Image

അവളിടം ( കവിത : ഐറിസ് കൊയ്ലോ )

Published on 07 April, 2025
അവളിടം ( കവിത : ഐറിസ് കൊയ്ലോ )

ഇപ്പോളവൾ  
മുകളാകാശവാഴ്ത്തുകളും   
താഴ്‌വാരക്കലാപങ്ങളും 
ഇരുകൺകോണിലൊതുക്കി 
നോവ് കടഞ്ഞ മറുലോകത്ത്
ഇടമൊന്നൊരുക്കി

പാതാളച്ചതുപ്പിൽ വേരാഴ്ത്തി 
കാമ്പുറച്ച  ചീലാന്തിച്ചില്ലയിൽ  
മഞ്ഞിച്ചും പിന്നെ 
കുമ്പിട്ടും വിളറിച്ചോന്ന 
ഇതൾവിരിക്കിടക്കയിൽ

പുറമിരുളുമ്പോൾ 
കവര് പൂത്തും 
അകം കനക്കേ   
ഓർമരാകി തീപടർത്തിയും 
അവളിടം കാത്തു 

അകലെ കടലിരമ്പങ്ങൾ
ഇനിയത്തെ യാത്രകളോർമ്മിപ്പിച്ചു  
എരിക്കിന്റെ നീലിച്ച പൂക്കൾ 
കാലനേമിയായി  അരികിൽ

മുകളാകാശങ്ങൾ  ഏഴ് 
ഗോളാന്തരസഞ്ചാരങ്ങൾ 
മാടിവിളിക്കും തിളവെട്ടങ്ങൾ 
ചോരപ്പാടില്ലാതെയാഴ്ത്തും 
പ്രണയനിലാച്ചന്തങ്ങൾ
തേങ്ങലൊളിപ്പിക്കും  മരണക്കാറ്റുകൾ  
വലയെറിഞ്ഞ് കുരുക്കും  
ബുധവാസങ്ങൾ  
പാശം മുറുക്കും തന്ത്രപ്പെരുമാക്കന്മാർ 
കാഴ്ചമാഞ്ഞ  തമ്പുരാക്കന്മാർ  
നിഴൽ പെറ്റ നോവിന്റെ 
വിളറിയ ചക്രവാതങ്ങൾ 
കരുതിവണങ്ങേണ്ടും 
പാതിയുടൽ നാഗങ്ങൾ

'ഞാൻ  കാവല്ക്കാരനോ'
മുഴക്കമായിത്തുടരുന്നു  
'കാവല് !'


താഴേ  ആഴങ്ങളും  ഏഴ്

താഴ്‌വാരങ്ങളിൽ 
നിലയ്‌ക്കാത്ത 
പിൻവിളികൾ

കൊഴിച്ച  പാഴുകളൊതുക്കിയോ 
തേവിയോ വലയെറിഞ്ഞോ  
ചില്ലയൊതുക്കിയോ കനി വിളയിച്ചോ 
ചരിയുന്ന ചുവരുകൾ താങ്ങിയോ 
ചോരും കൂരയ്ക്കുതാഴെ ചരുവം നീക്കിയോ 
അന്നമൂട്ടിയോ രാവുറക്കം വറ്റിയോ  
കിതപ്പേറുന്നോ 
കടയുന്നോ 
ചായുന്നോ വീഴുന്നോ

താഴ്‌വാരങ്ങളിൽ 
ഇരുട്ടും ചോരയും 
ചോലകൾ കരിച്ചു  

സ്വന്തം ചോരയൂറ്റി  
കനവുകൾക്ക് തീയിട്ട് 
പായും വണ്ടികൾക്കെറിഞ്ഞുകൊടുത്ത്    
പ്രളയത്തിൽ 
മലയിടിച്ചിലിൽ 
കടലേറ്റത്തിൽ വേര് പിഴുതി   
മായിച്ചകറ്റി

വിലപേശുന്ന ഇണക്കങ്ങൾ 
കഴുമരമേറ്റും പിണക്കങ്ങൾ 
ബോധം മറയ്ക്കും ലഹരികൾ 
താണ്ഡവമാടും പിശാചകേളികൾ 

*
*
*

അവളിടത്ത് 
മധുകാലമിനിക്കും കാട്ടുപഴങ്ങൾ   
തരുവൊളിക്കും വിത്തുകൾ   
പ്രാണസഞ്ചാരങ്ങളുടെ 
കാണാച്ചുവടുകൾ 
അന്തിമിനുക്കത്തിന്നരനാഴികയ്ക്കുമപ്പുറം 
തടയാനരുതാ പടർച്ചകൾ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക