ഷിക്കാഗോ: വ്യത്യസ്ത രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജൂബി വള്ളിക്കളം ഫോമാ ജോ. സെക്രട്ടറിയായി മത്സരിക്കുന്നു.
ഏറ്റെടുക്കുന്ന ജോലികൾ കൃത്യമായി ചെയ്യുന്ന ചുരുക്കം ചിലരിലൊരാളാണ് ജൂബി. വിവാദങ്ങൾക്കോ അസ്വാരസ്യത്തിനോ ഇടകൊടുക്കാൻ ഒരിയ്ക്കലും സാഹചര്യം ഉണ്ടാക്കാറില്ല. നേതൃരംഗത്തു വരുന്നവർ ശരിയായി പ്രവർത്തിച്ചാൽ വിമര്ശനങ്ങള് ഒന്നും ഉയരില്ല എന്ന പക്ഷക്കാരിയാണ് ജൂബി.
ജൂബി വള്ളിക്കളത്തെപ്പറ്റി ഒരു മുഖവുരയുടെ ആവശ്യമില്ല. അല്ലാതെ തന്നെ അമേരിക്കൻ മലയാളികൾ ജുബിയുടെ പ്രവർത്തനങ്ങളെപ്പറ്റി ധാരണയുള്ളവരാണ്.
ഫോമാ വിമൻസ് റെപ്രസെന്ററ്റീവ് ആയും വിമൻസ് ഫോറം വൈസ് ചെയർ ആയും ജുബിയുടെ പ്രവർത്തന മികവ് കണ്ടറിഞ്ഞതാണ്. ആ സമയത്ത് 120 ഇൽ പരം വനിതകളെ ഉൾപ്പെടുത്തിക്കൊണ്ട് “മയൂഖം “ എന്ന പേരിൽ നടത്തിയ ഫാഷൻ കംപ്പിറ്റിഷന്റെ മുഖ്യ സംഘടകരിലൊരാളായി നേതൃത്വം നൽകി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ജൂനിയേഴ്‌സ് അഫേയർസ് എന്ന കമ്മിറ്റി ചെയർ എന്ന നിലയിലും പുതുതലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. ഏറ്റവും മികച്ച കമ്മിറ്റി എന്ന അംഗീകാരം അതിനു ലഭിക്കുകയുമുണ്ടായി. പ്രസംഗ മത്സരം, കോളേജ് ഒരുക്ക സെമിനാർ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് വലിയ പങ്കാളിത്തത്തോടെ കമ്മിറ്റി സംഘടിപ്പിച്ചത്.
നഴ്‌സിംഗിൽ മാസ്റ്റേഴ്സ് ബിരുദമുള്ള ഭരണങ്ങാനം സ്വദേശിയായ ജൂബി വി.എ. ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ജോഷി വള്ളിക്കളം ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്ടാണ്. ഫോമായിലും സജീവം. മക്കൾ കോളജ് വിദ്യാർത്ഥികൾ.
ഫോമായിലെ ഫസ്റ്റ് ഫാമിലി എന്ന് വള്ളിക്കളം കുടുംബത്തെ വേണമെങ്കിൽ വിശേഷിപ്പിക്കാം. എല്ലാവരും തന്നെ ഫോമായിൽ പ്രവർത്തിക്കുന്നവരാണ്. ഭർതൃസഹോദരൻ സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റായിരുന്നു . ഭർതൃ സഹോദര പത്നി ബീന വള്ളിക്കളവും സംഘടനയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു.
വീട്ടിൽ എല്ലാവരും സംഘടനാ പ്രവർത്തനത്തിൽ ഉള്ളതിനാൽ 1998 ൽ അമേരിക്കയിൽ എത്തി ഏറെ വൈകാതെ തന്നെ സംഘടനാ രംഗത് ജുബിയും പ്രവർത്തനമാരംഭിച്ചു. ചിക്കാഗോ മലയാളി അസോസിയേഷനിലോടെ ആയിരുന്നു തുടക്കം. ചിക്കാഗോ മലയാളി അസോസിയേഷന്റെ ബോർഡ് മെമ്പർ ആയും വുമൺസ് ഫോറം കോഓർഡിനേറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ചിക്കാഗോ മലയാളി അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് കോ കൺവീനർ ആയി അതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
നഴ്‌സസ് അസോസിയേഷൻ സെക്രട്ടറിയും വൈസ് പ്രസിഡന്ടുമായും പ്രവർത്തിച്ചു. പള്ളിയിലും സജീവം.
ഫോമായിലും മറ്റും പലരും വലിയ വാഗ്ദാനങ്ങളും പ്രതീക്ഷയുമായി വരും. ചിലർ ഒന്നും ചെയ്യില്ല. ചിലർ അഭിപ്രായഭിന്നതകൾ മൂലം മാറിനിൽക്കും. അതിനോടൊന്നും തനിക്കു യോജിപ്പില്ല. എല്ലാവരുമായും സൗഹൃദത്തിൽ പോകുകയും കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നേറുകയുംവേണമെന്നാണ് തന്റെ പക്ഷം.
ഫോമായുടെ പ്രവർത്തനം അടുത്ത തലത്തിലേക്കുയർത്തുന്നവരാകണം പുതുതായി വരുന്ന ഭാരവാഹികൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇവിടെ വേണം, പക്ഷെ നാടിനെ ഒഴിവാക്കാനും പാടില്ല. കാരണം കേരളത്തിൽ ഗ്രാമങ്ങളിൽ ഇപ്പോഴും ദുരിതത്തിൽ കഴിയുന്ന ധാരാളം പേരുണ്ട്. അവരുടെ എണ്ണത്തിന് ഒരു കുറവുമില്ല. അതിനാൽ അവരോടും നമുക്കൊരു കടപ്പാടുണ്ട്.
നഴ്‌സിംഗ് രംഗത്ത് നഴ്‌സുമാരുടെ സുരക്ഷിതത്വം അടക്കം ഒട്ടേറെ വെല്ലുവിളികൾ ഉണ്ട്. പലതരം മനുഷ്യരുമായി ബന്ധപ്പെടുന്നവരാണ് അവർ. അതിനാൽ അവർ എപ്പോഴും നമ്മുടെ പിന്തുണ അർഹിക്കുന്നു.
സംഘടനയിൽ മത്സരത്തിന് കുടുംബത്തിന്റെ പൂർണമായ പിന്തുണയുണ്ട്. അതിനാൽ യാത്രകളോ മറ്റു പ്രവർത്തനങ്ങളോ ഒന്നും ഒരു പ്രശ്നമാവില്ല. വനിതകളെ സംഘടനയിൽ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. അവരെ പിന്തുണക്കുകയും ചെയ്യണം.
ഫോമായിൽ പൊളിറ്റിക്സും ആശയപരമായ ഭിന്നതകളുമൊക്കെയുണ്ടെന്ന് അറിയാം. അവയെ നേരിടേണ്ടതുണ്ട്. സൗഹൃദപൂർണമായ നിലപാടുകളും ശക്തമായ പിന്തുണയുമൊക്കെയുള്ളപ്പോൾ ഇതൊരു പ്രശ്നമായി കരുതുന്നില്ല.