Image

ഡാലസില്‍ ഫോമാ സതേണ്‍ റീജിയണ്‍ ഉത്ഘാടനവും ഫാമിലി നൈറ്റും അവിസ്മരണീയമായി

ബിനോയി സെബാസ്റ്റ്യന്‍ Published on 09 April, 2025
ഡാലസില്‍ ഫോമാ സതേണ്‍ റീജിയണ്‍ ഉത്ഘാടനവും ഫാമിലി നൈറ്റും അവിസ്മരണീയമായി

ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഇര്‍വിംഗ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഫോമാ സതേണ്‍ റീജിയണ്‍ പ്രവര്‍ത്തനോത്ഘാടനവും ഫാമിലി നൈറ്റും വര്‍ണ്ണാഭമായി. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ഫോമാ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും നോര്‍ത്ത ്‌ടെക്‌സസ് മലയാളികളും അടങ്ങിയ മുന്നൂറില്‍പരം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, റീജിണ്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ്, നാഷണല്‍ ട്രഷററര്‍ സിജില്‍ പാലയ്ക്കലോടി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍ യോഹനാന്‍, ജിജു കുളങ്ങര, ഗ്രേസി ഊരാളില്‍, അനിയന്‍ ജോര്‍ജ്, റീജിയണ്‍ ചെയര്‍ രാജേഷ് വര്‍ഗീസ്, മാത്യു മുണ്ടക്കന്‍ തുടങ്ങിയവര്‍ ചേര്‍ന്നു നിലവിളക്കു കൊളുത്തി റീജിയണ്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.

നോര്‍ത്ത് അമേരിക്കയിലെ പ്രമൂഖ സാംസ്‌ക്കാരിക സംഘടനയായ ഫോമയുടെ അനുദിന പ്രവര്‍ത്തനങ്ങളില്‍ ഊന്നി സംസാരിച്ച പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ഫോമയുടെ നേത്യത്വത്തില്‍ കേരളത്തിലും അമേരിക്കയിലും നിലവില്‍ തുടരുന്ന  വിവിധ സാംസ്‌ക്കാരിക കാരുണ്യ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. 2026 ഓഗസ്റ്റില്‍  ഹ്യൂസ്റ്റണില്‍ വച്ചു നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന്‍ വിജയമാക്കുന്നതിന് ഏവരുടെയും സഹകരണം അദേഹം അഭ്യര്‍ത്ഥിച്ചു.

നിസഹായരും ദരിദ്രരുമായ ടെക്‌സസ് ജനങ്ങള്‍ക്കായി സതേണ്‍ റീജണ്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിവിധ ആരോഗ്യ മേഖലയിലും ഭവനദാന രംഗത്തും മറ്റും പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുമെന്ന് റീജിയണ്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍ പറഞ്ഞു.

മലയാളികളുടെ അന്തര്‍ദേശീയ അഭിമാന സംഘടനയായ ഫോമയുടെ അനുകാലിക പ്രസക്തിയുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന പ്രവാസി മലയാളികള്‍ക്ക് എന്നും പ്രചോദനമാണെന്ന് ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ് അഭിപ്രായപ്പെട്ടു. ഫോമ നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ ഉത്ഘാടനം പ്രഥമ ടിക്കറ്റ് ബേബി മണക്കുന്നേലില്‍ നിന്നും സ്വീകരിച്ചുകൊണ്ട് ജൂഡി ജോസ് ഉത്ഘാടനം ചെയ്തു.

കണ്‍വന്‍ഷനോടുബന്ധമായി നടന്ന കലാപ്രദര്‍ശനങ്ങളില്‍ ഡാലസ് ക്രെസ്റ്റ് കിംഗ് ദേവാലത്തിലെ കുട്ടികള്‍ അവതരിപ്പിച്ച മാര്‍ഗം കളി, കല്ല്യാന പ്രോഡക്ഷന്‍സ് അവതരിപ്പിച്ച ഡാന്‍സ് ഫ്യൂഷന്‍, സുബിയും ഫ്രാന്‍സീസും ചേര്‍ന്നവതരിപ്പിച്ച ലഘുനര്‍മ്മനാടകം, റിഥം ഓഫ് ഡാലസിന്റെ നേതൃത്വത്തിലുള്ള നൃത്തനൃത്യങ്ങള്‍, അഥീനയും സുഹൃത്തുളും ചേര്‍ന്നവതരിപ്പിച്ച നൃത്തരൂപങ്ങള്‍, സ്റ്റീഫന്‍ പോട്ടൂരിന്റെ മൗത്ത് ഓര്‍ഗന്‍ പ്രകടനം, തുടര്‍ന്നു നടന്ന ഗാനമേളയും ഉത്ഘാടന ചടങ്ങ് അവിസ്മരണീയമാക്കി. ഡാലസ് മലയാളി അസോസിയേഷന്‍ ട്രസ്റ്റി അംഗം ഡക്സ്റ്റര്‍ ഫെരേരയായിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍. രേഷ്മാ ജയന്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. 
 

ഡാലസില്‍ ഫോമാ സതേണ്‍ റീജിയണ്‍ ഉത്ഘാടനവും ഫാമിലി നൈറ്റും അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക