മഴ മാറി, മാനം തെളിഞ്ഞു. മഞ്ഞു പുതച്ച രാവുകളില്‍ കേരളത്തിലുടനീളം ഉത്സവകാലം
തകര്‍ത്തുപെയ്യുന്നു. അത്തപ്പൂവും തിരുവോണത്തല്ലും കഴിഞ്ഞാല്‍ ഞാറ്റുവേലയായി,
ജലോത്സവങ്ങളായി. നിറപുത്തരിയും ഇല്ലംനിറയും വള്ളസദ്യയും ആനയോട്ടവും പൊങ്കാലയും
വിദ്യാരംഭവും പുതിയ കാലത്തിന് വര്‍ണാഭ ചാര്‍ത്തുന്നു. രഥോത്സവവും അഷ്‌ടമിയും
കഴിഞ്ഞാല്‍ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ കാര്‍ത്തികവിളക്കായി. ശൂചീന്ദ്രത്ത്
തേരോട്ടവും ശബരിമലയില്‍ മകരവിളക്കും... അങ്ങനെ ഉത്സവലഹരിയുടെ പടയണിക്കിടയില്‍ ചില
മധുരസ്വപ്‌നങ്ങള്‍ ഉതിരുന്നു.
പതിനായിരം യുവകലാകാരന്മാരും കലാകാരികളും 300
വേദികളില്‍ മാറ്റുരയ്‌ക്കുന്ന കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ജനുവരി 19 മുതല്‍
25 വരെ പാലക്കാട്ട് അരങ്ങേറുകയാണ്. കലോത്സവ വേദികളില്‍നിന്ന് മലയാളസിനിമയുടെ
മുന്‍നിര താരമായി വളര്‍ന്ന കാവ്യ മാധവനാണ് മുഖ്യാതിഥി. ഈ വേദിയില്‍നിന്നുതന്നെ
രംഗപ്രവേശം ചെയ്‌ത മഞ്‌ജു വാര്യര്‍ നീണ്ട ഇടവേളയ്‌ക്കുശേഷം വീണ്ടും സിനിമയില്‍
സജീവം. കലോത്സവത്തില്‍നിന്നുതന്നെ മലയാളത്തിലും തമിഴിലും തെലുങ്കിലും മുന്‍നിര
താരമായി വളര്‍ന്ന വിനീതിനെ ആര്‍ക്കു മറക്കാനാവും!
ഹൃദയം ഒരു ക്ഷേത്രം.
അതില്‍ ഈശ്വരചൈതന്യം കുടികൊള്ളുന്നു എന്നാണല്ലോ എല്ലാ മതങ്ങളുടെയും അന്തഃസത്ത.
എന്നാല്‍, ഹൃദയംതന്നെ ക്ഷേത്രചൈതന്യത്തിനു മുമ്പില്‍ അര്‍ച്ചന ചെയ്യുന്ന നിരവധി
കലാകാരന്മാരെ ഈ ഉത്സവപ്പറമ്പുകളില്‍ കണ്ടുമുട്ടാനാവും. ജീവിതത്തിന്റെ വിഭിന്നങ്ങളായ
പാതകളില്‍ പെട്ടുപോയെങ്കിലും കലയോടുള്ള ആഭിമുഖ്യം കൈവിടാതെ തപസ്യ ചെയ്യുന്നനിരവധി
പേരുണ്ടെന്ന് ഉത്സവവേദികള്‍ തെളിയിക്കുന്നു. അവരില്‍ ഡോക്‌ടര്‍മാരുണ്ട്,
എന്‍ജിനീയര്‍മാരുണ്ട്, ഐ.ടി വിദഗ്‌ധരും പ്രൊഫസര്‍മാരുമുണ്ട്. എന്നുവേണ്ട,
വീട്ടമ്മമാരും ഐ.പി.എസ് നേടിയ പോലീസ് ഉദ്യോഗസ്ഥരും വരെ...
കോട്ടയത്ത്
നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവശതാബ്‌ദിക്കിടയിലാണ് വയലിനില്‍ മാസ്‌മരികത
സൃഷ്‌ടിക്കുന്ന ഒരു കലാകാരനെ കണ്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി
യൂണിറ്റ് ചീഫും പ്രൊഫസറുമായ വി.എല്‍. ജയപ്രകാശ് എം.ഡി., ഡി.എം. നേരിയ ഹൃദയാഘാതം
നേരിട്ട് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒറ്റ രാത്രികൊണ്ട്
അപകടനില തരണംചെയ്‌തു പുറത്തുവന്നപ്പോള്‍ ആരോ അദ്ദേഹത്തോടു മന്ത്രിച്ചു: ``ഈ
ഡോക്‌ടര്‍ ഒരു കലാകാരനുമാണ്...'' നല്ല പാട്ടു കേട്ട് ആസ്വദിക്കുന്നതില്‍ കവിഞ്ഞ
ഒരു കലയും അവകാശപ്പെടാനില്ലാത്ത ഉമ്മന്‍ചാണ്ടി അമ്പരന്നുപോയി. ``നേരോ?'
??
ഉത്സവത്തിന്റെ ആകര്‍ഷണകേന്ദ്രമായ ഫ്യൂഷന്‍ മ്യൂസിക്കിന്റെ സംഘാടകനായ
വി.എല്‍.ജെ.പി എന്ന ഡോ. വി.എല്‍. ജയപ്രകാശ് ഇത്തവണ ഉത്സവത്തിനെത്താന്‍ പ്രത്യേക
കാരണമുണ്ടായിരുന്നു. പത്തില്‍ പഠിക്കുന്ന മകന്‍ അരുണിന്റെ വയലിനിലെ
അരങ്ങേറ്റമായിരുന്നു അന്ന്.
പഠിക്കുന്ന കാലത്തുതന്നെ ജയപ്രകാശ്
`സംഗീതഭ്രാന്തന്‍' ആയിരുന്നുവെന്ന് അമ്മ റിട്ട. പ്രൊഫസര്‍ രാധ ഓര്‍മിക്കുന്നു.
അച്ഛന്‍ റിട്ട. ജഡ്‌ജി വി.യു. ലംബോധരന്‍ അതിന് അടിവരയിട്ടു. അമ്മ പറയുന്നു:
``ഒരിക്കല്‍ മെഡിസിന്‍ പരീക്ഷയുടെ തലേന്നാള്‍ അവന്റെ മുറിയില്‍നിന്ന് വയലിന്‍
ശബ്‌ദം കേട്ട് ഞാന്‍ പൊട്ടിത്തെറിച്ചു. ജയന്‍ എന്നെ വിളിച്ച് മുറിയില്‍ കയറ്റി
കാണിച്ചുതന്നു. ഒരു കൈയില്‍ വയലിനും മുന്‍പിലൊരു കസേരയില്‍ ടെക്‌സ്റ്റ് ബുക്കും.
സംഗീതമില്ലെങ്കില്‍ ഒന്നും തലയില്‍ കയറില്ല എന്നായിരുന്നു അവന്റെ ന്യായം...''
കാര്‍ഡിയോളജിയില്‍ ഡി.എം ചെയ്യുമ്പോഴും വയലിന്‍ ഭ്രമം വിടരാതെ
പിന്തുടര്‍ന്നയാളാണ് ജയപ്രകാശ്. വയലിനിസ്റ്റായിരുന്ന മിസ്സിസ് കെ.എം.
മാത്യുവുമൊത്തു കോട്ടയത്തെ നാട്ടകം ഗസ്റ്റ്‌ഹൗസില്‍വച്ച് ജനറല്‍ മാനക്‌ഷായുടെ
മുമ്പാകെ വയലിന്‍ വായിച്ച സന്ദര്‍ഭം വി.എല്‍.ജെ.പി ഇന്നും ഓര്‍ക്കുന്നു.
നാഗമ്പടത്തെ ഉത്സവശതാബ്‌ദി വേദിയില്‍ അച്ഛനമ്മമാരുടെ മുമ്പാകെ സോളോയും,
സാക്‌സോഫോണ്‍ വിദഗ്‌ധനായ ഹാലിച്ചനുമൊത്ത് `ചിറ്റ്‌ചോറി' ല്‍ യേശുദാസ് പാടിയ
ഹിന്ദിഗാനത്തിന്റെ ഡ്യൂയറ്റും അവതരിപ്പിക്കുമ്പോള്‍ ജയപ്രകാശ് പരിസരം മറന്ന് ഒരു
കൊച്ചുകുട്ടിയെപ്പോലെ സംഗീതത്തില്‍ അഭിരമിച്ചു.
