ഡാളസ് : കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം ഫ്‌ളൂ അതീവ ഗുരുതരാവസ്ഥയിലാണെന്നും, ഡാളസ് കൗണ്ടിയില്‍ മാത്രം ഫ്‌ളൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 26 കവിഞ്ഞതായും ജനുവരി 10ന് പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ഡാളസ് കൗണ്ടി ആരോഗ്യവകുപ്പു അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ ഫ്‌ളൂ ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കണക്കുകളും ആരോഗ്യവകുപ്പു പുറത്തുവിട്ടു. 557 പേരില്‍ 70 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലും, ഇതില്‍ 30 പേരെ വെന്റിലേറ്ററിലേക്കും മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഗര്‍ഭിണികളായ 69 പേര്‍ ഇതേ അസുഖം ബാധിച്ചു ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫ്‌ളൂവിനെതിരെ കുത്തിവെയ്പുകള്‍ എടുക്കുന്നതിനുള്ള സമയം അതിക്രമിച്ചിട്ടില്ല എന്നും, കഴിയുന്നതും എല്ലാവരും പ്രതിരോധ കുത്തിവെയ്പുകള്‍ ഉടനെ എടുക്കണമെന്നും ആരോഗ്യവകുപ്പു അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്‌ളൂ ബാധിച്ചവര്‍ രോഗം പൂര്‍ണ്ണമായി മാറി എന്ന് ബോധ്യപ്പെട്ടതിന് ശേഷമേ ജോലിയിലേയ്‌ക്കോ, വിദ്യാലയങ്ങളിലേക്കോ പ്രവേശിക്കാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ കുടിവരുന്നിടങ്ങളില്‍ ഇവരുടെ സാന്നിധ്യം രോഗം പകരുന്നതിടയാക്കും എന്നതിനാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പധികൃതര്‍ അഭ്യര്‍ത്ഥിച്ചു.