Image

സംഗീത- നൃത്ത വിസ്മയം ഒരുക്കുന്ന 'മഴവിൽ സംഗീതം' ബോൺമൗത്തിൽ; നാല്പതിലധികം കലാപ്രതിഭകൾ; എട്ടുമണിക്കൂർ നീളുന്ന കലാമാങ്കം, നാളെ, ശനിയാഴ്ച്ച

അപ്പച്ചൻ കണ്ണഞ്ചിറ Published on 12 June, 2025
സംഗീത- നൃത്ത വിസ്മയം ഒരുക്കുന്ന 'മഴവിൽ സംഗീതം'  ബോൺമൗത്തിൽ; നാല്പതിലധികം കലാപ്രതിഭകൾ; എട്ടുമണിക്കൂർ നീളുന്ന കലാമാങ്കം, നാളെ, ശനിയാഴ്ച്ച

ലണ്ടൻ: യുകെ മലയാളികളായ കലാഹൃദയങ്ങൾ  നെഞ്ചിലേറ്റിയ  സംഗീത- നൃത്ത വിരുന്ന്, മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം നാളെ ജൂൺ 14 ന് ശനിയാഴ്ച ബോൺമൗത്തിലെ ബാറിംഗ്ടൺ തിയേറ്ററിൽ അരങ്ങേറും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന 40 തിലധികം കലാപ്രതിഭകളുടെ എട്ടുമണിക്കൂർ നീളുന്ന വർണ്ണ വിസ്മയം തീർക്കുന്ന കലാപരിപാടികളാണ് കലാസ്വാദങ്കർക്കുവേണ്ടി സംഘാടകർ ഒരുക്കിയിരിക്കുന്നത്.  

യുകെയിലെ പ്രശസ്ത സംഗീതജ്ഞനായ  സന്തോഷ് നമ്പ്യാർ നയിക്കുന്ന  ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ , എൽഇഡി സ്ക്രീനിന്റെ മാസ്മരിക മികവിൽ, അനുഗ്രഹീതരായ നിരവധി ഗായകർ ഗാനങ്ങൾ ആലപിക്കും. കൂടാതെ വൈവിധ്യമാർന്ന കലാപരിപാടികളും, നയനമനോഹരങ്ങളായ നൃത്തരൂപങ്ങളും, ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് 'മഴവിൽ സംഗീതം' തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.


 

യുകെയിലെ കലാ സാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ, മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കും. യുകെയിലെ നിരവധി പുതുമുഖ നൃത്ത സംഗീത പ്രതിഭകൾക്ക് എൻട്രിയും പ്രോത്സാഹനവും നൽകുവാൻ ഒരു പ്ലാറ്റ്‌ഫോം എന്ന നിലക്കാണ്  മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും, ഭാര്യ ടെസ്മോൾ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ഭാഗമായി എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണയും നാദ വിസ്മയം തീർക്കുവാൻ ബോൺമൗത്തിൽ എത്തുക
 

ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകൾക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും. സംഗീത ആലാപനം തപസ്യ ആക്കിയവരും, നൃത്തചുവടുകള്‍ കൊണ്ട്‌  വേദികളിൽ മാസ്‌മരികത വിരിയിക്കുന്നവരും, കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യസാമ്രാട്ടുകളും ഒത്തുചേരുന്ന മഴവിൽ സംഗീത സായാഹ്നത്തിൽ ഭാഗഭാക്കാകുവാനും, ആവോളം ആസ്വദിക്കുവാനും, എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
 

Venue Address :

Barrington Theatre, Penny’s walk,

Ferndown, Bournmouth, BH22 9TH.
 

For more details:

Aneesh George: 

07915 061105

Shinu Cyriac: 07888659644. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക