പെൻസിൽവാനിയ : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ), "'സഖി" എന്ന പേരിൽ ആദ്യമായി ദേശീയതലത്തിൽ വനിതാ സംഗമം(വിമൻ സമ്മിറ്റ്) സംഘടിപ്പിച്ചുകൊണ്ട് പ്രവർത്തന രംഗത്ത് പുതിയൊരു ചരിത്രം കുറിക്കുന്നു! 2025 സെപ്റ്റംബർ 26 മുതൽ 28 വരെ പെൻസിൽവാനിയയിലെ വിൽക്സ്-ബാരെയിലുള്ള വുഡ്‌ലാൻഡ്‌സ് ഇൻ ആൻഡ് റിസോർട്ടിൽ വച്ചാണ് വനിതാസംഗമം നടക്കുക. 'ശാക്തീകരിക്കുക, ഉയർത്തുക, നയിക്കുക' എന്നതാണ് ഇക്കൊല്ലത്തെ വനിതാ സംഗമത്തിൻറെ പ്രമേയം. സ്ത്രീകളുടെ നേട്ടങ്ങളും സൗഹൃദങ്ങളും ആഘോഷിക്കാനും, വെല്ലുവിളികളെ മറികടക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനുവേണ്ടി, സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ, സംരംഭകർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിങ്ങനെ വിവിധ തലങ്ങളിലെ വനിതകളെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫോമായുടെ ദേശീയ വനിതാ ഫോറം നേതൃത്വം നൽകുന്ന ഈ മഹാസംഗമം, പ്രവാസികളും അല്ലാത്തവരുമായ മലയാളി സ്ത്രീകളുടെ ശബ്ദം മലയാളിസമൂഹത്തിൻ്റെ ഉന്നമനത്തിനായി ഉയർന്നുകേൾക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് നടപ്പാക്കുന്നത്.
വിമൻസ് ഫോറം ചെയർ പേഴ്സൺ സ്മിത നോബിൻറെ നേതൃത്വത്തിൽ, ഫോമാ ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഫോമാ നാഷണൽ വിമൻസ് ഫോറം ഭാരവാഹികളായ ആശ മാത്യു, ജൂലി ബിനോയ്, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്ന സജി, മഞ്ജു പിള്ള എന്നിവർ ഈ സമ്മിറ്റിൻറെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവരുന്നു.
"വനിതാ സംഗമം" സംഘടനയിൽ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ഫോമായുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, വനിതാ സംഗമത്തിലെ വരുമാനത്തിന്റെ ഒരു ഭാഗം ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, സമൂഹ്യക്ഷേമം എന്നിവക്കും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ന് സമൂഹത്തിലെ ഏത് രംഗത്തെും സ്ത്രീ ശാക്തീകരണത്തിനു പ്രാധന്യം വർധിച്ചു വരുന്നതുകൊണ്ട് ഈ സംഗമത്തിലേക്കു ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു. സമൂഹിക നേതൃത്വം, സ്ത്രീ ശാക്തീകരണം, സാമൂഹീക നന്മ തുടങ്ങി ഒരു പുതിയ അധ്യായത്തിന്റെ ഭാഗമാകാനും, സഹജീവികളുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഒപ്പം നിൽക്കുന്നതിനുവേണ്ടിയും അവർ അഭ്യർത്ഥിച്ചു.
പരിപാടിയുടെ സവിശേഷതകൾ:
1. ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ.
2.നേതൃത്വം, സംരംഭകത്വം, ആരോഗ്യം, ക്ഷേമം, സാംസ്കാരിക സ്വത്വം എന്നിവയെക്കുറിച്ചുള്ള പാനൽ ചർച്ചകൾ
3.സ്ത്രീകളുടെ ഉന്നമനത്തിനും നേതൃപാടവത്തിനും നെറ്റ് വർക്കിങ്ങിനും സഹായിക്കുന്ന വർക്ക്‌ഷോപ്പുകൾ.
രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. www.fomaa.org/womenssummit2025 എന്ന വെബ്‌സൈറ്റിലൂടെ സീറ്റ് ബുക്ക് ചെയ്യാം. 2025 ഓഗസ്റ്റ് 1 വരെ ബുക്ക് ചെയ്യുന്നവർക്ക് പ്രീ ബുക്കിംഗ് ഡിസ്കൗണ്ട് ലഭ്യമാണ്.
ഈ മഹാസംഗമം വെറുമൊരു ഒത്തുചേരലല്ല, സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു സമ്മേളനമാണ് എന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ഒരു വനിതാസംഗമം സംഘടിപ്പിക്കുന്നതിൽ അഭിമാനിക്കുന്നതായി ഫോമാ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്,ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
ഇത് സ്ത്രീകളുടെ പ്രചോദനത്തിനും സഹകരണത്തിനും വളർച്ചയ്ക്കുമുള്ള വേദിയാണ്, എല്ലാ പശ്ചാത്തലങ്ങളിലുമുള്ള വനിതകളും ഇതിൻറെ ഭാഗമാകണമെന്നും അതുപോലെ പരിപാടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും വനിതാ ഫോറം ഭാരവാഹികൾ അഭ്യർത്ഥിച്ചു; ഒപ്പം സ്പോൺസർമാരോടുള്ള അഗാധമായ നന്ദിയും അവർ അറിയിച്ചു.