റോം: ആശുപത്രിയില്‍ കിടക്കുമ്പോഴൊക്കെ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നത് വസതിയിലേക്കു മടങ്ങണം, അവിടെ കിടന്നു മരിക്കണം എന്നായിരുന്നെന്ന് ജമേലി ആശുപത്രിയില്‍ പാപ്പയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ സെര്‍ഗിയോ അല്‍ഫീരി വെളിപ്പെടുത്തി. ആഗ്രഹം പോലെയായിരുന്നു വിയോഗം. അന്നു പുലര്‍ച്ചെ 5.30ന് പാപ്പയുടെ സഹായിയുടെ ഫോണ്‍ വന്നു. ഓടിയെത്തുമ്പോള്‍ കണ്ണുതുറന്നു കിടക്കുകയായിരുന്നെങ്കിലും വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല. ഇറ്റാലിയന്‍ ദിനപത്രമായ കൊറിയെറെ ഡെല്ല സെറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യത്തെക്കുറിച്ച് വിവരിച്ചത്.
ആശുപത്രിയിലെത്തിക്കാന്‍ പലരും നിര്‍ദേശിച്ചെങ്കിലും ജീവന്‍ വെടിഞ്ഞു എന്നു മനസ്സിലായി. 38 ദിവസം, ന്യൂമോണിയയും 2 ഹൃദയാഘാതവും അതിജീവിക്കാന്‍ പരിചരിച്ച് ഒപ്പം നിന്ന ഞാന്‍ അദ്ദേഹത്തിന്റെ നെറുകയില്‍ തലോടി യാത്ര പറഞ്ഞു ഡോക്ടര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.