കെബെക്ക് സിറ്റി; കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനുള്ള കെബെക്ക് സെലക്ഷൻ സർട്ടിഫിക്കറ്റുകൾ (CSQ) ഇനി മുതൽ നൽകില്ലെന്ന് കെബെക്ക് സർക്കാർ. സ്പൗസൽ സ്പോൺസർഷിപ്പ് അപേക്ഷകൾക്ക് പ്രവിശ്യ സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ എത്തിയതോടെയാണ് ഈ തീരുമാനം.
2024 ജൂൺ 26 മുതൽ 2026 ജൂൺ 25 വരെയുള്ള കാലയളവിൽ സ്പൗസൽ സ്പോൺസർഷിപ്പിനായി 13,000 അപേക്ഷകൾ സ്വീകരിക്കാൻ കെബെക്ക് സർക്കാർ തീരുമാനം എടുത്തിരുന്നു. 2026 ജൂൺ 25 മുതൽ പുതിയ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്നും സർക്കാർ അറിയിച്ചു.
ഇതോടെ സ്പൗസൽ, പൊതു നിയമ പങ്കാളികൾ, ദാമ്പത്യ പങ്കാളികൾ, 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ആശ്രിതരായ കുട്ടികൾ എന്നിവരെ സ്പോൺസർ ചെയ്യുന്നതിനുള്ള അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കില്ല. കൂടാതെ സ്വീകരിക്കുന്ന എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യാതെ തിരികെ നൽകുകയും അപേക്ഷാ ഫീസ് തിരികെ നൽകുകയും ചെയ്യും.
അതേസമയം 18 വയസ്സിന് താഴെയുള്ള കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള അപേക്ഷകളെയും, വൈകല്യം കാരണം ആശ്രിതരായ മുതിർന്ന കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള അപേക്ഷകളെയും ഇത് ബാധിക്കില്ല. കൂടാതെ പേരന്റ്സ്, ഗ്രാന്റ് പേരന്റ്സ്, മറ്റ് ബന്ധുക്കൾ എന്നിവർക്കുള്ള അപേക്ഷകൾ സർക്കാർ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.
കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിന്, കെബെക്കിലെ താമസക്കാർ കാനഡയിലെ മറ്റു പ്രവിശ്യകളിലെ താമസക്കാരിൽ നിന്ന് വ്യത്യസ്തമായി കെബെക്ക് സെലക്ഷൻ സർട്ടിഫിക്കറ്റ് (CSQ) ലഭിക്കുന്നതിന് കെബെക്കിലെ ഇമിഗ്രേഷൻ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം നേടുകയും കെബെക്കിന് പ്രത്യേക അണ്ടർടേക്കിങിൽ ഒപ്പിടുകയും വേണം.