കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സ്വദേശിനിയായ സാന്ദ്ര ജെൻസൺ ബ്രിട്ടനിൽ പുതലമുറയിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യൽ പൈലറ്റായി അഭിമാനമാവുന്നു. 21-ാം വയസ്സിൽ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് നേടിയ സാന്ദ്ര 23 ലേക്ക് എത്തുമ്പോഴേക്കും A320 യിൽ ഉൾപ്പെടെ മുപ്പത്താനിയരത്തിൽപ്പരം നോട്ടിക്കൽ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള 'ജസീറ എയർവേസിൽ' പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന സാന്ദ്ര ജെൻസൺ എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. രണ്ടാം വയസ്സിൽ യു കെ യിലെക്കു മാതാപിതാക്കളുടെ കരംപിടിച്ചു വന്ന ഈ 'കൊച്ചു പൈലറ്റ്' ഇന്ന് അനേകം വിലപ്പെട്ട ജീവനുകൾ സുരക്ഷിതമായി അവരുടെ ഉദ്ദേശ ലക്ഷ്യത്തിൽ കൊണ്ടെത്തിക്കുവാൻ തന്റെ കരങ്ങൾക്ക് കഴിയുമ്പോൾ വലിയ ചാരിതാർത്ഥ്യം പകരുന്ന അനുഭവം കൂടിയാണ് ഈ പ്രൊഫഷൻ സാന്ദ്രക്ക് നൽകുന്നത്.
തന്റെ 'എ'ലെവൽ പഠന കാലത്ത് വർക്ക് എക്സ്പീരിയൻസ് നേടുന്നതിന് വ്യത്യസ്ത മേഖല എന്ന നിലയിൽ തെരഞ്ഞെടുത്ത 'എയർ ട്രാഫിക് കൺട്രോളർ' എന്ന ഹൃസ്യ പരിശീലനത്തിന് ഒടുവിലാണ് ആകാശ പറക്കൽ എന്ന സ്വപ്നം ചിന്താധാരയിൽ മൊട്ടിട്ടതെന്ന് സാന്ദ്ര പറയുന്നു. പൈലറ്റ് എന്ന സ്വപ്നം പൊടുന്നനെയാണ് മനസ്സിൽ ഉദിച്ചതെങ്കിലും, തന്റെ നാട്ടിലേക്കും മറ്റുമുള്ള ആകാശ യാത്രകളിൽ നിന്നു ലഭിച്ചിട്ടുള്ള അനുഭൂതികളും എയർക്രാഫ്റ്റ് സ്റ്റാഫുകളുടെ യൂണിഫോമും, ചിന്തകളും അവളുടെ സ്വപ്നങ്ങൾ ഉയരങ്ങളിൽ എത്തിക്കാൻ പിൽക്കാലത്തു സഹായിച്ചുവത്രേ.
അങ്ങിനെ മനസ്സിലേക്ക് കയറിവന്ന ആകാശത്തോടുള്ള ആവേശം, പിന്നീട് പൈലറ്റാകാനുള്ള അവരുടെ അഭിലാഷത്തിന് ഇന്ധനമായി മാറുകയായിരുന്നു.
പൈലറ്റാവാനുള്ള മോഹം തീക്ഷ്ണമായി വളർന്നപ്പോൾ അത് ഏറെ മാനസ്സിക സമ്മർദ്ദത്തിലാക്കി.
എന്നാൽ മാതാപിതാക്കളുടെ ഭാഗത്തു നിന്നും കിട്ടിയ കട്ട സപ്പോർട്ടാണ് മോഹത്തിന് ചിറകു വെച്ചതെന്ന് സാന്ദ്ര പറയുന്നു.
തന്റെ സ്വപ്നം യാഥാർഥ്യമാക്കുവാൻ നടത്തിയ നിതാന്തമായ പഠനവും, പരിശീലനവും, അർപ്പണ മനോഭാവത്തോടെയും, ദൃഢ നിശ്ചയത്തോടെയും, കഠിനാധ്വാനത്തിലൂടെയും നടത്തിയ ചുവടുവെപ്പും കുടുംബത്തിന്റെ പ്രോത്സാഹനവും കൊണ്ടാണ് പൈലറ്റെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സാധിച്ചത്. ഓൺലൈനായി 'ബിഎസ് സി ഇൻ പ്രൊഫഷണൽ പൈലറ്റ് പ്രാക്ടീസ്' ഡിഗ്രി കോഴ്‌സിന് സാന്ദ്ര സമാന്തരമായി പഠിക്കുന്നുമുണ്ട്.
ഇതര രാജ്യങ്ങളെപ്പോലെ എഞ്ചിനീയറിംഗ് ബിരുദമോ, സയൻസോ, കണക്കോ സമാന വിഷയങ്ങളോ ഐശ്ചികമായി പഠിച്ചുവെന്നതോ മാനദണ്ഡങ്ങൾ ആയി ഇവിടെ പരിഗണിക്കാറില്ല എന്നാണ് സാന്ദ്രയുടെ അനുഭവപാഠം. പക്ഷെ പഠിക്കുവാനും, മനസ്സിലാക്കുവാനുമുള്ള കഴിവും ദൃതഗതിയിൽ ഓർമ്മിച്ചു കൃത്യതയോടെ പ്രവർത്തിക്കുവാനുള്ള കഴിവും പ്രാപ്തിയുമാണ് പ്രധാനമായി പരിഗണിക്കുക.
