ നീറ്റൽ ചുറ്റിവരിഞ്ഞ നിസ്സഹായരായ മനുഷ്യന്‍റെ ജീവിതത്തെയാണ് 'നോവ്' എന്ന കഥയിലൂടെ ജ്യോതി പി പറയുന്നത്.

ജാസ്‌മിൻ മുളമൂട്ടിലിന്‍റെ 'വേരുകൾ മുറിക്കപ്പെടുമ്പോൾ' എന്ന കഥ നിസ്സഹായത നിറഞ്ഞ ചില കാലങ്ങളെക്കുറിച്ചാണ് അനുവാചകരോട് സംവദിക്കുന്നത്.

എത്ര വായിച്ചാലും മനസ്സിലാകാത്ത  പുസ്തകമാണ് ഒരോ മനുഷ്യനും എന്ന അറിവാണ് കുഞ്ഞു ലക്ഷ്‌മി ആനന്ദിന്‍റെ 'ഉതിർന്നുടഞ്ഞ നിമിഷങ്ങൾ' എന്ന കഥ പങ്ക് വയ്ക്കുന്നത്. ഏകാന്തജീവിതത്തിന്‍റെ ആഴം തൊട്ടറിയുന്ന കഥയാണ് രാജിതോമസ് കല്ലടയുടെ 'മരങ്ങൾക്കിടയിലെ ആകാശം'. സ്‌കൂൾ കാലത്തിന്‍റെ സ്മരണകളിലേക്ക് കൊണ്ടുപോകുന്ന കഥയാണ് അജിനാ കബീർ റാഫിയുടെ 'ഓർമകളിലെ മെതിയടി',

കുടുംബബന്ധങ്ങൾക്കിടയിലെ നീറ്റുന്ന മുറിവാണ് അമ്പിളി സുധി കുടവെട്ടുരിന്‍റെ 'രോദനം' എന്ന കഥ.

ഇഷ്ടത്തിൻ്റെ ആനന്ദം നിറഞ്ഞ കഥയാണ് മഞ്ജു പ്രസന്നൻ്റെ 'മധുരനൊമ്പരം' .

ഉടഞ്ഞു പോകുന്ന ബന്ധങ്ങളും വേദനയും നിസ്സായതയുമാണ് രാധാമണി.പി.യുടെ 'ദൈവത്തിന്‍റെ മുഖം'.

ഇന്നും നിലനിൽക്കുന്ന ജാതീയതയുടെയും അതിനെ തോല്‍പ്പിക്കുന്ന വിശുദ്ധമായ സ്നേഹത്തിൻ്റെയും ആര്‍ദ്രമായ കഥയാണ് ധന്യാബോസിൻ്റെ 'കറുമ്പന് വെളിച്ചമായ അധ്യാപിക'. മായ എന്ന ഒരധ്യാപിക കറുമ്പൻ എന്ന വിദ്യാർത്ഥിയുടെ ഹൃദയത്തിൽ പ്രകാശകിരണമാവുന്ന കഥ.

വിചിത്രമായ ചില നിമിഷങ്ങളെ നേരിടേണ്ടി വരികയും അതിനെതിരെ മൗനം പാലിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയെ ഓർമപ്പെടുത്തുന്നു ഷീലാജോർജ്ജ് കല്ലടയുടെ 'ഉപദേശി'എന്ന കഥ. ഒരു കഥയി‌ലേക്ക് നമ്മെ കൊണ്ടു പോവുകയും പരിചിതമായ ഒരിടത്ത് എത്തിയതുപോലെ തോന്നിപ്പിക്കുന്നു മെറിന സ്റ്റീഫൻ്റെ 'എൻ്റെകുഞ്ഞി' എന്ന കഥ.   മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ സൂചി പ്പിക്കുന്നതാണ് അമീന എ.ആറിൻ്റെ 'ഓർമ്മയിലെ മഴ' പെയ്തത്.

നൊമ്പരങ്ങളെ ചേർത്തുവയ്ക്കാൻ ചില മനസ്സുകളെ അവിചാരിതമായി കണ്ടുമുട്ടുമെന്ന് പറയുന്ന സരിത ചന്ദ്രൻ പിയുടെ ഒരു 'ഗുരുവായൂർ യാത്ര'.

കഥയിലെ ജീവിതം നമ്മോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് മേഴ്‌സി ബെനിറ്റിന്‍റെ 'ഇവിടെയാണ് സ്വർഗ്ഗം' എന്ന കഥ.

കഥയുടെ വ്യത്യസ്‌തമായ ലോകം തുറന്നുവയ്ക്കുകയാണ് ഈ ഇരുപത് എഴുത്തുകാരികളും.

പുസ്തകങ്ങളെ ചേര്‍ത്തുപിടിക്കുമ്പോള്‍ നമ്മള്‍ വെളിച്ചമായിത്തീരുന്നുവെന്ന് ഗുൽമോഹറിന് അവതാരിക എഴുതിയ 'അര്‍ഷാദ് ബത്തേരി' അടയാളപ്പെടുത്തുന്നു.

'ഗുൽമോഹർ പൂത്തപ്പോൾ' എന്ന കഥാസമാഹാത്തിന്‍റെ എഡിറ്റര്‍ ഷീലാജോര്‍ജ്ജ് കല്ലടയാണ്.

ഈ സമാഹാരത്തിലെ ഇരുപത് എഴുത്തുകാരികൾക്കും ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

പ്രസാധകർ : ബാഷോ ബുക്സ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക