ന്യു യോർക്ക്: അമേരിക്കയിൽ ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്ന വോളിബോൾ കളിക്ക് പ്രോത്സാഹനവും ഊർജവും പകർന്ന ആദ്യകാല സംഘാടകരും കളിക്കാരുമായ മൂന്നു പേരെ എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാന വേദിയിൽ ആദരിച്ചത് ഏറെ അഭിനന്ദനാർഹമായി. ഫോമാ മെട്രോ റീജിയന്റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ആദ്യകാല കളിക്കാരായ സൈമൺ ജോർജ് (തമ്പു- ന്യൂജേഴ്‌സി), ബേബിക്കുട്ടി തോമസ്, ന്യൂയോർക്ക്, സോമൻ തോമസ്, ന്യു ജേഴ്‌സി എന്നിവരെയാണ് പ്ലാക്ക് നൽകി ആദരിച്ചത്.
സൈമൺ ജോർജ് 1971 ലും 1972 ലും തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജിൽ നിന്ന് കേരള സർവകലാശാലയെ പ്രതിനിധീകരിച്ചു.
ഇന്ത്യൻ സർവകലാശാല ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്എയിലേക്ക് കുടിയേറുന്നതുവരെ കേരളത്തിലെ ടൂർണമെന്റുകളിൽ ഒരു പ്രമുഖ കളിക്കാരനായിരുന്നു. ഇപ്പോൾ സ്റ്റെർലിംഗ് സീ ഫുഡ്‌സ് പാർട്ട്ണറാണ്.
ബേബിക്കുട്ടി തോമസ് 1976 ലും 1977 ലും കേരള സ്റ്റേറ്റ് സ്‌കൂൾ ടീമിൽ കളിച്ചു. 1982, 83, 84 വർഷങ്ങളിൽ ആലപുഴ ജില്ലയെ പ്രതിനിധീകരിച്ചു.
1990 കളുടെ തുടക്കത്തിൽ അമേരിക്കയിൽ എത്തിയ ശേഷം ന്യൂയോർക്കിലെ കേരള സ്‌പൈക്കേഴ്‌സിനായി ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റിൽ കളിക്കാനാരംഭിച്ചു . 1992, 93, 94, 96 വർഷങ്ങളിൽ ജിമ്മി ജോർജ് ടൂർണമെന്റിന്റെ ബെസ്റ്റ് സെറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.
സോമൻ ജോൺ തോമസ് പേരെടുത്ത വോളിബോൾ കളിക്കാരനല്ല, മറിച്ച് സംഘാടകനാണ്. ന്യൂയോർക്കിലെ കേരള സ്‌പൈക്കേഴ്‌സിന്റെ സ്ഥാപക പ്രസിഡണ്ടാണ്.
1973 ൽ വിദ്യാർത്ഥിയായി എത്തിയ ആദ്യകാല മലയാളികളിൽ ഒരാളായ അദ്ദേഹം സ്വദേശമായ ചെങ്ങന്നൂരിൽ വോളിബോൾ കളിയിലൊന്നും പങ്കെടുത്തിട്ടില്ല. ഇവിടെ യു.എന്നിൽ ഉദ്യോഗസ്ഥനായപ്പോൾ യു.എന്നിന്റെ കോർട്ടിൽ ചില മലയാളികൾക്കൊപ്പം വോളിബോൾ കളിക്കാനാരംഭിച്ചു. പിന്നീട് മികച്ച കളിക്കാരായ തീയാടിക്കൽ ബാബു (അലക്‌സാണ്ടർ തോമസ്) ജെയിംസ് തുടങ്ങിയവരെത്തി. കേരള സ്‌പൈക്കേഴ്‌സ് രൂപം കൊണ്ടപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്ടായി.
ആദ്യകാലത്ത് പല ടൂര്ണമെന്റുകളും നടത്തുന്നതിനായി ഏറെ കഷ്ടപ്പെട്ടു . അന്നൊന്നും കാര്യമായ ജനപിന്തുണയോ സാമ്പത്തിക സഹായമോ കിട്ടിയിരുന്നില്ല. ഇന്നിപ്പോൾ സ്ഥിതി മാറി. അമേരിക്കൻ യൂണിവേഴ്സിറ്റികളിലും നഗരങ്ങളിലും വോളിബോൾ പ്രചാരം നേടി. മലയാളികൾ ഉള്ളിടത്തെല്ലാം കളികൾ ജനകീയമായി. നഗരങ്ങളിൽ മാത്രമല്ല നയാഗ്രയിലും ഹാംപ്ട്ടനിലുമെല്ലാം ടൂര്ണമെന്റുകൾ നടക്കുന്നു. യുവജനതയും ആവേശപൂർവം പങ്കെടുക്കാൻ മുന്നോട്ടു വരുന്നു. ഉയരമുള്ള ചെറുപ്പക്കാർ കളിക്കളത്തിൽ നിറഞ്ഞു നില്കുന്നു.
ക്നാനായ സമുദായം കളിക്ക് നൽകിയ പിന്തുണയാണ് ഈ വളർച്ചയിൽ വലിയ പങ്കു വഹിച്ചത്. ചീട്ടുകളി, വോളിബോൾ, വടംവലി എന്നിവയൊക്കെ അവർ പ്രോത്സാഹിപ്പിക്കുന്നു.
അതുപോലെ തന്നെ സ്പോൺസർമാരെ കിട്ടുക ഇന്ന് വിഷമകരമല്ല. കളിക്കാർ ദൂരത്തു നിന്ന് ടൂര്ണമെന്റുകൾക്ക് വരാൻ മടിക്കുന്നില്ല.
see also
അംഗസംഘടനകൾനൂറായി ഉയരും: ഫോമാ സെക്രട്ടറി ബൈജു വർഗീസ്
വോളിബോൾകളിച്ചു മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക് സ്വർണമാല; കിട്ടി, പോയി
ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു
ഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽ
എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ്: ചിക്കാഗോ ലയൺസ് ജേതാക്കൾ; ഫില്ലി സ്റ്റാഴ്‌സ് റണ്ണർ അപ്പ്
എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാനം: കൂടുതൽ ചിത്രങ്ങൾ