ന്യുയോര്‍ക്ക്: ഫോമാ ന്യുയോര്‍ക്ക് മെട്രോ റീജിയന്‍ ആതിഥേയത്വം വഹിച്ച 2026 ഫാമിലി കണ്‍വന്‍ഷന്‍ "കിക്ക് ഓഫില്‍" സ്‌പോണ്‍സര്‍ഷിപ്പും റഗുലര്‍ രജിസ്‌ട്രേഷനുമായി രണ്ടര ലക്ഷം ഡോളര്‍ സമാഹരിച്ചുവെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഹൂസ്റ്റണിലെ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമായ 'വിന്‍ഡം ഹൂസ്റ്റണ്‍' ഹോട്ടലില്‍ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സംഘടനയുടെ ജന്‍മനാട്ടില്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സജീവമായിരിക്കുന്നുവെന്നും ഫാമിലി കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ റീജിയനുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കമ്മറ്റികള്‍ ഉടന്‍ തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍മോണ്ടിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഓഡിറ്റോറിയിത്തില്‍ നടന്ന കിക്ക് ഓഫ് കടുത്തുരുത്തി എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫാണ് നിര്‍വഹിച്ചത്. രജിസ്‌ട്രേഷന്റെ വെബ് സൈറ്റും മോന്‍സ് ജോസഫ് സ്വിച്ച് ഓണ്‍ ചെയ്തു. ''ഫോമായുടെ പരിപാടിയില്‍ പങ്കെടുക്കുക എന്നത് എക്കാലവും സന്തോഷകരമായ അനുഭവമാണ്. ഫോമാ നേതാക്കളുമായെല്ലാം മികച്ച ബന്ധമാണ് താന്‍ തുടരുന്നത്. ഏറ്റവും ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായി ഫോമ വളര്‍ന്ന് മുന്നോട്ടു പോകുന്നു എന്നത് ആരും അംഗീകരിക്കുന്ന ഒരു സത്യമാണ്. കഠിനാദ്ധ്വാനം കൊണ്ടും സഹകരണം കൊണ്ടും ഒന്നിച്ചു പോകാന്‍ കഴിയുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്...'' മോന്‍സ് ജോസഫ് പറഞ്ഞു.
പാലായുടെ എം.എല്‍.എ . മാണി സി കാപ്പന്‍ മുഖ്യ പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ വിവിധ സ്‌പോണ്‍സര്‍മാര്‍ രജിസ്‌ട്രേഷന്‍ ഫോം പ്രസിഡന്റിനെ ഏല്‍പ്പിക്കുകയും ചെയ്തു. നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറിന് മുകളിലേക്ക് പോകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം സഫലമായിക്കൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറി ബൈജു വര്‍ഗീസ് പറഞ്ഞു.
ഫോമാ കണ്‍വന്‍ഷനില്‍ ഏവര്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കുന്ന നിരക്കാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ട്രഷറര്‍ സിജില്‍ പാലക്കലോടി വ്യക്തമാക്കി. ഡബിള്‍ ഒക്യുപന്‍സി-1250 ഡോളര്‍, സിംഗിള്‍ ഓക്യുപന്‍സി-750 ഡോളര്‍. ഫുഡും അക്കോമഡേഷനും എല്ലാം ചേര്‍ത്തുകൊണ്ടാണ് തുക നിശ്ചയിച്ചിരിക്കുന്നത്. മെഗാസ്‌സ്‌പോണ്‍സര്‍ഷിപ്പ് 25000 ഡോളറാണ്. 15000 ഡോളറിന്റേതാണ് ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ഷിപ്പ് പ്ലാറ്റിനം സ്‌പോണ്‍സര്‍ 10000 ഡോളറാണ്. സ്‌പോണ്‍സര്‍ഷിപ്പിന് കൂടുതല്‍ പേര് മുന്നോട്ടു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഫോമായുടെ മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ബേബി ഊരാളില്‍, ഡോ. ജേക്കബ് തോമസ് എന്നിവരെ മോന്‍സ് ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. ഫോമ കായികരംഗത്തും പ്രോത്സാഹനം കൊടുക്കുന്നു എന്നതിന്റെ തെളിവാണ് ന്യുയോര്‍ക്ക് മെട്രോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ എന്‍.കെ ലൂക്കോസ് മെേേമ്മാറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റ്. അമേരിക്കയില്‍ നിന്നും കാനഡയില്‍നിന്നുമായി 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഫോമാ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫില്‍ വച്ചാണ് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തത്.
ആവേശകരമായ കിക്ക് ഓഫ് ചടങ്ങില്‍ ഫോമാ നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍, യൂത്ത് ഫോറം ഭാരവാഹികള്‍, എക്‌സ് ഒഫീഷ്യോ തുടങ്ങിയവര്‍ പങ്കെടുത്തു. ജുഡീഷ്യല്‍ കൗണ്‍സില്‍, അഡൈ്വസറി ബോര്‍ഡ്, കംപ്ലെയ്ന്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍, അംഗസംഘടനകളുടെ പ്രതിനിധികള്‍, റീജിയണല്‍ കമ്മിറ്റി മെമ്പേഴ്സ്, വിവിധ സാമൂഹിക-സാംസ്‌കാരിക-സാമുദായിക വ്യക്തിത്വങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു.
ഫാമിലി കണ്‍വന്‍ഷന് മുന്നോടിയായി ഫോമായുടെ കേരള കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 2026 ജനുവരി 9-ാം തീയതി ഫോമാ കേരള കണ്‍വന്‍ഷന് തിരിതെളിയുക. രണ്ടാം ദിവസമായ ജനുവരി 10-ാം തീയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ആവേശകരമായ ബോട്ട് ക്രൂയിസാണ്. 11-ാം തീയതി എറണാകുളം ഗോകുലം പാര്‍ക്കില്‍ വച്ച് ബിസിനസ് മീറ്റും നടത്തും.