Image

കളിത്തോഴി (കവിത : ഷൈല ബാബു )

Published on 05 April, 2025
കളിത്തോഴി (കവിത : ഷൈല ബാബു )

കനകപ്രതീക്ഷയിൽ
കൂടൊന്നൊരുക്കി,
കളിത്തോഴിയാളിന്റെ
കൈ പിടിക്കാൻ!

കല്യാണിപ്പെണ്ണിന്റെ
കാർകൂന്തലി,ലന്നു
കനകാംബരമാല
കോർത്തിണക്കി!

കണ്ണൻ ചിരട്ടയിൽ
കഞ്ഞി വച്ചിട്ടന്നു
കൂട്ടിലക്കറികളാൽ
കാത്തിരുന്നു!

കരിമഷിച്ചാന്തിട്ടു
കൊച്ചുപാവാടയിൽ;
കളകളം മൊഴിഞ്ഞന്ന്
കിലുകിലാ ചിരിച്ചവൾ!

കനകാഭ തൂകുന്ന
കിന്നരി മുത്തിനാൽ
കൊഞ്ചും സ്വനങ്ങളായ്
കാലിൽ ചിലങ്കകൾ!

കരിനീലക്കൺകളിൽ
കനവുകളൊളിപ്പിച്ചു
കാഞ്ചനപ്പൂമൊട്ടിൻ
കമ്മലണിഞ്ഞവൾ!

കുഞ്ഞാറ്റക്കിളിയുടെ
കൂടിൻ കുതൂഹലം;
കൊതിതീരെ കണ്ടന്നു
കുലുങ്ങിച്ചിരിച്ചവൾ!

കാറ്റിനാലിളകുന്ന
കിളിച്ചുണ്ടൻ മാമ്പഴം,
കല്ലിനാൽ വീഴ്ത്തിയെൻ
കളമൊഴിപ്പെണ്ണിനായ്!

കായാമ്പൂ നിറമുള്ള
കരിവളക്കൈകളാൽ;
കൽവിളക്കിൻ തിരി
കത്തിച്ചു നിന്നവൾ!

കാർത്തിക നാളിലെ
കർപ്പൂര ദീപത്തിൽ;
കൈവല്യ ധാമമായ്
കാതരയായവൾ!

കപോലാധരങ്ങളെൻ
കൈക്കുടന്നയിലൊരു
കളിവീണയാക്കിടാൻ
കോരിത്തരിച്ചുപോയ്!

കരളിന്റെ തന്ത്രിയിൽ
കഥകളിപ്പദങ്ങളാൽ,
കന്യകയാൾക്കൊരു
കാവ്യമൊരുക്കി ഞാൻ..!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക