ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയൻ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'അസോസിയേഷൻ ഓഫ് മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ' (ആംലാ) എന്ന പേരിൽ പുതിയൊരു ചലച്ചിത്ര കൂട്ടായ്മയ്ക്ക് തുടക്കമായി. കേരളത്തിന് പുറത്ത് ഒരു മലയാള ചലച്ചിത്ര സംഘടന രൂപീകൃതമാകുന്നത് ഇത് ആദ്യമായാണ്. ഓസ്‌ട്രേലിയയിലെ സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും, ഈ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളി കലാകാരന്മാരും, ചലച്ചിത്ര ആസ്വാദകരുമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ.
സിനിമകൾ, ഡോക്യുമെന്ററികൾ, സംഗീത ആൽബങ്ങൾ, നാടകോത്സവം, റിയാലിറ്റി ഷോകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയുടെ നിർമ്മാണം, പ്രദർശനം എന്നിവയ്ക്ക് പുറമെ, ചലച്ചിത്ര കലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് ഓസ്‌ട്രേലിയയിൽ മലയാളം ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും 'ആംലാ' ലക്ഷ്യമിടുന്നു.
കേരളത്തിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ലൊക്കേഷൻ, ലൈറ്റ് യൂണിറ്റ്, വിവിധതരം ക്യാമറകൾ ഉൾപ്പെടെയുള്ള എല്ലാ ചിത്രീകരണ സൗകര്യങ്ങളും നൽകുക എന്നതാണ് 'ആംലായുടെ' പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കൂടാതെ, കേരളത്തിലെ പുതുമുഖങ്ങൾക്കും പ്രവാസി കലാകാരന്മാർക്കും അവസരം നൽകി ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന കുടുംബചിത്രങ്ങൾ ഓസ്‌ട്രേലിയയിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാനും 'ആംലാ' പദ്ധതിയിടുന്നു.
ക്വീൻസ്‌ലാൻഡിലെ ഗോൾഡ്‌കോസ്റ്റിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് 'ആംലാ' കൂട്ടായ്മ രൂപീകരിച്ചതും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതും. അടുത്ത രണ്ട് വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ഭാരവാഹികൾ:
* പ്രസിഡന്റ്: ജോയ് കെ. മാത്യു (നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ)
* സെക്രട്ടറി: ഡോ. ചൈതന്യ ഉണ്ണി (നടി, നർത്തകി)
* ട്രഷറർ: അഡ്വ. ഷാമോൻ അബ്ദുൾ റസാഖ് (നടൻ)
* വൈസ് പ്രസിഡന്റ്: സാജു സി.പി.
* ജോയിൻ സെക്രട്ടറി: ജോബിഷ് ലൂക്ക
* സ്റ്റോറി കോഡിനേറ്റർ: ഇന്ദു എം. സുകുമാരൻ
* മ്യൂസിക് കോഡിനേറ്റർ: തങ്കം ടി.സി.
* ലൊക്കേഷൻ കോഡിനേറ്റർ: ഷാജി തെക്ക്നത്ത്
* പ്രോഗ്രാം കോഡിനേറ്റർ: പോൾ ഷിബു
* ഈവന്റ് കോഡിനേറ്റർ: ജിബി തോമസ്, ഷീജാ മോൾ സെബാസ്റ്റ്യൻ
* മീഡിയ കോഡിനേറ്റർ: മോൻസി മാത്യു
* പ്രൊഡക്ഷൻ കോഡിനേറ്റർ: പൗലോസ് പുന്നോർപ്പിള്ളിൽ
* ഫിനാൻസ് കോഡിനേറ്റർ: ജയലക്ഷ്മി
രണ്ട് മലയാള സിനിമകളുടെയും ഒരു ഡോക്യുമെന്ററിയുടെയും ഭാഗമാകാനും, വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് ചലച്ചിത്ര പ്രവർത്തകർക്കും കലാകാരന്മാർക്കും കലാസ്വാദകർക്കും ഉപകാരപ്രദമായ അടുത്ത രണ്ട് വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും പൊതുയോഗം പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.