ന്യു യോർക്ക്: ഫോമാ മെട്രോ റീജിയൻ കിക്ക് ഓഫിൽ കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് ആണ് തന്റെ നിയോജക മണ്ഡലത്തിൽ നിന്നുള്ള ഫോമാ വെസ്റ്റേൺ റീജിയൻ ആർ.വി.പി. ജോൺസൺ ജോസഫിന്റെയും സഹോദരരുടെയും നിശബ്ദമായ സേവനപ്രവർത്തനം പുറത്തു കൊണ്ട് വന്നത്.
ലോസാഞ്ചല്‍സില്‍ നിന്നുള്ള നമ്മുടെ ജോണ്‍സണ്‍ ജോസഫുമായി കടുത്തുരുത്തി നിയോജക മണ്ഡലത്തിൽപെട്ട ഒരു കുടുംബാംഗമെന്ന നിലയില്‍ അടുത്ത സ്‌നേഹവും സൗഹൃദവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കടുത്തുരുത്തി മണ്ഡത്തില്‍ അദ്ദേഹത്തിന്റെയും സഹോദരരുടെയും വീടും രണ്ടേക്കര്‍ സ്ഥലവും കാരുണ്യ പ്രവർത്തനങ്ങൾക്കായി സിസ്‌റ്റേഴ്‌സിന് കൈമാറുന്ന സുപ്രധാനമായ തീരുമാനം അദ്ദേഹവും സഹോദരരും ഈ അടുത്ത സമയത്ത് എടുക്കുകയുണ്ടായി. ആ സ്ഥലത്ത് നൂറോളം വരുന്ന നിരാലംബരായ മനുഷ്യരെ അന്തേവാസികളായി താമസിപ്പിക്കും.
ഫോമയുടെ ഒഫീഷ്യലായി നില്‍ക്കുന്ന ഒരു വ്യക്തിയുടെ ധാര്‍മ്മികമായ ഈ തീരുമാനത്തെ അഭിനന്ദിക്കുവാന്‍ ആഗ്രഹിക്കുകയാണ്. ഒരിഞ്ചു ഭൂമിക്കു വേണ്ടി ഇന്ന് മനുഷ്യര്‍ കൊലപാതകം വരെ നടത്തുന്നത് നമ്മള്‍ കാണുന്നു. ഈ രണ്ടേക്കര്‍ സ്ഥലം വിട്ടുകൊടുത്ത് അവിടെ നൂറോളം വരുന്ന പാവങ്ങളെ താമസിപ്പിക്കുവാന്‍ കഴിയുന്ന പ്രോജക്ട് യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നോട്ടു വരുന്നു എന്നുള്ളത് എത്ര വലിയ കാര്യമാണ്. ഇത് സംഘടനയുടെ തേജസ്സിന്റെയും മനുഷ്യനന്മയുടെയും മുഖമുദ്രയായിട്ടാണ് കാണാന്‍ കഴിയുന്നത്-മോൻസ് ജോസഫ് പറഞ്ഞു.
സിസ്റ്റർ റോസിലി
പിന്നീട് ഇ-മലയാളി ജോൺസണുമായി ബന്ധപ്പെട്ടു. കുറവിലങ്ങാട് നസ്രത്തുഹില്ലിലാണ് വണ്ടനാംതടത്തിൽ കുടുംബം . തങ്ങൾ ഒൻപതു സഹോദരരാണ്. ഏഴു പേർ അമേരിക്കയിലും രണ്ടു പേർ ഇന്ത്യയിലും. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ സിസ്റ്റർ റോസിലിയുടെ നേതൃത്വത്തിലുള്ള സ്നേഹ തീരം പ്രസ്ഥാനത്തിനാണ് ഇത് നൽകിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ, പുനലൂരിലുള്ള വിളകുടിയിലാണ് സിസ്റ്റർ റോസിലിയുടെ നേതൃത്വത്തിൽ സ്നേഹതീരം ഓർഫനേജ് പ്രവർത്തിയ്ക്കുന്നത്.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന നൂറോളം പേരെ ഇവിടെ കെട്ടിടം പണിത് പാർപ്പിക്കുകയാണ് ലക്‌ഷ്യം.
ഒൻപതു പേരിൽ ഇളയ ആളാണ് ജോൺസൺ. ഏഴു സഹോദരർ ഇതിന്റെ പേപ്പറുകൾ ഒപ്പിട്ടു കഴിഞ്ഞു.
കാൽ നൂറ്റാണ്ട് മുൻപ് അമേരിക്കയിലെത്തിയ ജോൺസൺ ലോസ് ഏഞ്ചൽസിൽ മാനുഫാക്ചറിംഗ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഭാര്യ റോസമ്മ കൈസർ ഹോസ്പിറ്റലിൽ ചാർജ് നഴ്‌സ് . മക്കൾ: ജോയൽ, ജെനിയ (ബാച്ചിലർ ഓഫ് നഴ്സിംഗ്), ജിബിൻ (യുസി സാൻഡിയാഗോ ബിരുദ വിദ്യാർത്ഥി)
ആലിസ് തോമസ്; ലില്ലി ഫ്രാൻസിസ് (ലോസ് ഏഞ്ചൽസ്); വത്സല ജോഷി (കാനഡ); എന്നീ സഹോദരിമാരും
ജോളി ജോസഫ് (റിട്ട. എംടിഎ, ന്യൂയോർക്ക്); തങ്കച്ചൻ ജോസഫ് (റിട്ട. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സൂപ്രണ്ട്, കൊച്ചി); സോണി ജോസഫ് (റിട്ട എംടിഎ , ന്യൂയോർക്ക്); ഷാജി ജോസഫ് (റിട്ട എംടിഎ , ന്യൂയോർക്ക്); പ്രിൻസ് ജോസഫ് (എംടിഎ, ന്യൂയോർക്ക്) എന്നിവരുമാണ് സഹോദരർ.