കോട്ടയത്തുനിന്ന്
കാസര്‍ഗോട്ട് കുടിയേറിയ സെലിന്‍ ജോസിന്റെ മധുരഗാനങ്ങള്‍ പരിപാടിയുടെ മറ്റൊരു
ആകര്‍ഷണമായിരുന്നു. `മഴവില്‍ മനോരമ' യുടെ സംഗീതമത്സരത്തില്‍ ഒന്നാമതെത്തി ഒരു
കോടിയുടെ വില്ല സമ്മാനം നേടിയ ആളാണ് സെലിന്‍. ഇപ്പോള്‍ സിനിമയിലും പാടുന്നു.
``സത്യം ശിവം സുന്ദരം...'' എന്ന ഉജ്വലഗാനത്തോടെയായിരുന്നു സെലിന്റെ
തുടക്കം.
ആര്‍പ്പൂക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവവേദിയില്‍
നൃത്തംചെയ്‌ത ഡോക്‌ടര്‍ സഹോദരിമാര്‍ മഞ്‌ജുഷയും അഞ്‌ജലിയും മറ്റൊരു ടീം. എം.ജി
യൂണിവേഴ്‌സിറ്റി ഡീന്‍ ആയിരുന്ന ഡോ. സി.എസ്. മേനോന്റെ മക്കളാണിവര്‍. ഇരുവരും
മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യയില്‍ എം.ഡി. ഓരോ കുട്ടിയുടെ അമ്മമാരായിട്ടും
ഇരുവര്‍ക്കും കലയോടുള്ള അഭിനിവേശം കുറഞ്ഞിട്ടില്ല. മഞ്‌ജുഷ മെഡിക്കല്‍ കോളേജ്
ഓര്‍ത്തോ അദ്ധ്യാപകനായ ഡോ. ജെ.ആര്‍. വിജയാനന്ദിന്റെയും, അനുജത്തി അഞ്‌ജലി, ഡോ.
ടി.ആര്‍. ബിനു (ദുബൈ)വിന്റെയും പത്‌നിമാരാണ്.
``മഞ്‌ജുഷയും അഞ്‌ജലിയും
`തിരുവിതാംകൂര്‍ സഹോദരിമാര്‍' എന്നു പേരു കേട്ട
ലളിത-പത്മിനി-രാഗിണിമാരെപ്പോലെയാണ്. മൂന്നു പേരെ തികയ്‌ക്കാന്‍ മഞുജയ്‌ക്ക് ഒരു
മകളുണ്ട് - കൃഷ്‌ണവേണി. ഒമ്പതു വയസേയുള്ളൂവെങ്കിലും അവള്‍ നല്ലൊരു നര്‍ത്തകിയായി
വരാനുള്ള എല്ലാ ലക്ഷണങ്ങളുമുണ്ട്. ലളിത-പത്മിനി-രാഗിണിമാര്‍ വിവാഹം
കഴിക്കാത്തവരായിരുന്നു. പക്ഷേ, അവരുടെ സഹോദരന്‍ ഡോ. രാമചന്ദ്രന്റെ ഏകമകളാണ്
പ്രശസ്‌ത നര്‍ത്തകിയും നടിയുമായ ശോഭന'' -ഡോ. മേനോന്‍ ഓര്‍മിപ്പിച്ചു. പത്‌നി ഡോ.
വത്സലാദേവിയും ആ സ്വപ്‌നത്തിലാണ്.
