സൗഹൃദസാഗരത്തില്‍ പ്രണയത്തിന്‍റെ
തോണി ഇറക്കികൂടെയെന്നവനാണ് ചോദിച്ചത്.
തിരയും,തീരവും പോലെ
ഇണങ്ങിയും പിണങ്ങിയും ജീവിച്ചവര്‍ക്കു നടുവിലേക്ക്
പ്രണയത്തിന്റെ വന്‍കര ചാലുകള്‍ കീറുന്നതു കണ്ട്
അവളുടെയുള്ളില്‍ ഭീതിയുണര്‍ന്നിരുന്നു.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍
ഒളിഞ്ഞിരിക്കുന്ന കാര്‍മേഘഗര്‍ജനങ്ങള്‍
അവർക്കിടയിലെ ഊഷ്മളതയെ
ആഴങ്ങളിലേക്കാഴ്ത്തിക്കള
ഞ്ഞേക്കാം.
കൊടും വികാരങ്ങളുടെ വേലിയേറ്റത്തിൽ
അവർക്കിടയിൽ ന്യൂനമർദ്ധങ്ങൾ
സൃഷ്ടിച്ചേക്കാം.
സ്വരമർമ്മരങ്ങൾ ഈണമിട്ട്
മൂളിയേക്കാം, എങ്കിലും
സൗഹൃദത്തിന്റെ പുഷ്പകവാടം
പൊളിച്ചു മാറ്റി
പ്രണയത്തിന്റെ മുള്‍വേലികള്‍
തീര്‍ക്കാനുള്ള അവളുടെ
ശ്രമവും പരാജയപ്പെട്ടിരിക്കുന്നു.
സൗഹൃദത്തെ ഹൃദയകവാടത്തില്‍
പൂട്ടിയിട്ട് അമര്‍ഷത്തിന്‍റെ രൗദ്രതാളത്തില്‍
അവൾ ചിരിച്ചപ്പോള്‍ ഉരുകിയൊലിച്ചു പോയത്
അവൻ്റെ പ്രണയവും , അവളുടെ സൗഹൃദവും
അല്പഭ്രമത്തിന്‍റെ തരിശുനിലങ്ങളില്‍
നിന്നു തിരിച്ചറിവിന്റെ മുന്തിരിത്തോപ്പുകളിലേക്ക്
അവളവനെ യാത്ര അയച്ചിരിക്കുന്നു
അസ്തമയ സൂര്യനെ നോക്കി
സായാന്ഹത്തെ ചുംബിച്ച്
ഉറങ്ങാത്ത മനസ്സുമായി
നിദ്രയിലണയാന്‍ അവളും യാത്രയാവുന്നു..