മാരിവിൽ വർണങ്ങൾ
ചാലിച്ചു ചേർത്തൊരു
മായാവസന്തത്തിൻ
മലർവാടിയോ?
സപ്തസ്വരങ്ങളിൽ
സംഗീതം മൂളുന്ന
കദനകാവ്യങ്ങളോ
ജീവിതങ്ങൾ?
അധരപുടങ്ങളിൽ
വിരിയുന്ന പുഞ്ചിരി-
ക്കുള്ളിൽ മയങ്ങുന്ന
കാളിമയോ കാണ്മൂ!
കനമേറും ഭാരങ്ങ-
ളുള്ളിൽ ചുമക്കുന്ന
ജീവനിശ്വാസത്തി-
ന്നലയാഴി പോലെയോ?
അഴിയുന്ന ചേലയി-
ലബലതൻ പൈദാഹ-
മാറ്റുന്ന, രാവിന്റെ
കാമനയോ കാഴ്ച?
കത്തിമുനയിൽ
പിടയുന്ന ജീവന്റെ
അന്ത്യശ്വാസത്തിൻ
പ്രതിധ്വനിയോ?
ചെമ്പട്ടു ചേലയാ-
ലോമൽക്കുരുന്നിന്റെ
പൂമേനി മൂടുന്ന
കാടത്തമോ?
ദുരമൂത്ത കൈകളാൽ
മാതാപിതാക്കളെ,
തല്ലിക്കരയിക്കും
നീചത്വമോ?
അടവുകൾ മാറ്റി
ചവിട്ടുന്ന കോലങ്ങൾ
തുള്ളിക്കളിക്കും
കളിക്കളമോ?
സത്യവും നീതിയു-
മാറ്റിക്കളയുന്ന
കുരുട വ്യവസ്ഥിതി
തന്റെ ചട്ടങ്ങളോ?
കണ്ഠത്തിലമരുന്നോ-
രന്യായക്കുരുക്കിന്റെ
നോവിലുയരും
വിലാപങ്ങളോ?
മങ്ങിയ ചെരാതിന്റെ
വെട്ടമായുൾത്തടം
ചൂടുന്ന മാലിൻ
മണിമാലയോ?
പൊലിയും കിനാക്കളിൻ
ചിത കത്തിയെരിയുന്നൊ-
രൂഷരഭൂമിയായ്
ഹൃത്തടങ്ങൾ?
സാധുജനങ്ങൾക്കു
ചാട്ടവാറാകുന്ന,
ഉണ്മ തീണ്ടാതുള്ള
പാരതന്ത്ര്യം!