അടർന്ന് വീണ പൂവിതളുകൾ അതിഥികളായ് മണ്ണിലെത്തുമ്പോൾ പൂവായിരുന്നപ്പോളുള്ള സൗഹൃദം, മണ്ണിലലിയും വരെയെങ്കിലും സൂക്ഷിക്കുന്നുണ്ടാകുമോ?
അതോ...... പുതിയ ലോകത്തെത്തുമ്പോൾ, മണ്ണിരയോടും, പുഴുവിനോടും, അവളുടെ ചിത്രശലഭങ്ങളോടുള്ള പ്രണയകഥ പറയുന്ന തിരക്കിലായിരിക്കുമോ?
സൂര്യകിരണത്തിന്റെ പ്രഭയിൽ, ഇളംകാറ്റിന്റെ കൊഞ്ചലിൽ കാമിനിയായ് പൂമ്പാറ്റകളെ കാത്ത് നിന്ന അവളിലേക്ക് വന്നെത്തിയ കരിവണ്ടിനെ നോക്കി നിസ്സഹായയായ് നിന്നതും കഥകളിലുണ്ടാവുമോ?.
വിരഹപ്രണയത്തിന്റെ സ്‌മൃതിയിലാണ്ട്, കൊഴിഞ്ഞ ഇതളുകൾ ഒന്നിച്ച് വീണ്ടും
പൂവാകാനും തേൻ ചുരത്താനും വ്യാമോഹിച്ച് വേനലിലെ പ്രണയ മഴ മൗനിയായ് വീണ്ടും നനയാൻ കൊതിക്കുന്നുണ്ടാകുമോ?
ആ മഴപൊട്ടുകളെ മണ്ണിൽ വീണുടയാൻ അനുവദിക്കാതെ, കുറച്ച് നേരമെങ്കിലും പുണരാൻ വെമ്പുന്നുണ്ടാകുമോ?.
അറിയില്ല............
ചില്ലകളിലെ,വൈകാതെ കൂട്ടിനായ് വരുമെന്നുറപ്പുള്ള മറ്റ് പൂക്കളിലോട്ട് ഒരു കണ്ണിറുക്കിയടച്ച്, ഭൂമിദേവിയുടെ രക്തപ്രവാഹത്തിന്റെ നീണ്ട കുത്തൊഴുക്കിലലിഞ്ഞ് ചേരുമെന്നുള്ളത് മാത്രം, സങ്കല്പത്തിന്റ ചോദ്യചിഹ്നം ഇല്ലാതെ എഴുതി ഉറപ്പിക്കുന്നു.