കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ (AJPAK) ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ പരിപാടി *കിഴക്കിന്റെ വെനീസ് ഉത്സവ് - 2025* അബ്ബാസിയ അസ്പയര്‍ ഇന്ത്യന്‍ സ്‌കൂള്‍ അമ്പിളി ദിലി നഗറില്‍ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതവും പ്രവാസികള്‍ അവരുടെ ഗൃഹാതുരത്വമായ കാഴ്ചപ്പാടുകളും, ആഗ്രഹങ്ങളും അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ആലപ്പുഴയുടെ ചരിത്രത്തെക്കുറിച്ചും സാംസ്‌കാരികമായ പാരമ്പര്യത്തെപ്പറ്റിയും നല്‍കിയ വിവരണം കാണികളുടെ ഹൃദയം കീഴടക്കി. സംഘാടന മികവുകൊണ്ടും മികവാര്‍ന്ന കലാപരിപാടികളാലും നാനാ തുറയില്‍ പെട്ടവരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി.
ചെയര്‍മാന്‍ രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനംമ്പള്ളി, സുരേഷ് വരിക്കോലില്‍ BEC CEO മാത്യൂസ് വര്‍ഗീസ്, ബൂബിയാന്‍ ഗ്യാസ് മാനേജിങ് ഡയറക്ടര്‍ ഷിബു പോള്‍, ഹൈതര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഹിതായത്തുള്ള, മലബാര്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഹര്‍ഷല്‍ പട്ടണം, മാത്യു ചെന്നിത്തല, ലിസ്സന്‍ ബാബു, അനില്‍ വള്ളികുന്നം, കുട കണ്‍വീനര്‍ മാര്‍ട്ടിന്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മനോജ് പരിമണം നന്ദിയും രേഖപ്പെടുത്തി.
മെഗാ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച സുവനീര്‍ രഞ്ജി പണിക്കര്‍ കണ്‍വീനര്‍മാരായ ലിബു പായിപ്പാടനും രാഹുല്‍ ദേവിനും നല്‍കി പ്രകാശനം ചെയ്തു. ഉപരി പഠനത്തിനായി നാട്ടിലേക്ക് യാത്രയാകുന്ന 10, 12 ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യാതിഥി രഞ്ജി പണിക്കര്‍ മെമെന്റോ നല്‍കി യാത്രയയപ്പ് നല്‍കി. പരിപാടിയോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലെ വിജയികളെ സജീവ് കായംകുളത്തിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചു
തുടര്‍ന്ന് നടന്ന ഗാനമേള സംഗീത ലോകത്തെ ഭാവി വാഗ്ദാനമായ ശ്രീരാഗ് ഭരതന്‍ നേതൃത്വം നല്‍കി. ഐഡിയ സ്റ്റാര്‍ സിംഗര്‍ 2008 വിജയി സോണിയ ആമോദ്, പ്രശസ്ത കീബോര്‍ഡിസ്റ്റ് അനൂപ് കോവളം, നാടന്‍ പാട്ട് കലാകാരന്‍ ആദര്‍ശ് ചിറ്റാര്‍, നടനും കോമഡി ആര്‍ട്ടിസ്റ്റും അവതാരകനുമായ ജയദേവ് കലവൂര്‍ എന്നിവര്‍ അവരുടെ കലാ പ്രകടനങ്ങള്‍ അവതരിപ്പിച്ചു.