മഞ്‌ജു-അഞ്‌ജലിമാരുടെ പിന്നാലെ അതേ
വേദിയില്‍ അരങ്ങുതകര്‍ത്ത രണ്ടുപേരെക്കൂടി കണ്ടു - മൗണ്ട് കാര്‍മല്‍ സ്‌കൂള്‍
വിദ്യാര്‍ത്ഥിനി ശില്‌പ സോമരാജും കൂട്ടുകാരി അമൃത സാബുവും. ശില്‌പ സ്‌കൂള്‍
യുവജനോത്സവത്തില്‍ നാടോടിനൃത്തത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ്. ഇപ്പോഴും മികച്ച
ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്നു. പാലക്കാട്ടെ 54-ാമത് സംസ്ഥാന കലോത്സവത്തില്‍
പങ്കെടുക്കാനായില്ലെങ്കിലും സ്‌കൂള്‍ പഠനം തീരാന്‍ ഇനിയും നാലഞ്ചു വര്‍ഷം
കിടക്കുന്നു. എന്നെങ്കിലും ഒരു കാവ്യാ മാധവനോ മഞ്‌ജു വാര്യരോ ആകാമെന്ന് ഈ
കൊച്ചനുജത്തിമാര്‍ സ്വപ്‌നം കണ്ടാല്‍ തെറ്റുപറയാനാവില്ല.
കുമാരനല്ലൂര്‍
ദേവീക്ഷേത്രോത്സവത്തില്‍ അരങ്ങേറിയ വീട്ടമ്മമാരുടെ തിരുവാതിരയും മറക്കാനാവാത്ത
അനുഭവമായി. അവരില്‍ പലരും കുടുംബശ്രീയിലും മറ്റും ഉള്‍പ്പെട്ടവരാണ്. മിക്കവരും
വീട്ടമ്മമാര്‍ - മക്കളും മക്കളുടെ മക്കളുമുള്ളവരുമുണ്ട്. കാച്ചെണ്ണ തേച്ച്
അമ്പലക്കടവില്‍ കുളിച്ച്, ദേവീദര്‍ശനവും കഴിഞ്ഞ്, വാലിട്ടു കണ്ണെഴുതി
പൊട്ടുംതൊട്ട് സെറ്റും നേര്യതുമിട്ട് അരങ്ങത്തെത്തുമ്പോള്‍ അവര്‍
ഗന്ധര്‍വസംഗീതത്തില്‍ ലയിക്കുന്നു... ``പാര്‍വണേന്ദു മുഖീ പാര്‍വതീ,
വിഘ്‌നേശ്വരന്റെ ചിന്തയില്‍ മുഴുകി നടന്നു...''
തിരുവാതിരയുടെ ചുവടുകള്‍
ആസ്വദിച്ച് സദസ്സിലെ നൂറായിരം കണ്ണുകള്‍ തിളങ്ങി.
ക്ഷേത്രത്തിന്
അകലെയല്ലാതെ ഗാന്ധിനഗര്‍ ക്ലബ്ബില്‍ അന്ന് നവവത്സര ദിനാഘോഷമായിരുന്നു. ആനി, ഡോണ,
സഞ്‌ജന, മനോജ് ടീമിന്റെ പാട്ടിനു േശഷം ജര്‍മനിയില്‍നിന്നു മടങ്ങിവന്ന ക്ലബ്
സെക്രട്ടറി ജോസ് പാലമറ്റം പാടിയ ``ശ്യാമസുന്ദര പുഷ്‌പമേ...'' എന്ന
`യുദ്ധകാണ്‌ഡ'ത്തിലെ ഗാനവും, ഡയനോവ ലാബ് ശൃംഖല ഉടമ ഡോ.ജുഗാന്‍ അവതരിപ്പിച്ച
``നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...'' എന്ന `തുറക്കാത്ത
വാതിലി'ലെ ഗാനവും മറുനാട്ടുകാരടങ്ങിയ സദസിനെ കോരിത്തരിപ്പിച്ചു. പി. ഭാസ്‌കരനും
ഒ.എന്‍.വി.യും രചിച്ച ഈ ഗാനങ്ങളുടെ രണ്ടിന്റെയും സംഗീതസംവിധായകന്‍ കെ. രാഘവന്‍
മാസ്റ്ററും ഗായകന്‍ യേശുദാസും. കലയോടുള്ള ആഭിമുഖ്യം കൈവിടാതെ വിഭിന്ന പാതകളില്‍
തപസ്യ ചെയ്യുന്നവര്‍ തന്നെ ഇവരെല്ലാം.