വലിയ ഫീസ് ഈടാക്കുന്ന ഒന്നാണ് ഫ്ലൈറ്റ് സ്‌കൂൾ പഠനമെങ്കിലും രണ്ടു വർഷം കൊണ്ട് ഒരു മികച്ച പ്രൊഫഷൻ സ്വന്തമാക്കാവുന്നതും, യുവജനങ്ങളുടെ സ്വപ്ന പ്രൊഫഷൻ ആണിതെന്നതുമാണ് പൈലറ്റ് പഠനം ഏറെ ആകർഷിക്കപ്പെടുവാൻ കാരണമാവുന്നതത്രെ. പതിമൂന്നോളം പരീക്ഷകൾ പൈലറ്റ് എന്ന സ്വപ്നത്തിലെ ഹർഡിൽസായി നിൽക്കുമ്പോൾ അവയെ മറികടക്കുവാൻ നിശ്ചയദാർഢ്യവും, ബുദ്ധിശക്തിയും, സമർപ്പണവും, അക്ഷീണമായ കഠിനാധ്വാനവും അനിവാര്യമാണ്.
സാന്ദ്രയുടെ പിതാവ് ജെൻസൺ പോൾ ചേപ്പാല ഒക്കൽ കേംബ്രിഡ്ജിൽ 'അച്ചായൻസ് ചോയ്‌സ് ' എന്ന പേരിൽ ഏഷ്യൻ ഗ്രോസറി ഉത്പന്നങ്ങളുടെയും, മീറ്റ്- ഫിഷ് എന്നിവയുടെയും വിപുലമായ തോതിൽ ട്രെഡിംഗ് ബിസിനസ്സ് നടത്തുന്നു. സാന്ദ്രയുടെ മാതാവ് ഷിജി ജെൻസൺ അഡൻബ്രൂക്ക്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ നഴ്‌സായി ജോലി ചെയ്തുവരുന്നു. മൂത്ത സഹോദരി സോണ ജെൻസൺ ഗ്യാസ് ഇൻഡസ്ട്രി അനാലിസ്റ്റും, ഇളയ സഹോദരൻ ജോസഫ്, കേംബ്രിഡ്ജിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
കുടുംബത്തിന്റെ ശക്തമായ പിന്തുണ ഏറ്റവും അനിവാര്യമായ ഒരു ഘടകം ആണ് പൈലറ്റ് പഠനമെന്നാണ് സാന്ദ്രയുടെ അഭിപ്രായം. പ്രത്യേകിച്ച് പഠനത്തിന് വലിയ സാമ്പത്തിക ചിലവും, സ്ത്രീയെന്ന നിലയിലും, ഭാവിയിലെ കുടുംബജീവിത കാഴ്ചപ്പാടിൽ സമൂഹം കാണുന്ന പരിമിതികളും കണക്കാക്കുമ്പോൾ മാതാപിതാക്കളുടെ പിന്തുണ ഏറെ അനിവാര്യമാണത്രെ. പക്ഷെ പുതിയ കാലഘട്ടത്തിൽ മാനുഷിക പരിഗണനയും, അവകാശവും തൊഴിലിടങ്ങളിൽ വിലമതിക്കുകയും, കുടുംബത്തോടൊപ്പം നിത്യേനതന്നെ ഒത്തു ചേരുവാനുള്ള സാഹചര്യം ലഭ്യവുമാണെന്നാണ് സാന്ദ്ര പറയുന്നത്.
കാഴ്ചക്കാർക്ക് മേഘങ്ങളിലൂടെ പറന്നുയരുന്ന ഒരു'ഉരുക്ക് തുമ്പി' മാത്രമാവാം വിമാനം. യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് ചെറിയ തീരുമാനങ്ങളും ക്രോസ്-ചെക്കുകളും തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്നതിനെക്കുറിച്ച് അവബോധം ഇല്ലാതെയാവാം യാത്ര. എന്നാൽ A320 വിശ്വസ്തതയും, ശക്തിയും കൃത്യതയും സംയോജിപ്പിച്ച ഒരു മനോഹരമായ ഏവിയേഷൻ യന്ത്രമാണെന്ന് ഈ കൊച്ചു പൈലറ്റ് പറയുന്നു. ഫ്ലൈ-ബൈ-വയർ സിസ്റ്റവും, അവബോധജന്യമായ കോക്ക്പിറ്റ് രൂപകൽപ്പനയുമുള്ള A320, സംസാരിക്കാൻ കഴിയുന്ന ഒരു സ്‌പോർട്‌സ് കാർ ഓടിക്കുന്ന ത്രില്ലും അനുഭൂതിയും പകരുന്നുവത്രെ.
“പൈലറ്റിന്റെ ജോലി വെറും പറക്കൽ മാത്രമല്ല, ഓരോ യാത്രക്കാരനും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഉറപ്പ് നൽകുന്നതാണ്,” എന്ന് സാന്ദ്ര അഭിമാനത്തോടെയും ഉത്തരവാദിത്വത്തത്തോടെയും പറയുന്നു. “ആകാശം പോലെയാണ് ജീവിതം — അതിന് പരിധിയില്ല.ആഗ്രഹവും പരിശ്രമവും ഇശ്ചാശക്തിയുമുണ്ടെങ്കിൽ ഏതിലും വിജയം ഉറപ്പാണ്".
സാന്ദ്ര ജെൻസന് ക്യാപ്റ്റൻ അടക്കം കൂടുതൽ ഉന്നത പദവികളിലേക്ക് ഉയർന്നു പറക്കുവാനാവട്ടെ.