ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ പുതുമകള്‍ നിറഞ്ഞ കേരള കണ്‍വന്‍ഷന്റെ കിക്ക് ഓഫ് ഓഗസ്റ്റ് 8-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്ന ബസാര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് കേരള കണ്‍വന്‍ഷന്‍ കിക്ക് ഓഫ് പരിപാടികള്‍ നടക്കുക.
ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, 2026-ലെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂസ് മുണ്ടയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, സതേണ്‍ റീജിയണല്‍ കമ്മിറ്റി ചെയര്‍ രാജേഷ് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍ യോഹന്നാന്‍, ജിജു കുളങ്ങര, മീഡിയ ചെയര്‍ സൈമണ്‍ വളാച്ചേരില്‍, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, സതേണ്‍ റീജിയണിലെ വിവിധ അംഗ സംഘടനകളുടെ പ്രസിഡന്റുമാര്‍, മറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.
കേരള കണ്‍വന്‍ഷന് ഇതിനോടകം 15-ലധികം സ്‌പോണ്‍സര്‍മാര്‍ സന്നദ്ധത ഉറപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്ന് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി. ആദ്യ രജിസ്‌ട്രേഷനും സ്‌പോണ്‍സര്‍ഷിപ്പിന്റെ ചെക്കും പ്രസിഡന്റ് സ്വീകരിച്ചു കൊണ്ടാണ് കിക്ക് ഓഫ് ഉദ്ഘാടനം ചെയ്യപ്പെടുക. അമേരിക്കയിലെമ്പാടും നിന്നുള്ള ഫോമാ കുടുംബാംഗങ്ങളുടെ കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതാണ്. ഫോമാ കേരള കണ്‍വന്‍ഷന്റെ ഗംഭീര വിജയത്തിനായി ഏവരും ഒരേമനസോടെ പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയമാണ് ഇക്കുറി ഫോമാ കേരള കണ്‍വന്‍ഷന് ആത്ഥ്യമരുളുക. കുമരകത്തേക്കുള്ള പ്രവേശന കവാടമൊരുക്കുന്ന ഡൗണ്‍ടൗണ്‍ ഡീലക്‌സ് ഹോട്ടലായ വിന്‍ഡ്‌സര്‍ കാസിലില്‍ ആണ് 2026 ജനുവരി 9-ാം തീയതി ഫോമാ കേരള കണ്‍വന്‍ഷന് തിരിതെളിയുക. വിവിധ സെമിനാറുകളും സെഷനുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സമാപന സമ്മേളനവും അന്ന് നടക്കും.
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ കണ്‍വന്‍ഷനില്‍ മഹനീയ സാന്നിധ്യമറിയിക്കും. കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ജനുവരി 10-ാം തീയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ബോട്ട് ക്രൂയിസാണ്. ബിസിനസ് മീറ്റിനായി ഒരു ദിവസം നീക്കിവച്ചിട്ടുണ്ട്. വിരവധി പരിപാടികള്‍ കോര്‍ത്തിണക്കിയ കണ്‍വന്‍ഷന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.