Image

ക്രിസ്റ്റിയാനോയും മെസ്സിയും പരസ്‌പരം വോട്ട് ചെയ്തില്ല

Published on 15 January, 2014
ക്രിസ്റ്റിയാനോയും മെസ്സിയും പരസ്‌പരം വോട്ട് ചെയ്തില്ല

സൂറിച്ച്: പരസ്പരം പ്രശംസ ചൊരിയുന്നതില്‍ ലുബ്ധു കാട്ടാറില്ല ചിരവൈരികളായ ലയണല്‍ മെസ്സിയും ക്രിസറ്റിയാനോ റൊണാള്‍ഡോയും. മെസ്സി ഫിഫയുടെ ലോക ഫുട്‌ബോളറാകുന്നതില്‍ സന്തോഷമുണ്ടെന്നേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറയാറുള്ളൂ. ലോകഫുട്‌ബോളറാകാന്‍ സര്‍വഥാ യോഗ്യനാണ് ക്രിസ്റ്റിയാനോ എന്ന് മെസ്സി തിരിച്ചും പറയും. എന്നാല്‍ , ഇരുവരുടെയും പ്രസ്താവനകളിലെ പൊള്ളത്തരവും ഉള്ളില്‍ കാത്തുസൂക്ഷിക്കുന്ന വാശിയും പുറത്ത് കൊണ്ടുവന്നിരിക്കുകയാണ് ഫിഫ ബാലണ്‍ദ്യോറിന്റെ . ക്രിസ്റ്റിയാനോ തന്റെ ചിരവൈരിയായ മെസ്സിക്കും മെസ്സി തന്റെ എതിരാളിയായ ക്രിസ്റ്റിയാനോയ്ക്കും വോട്ട് ചെയ്തില്ല.

മൂന്ന് വര്‍ഷത്തിനുശേഷം മെസ്സിയില്‍ നിന്ന് ബാലണ്‍ദ്യോര്‍ തിരിച്ചെടുത്ത പോര്‍ച്ചുഗീസ് നായകനായ ക്രിസ്റ്റിയാനോയുടെ വോട്ട് മൊണാക്കോയുടെ കൊളംബിയന്‍ താരം ഫാല്‍ക്കാവോ റഡാമലിനും റയലിലെ സഹകളിക്കാരന്‍ ഗരെത് ബെയ്‌ലിനും മുന്‍ റയല്‍ താരം മെസ്യൂട്ട് ഓസിലിനുമാണ് ലഭിച്ചത്. അര്‍ജന്റീനയുടെ നായകനായ മെസ്സിയുടെ മൂന്ന് വോട്ടും ബാഴ്‌സ ടീമംഗങ്ങള്‍ക്ക് തന്നെ. ഒന്നാം വോട്ട് ആന്ദ്രെ ഇനിയേസ്റ്റയ്ക്കും രണ്ടാം വോട്ട് സാവിക്കും മൂന്നാം വോട്ട് നെയ്മര്‍ക്കുമാണ്. തനിക്ക് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ആളിന്റെ വഴിയടയ്ക്കുക എന്നതു തന്നെ ഇരുവരുടെയും ലക്ഷ്യം.

മറ്റ് മുന്‍നിര താരങ്ങളില്‍ ഐവറി കോസ്റ്റിന്റെ ദിദിയര്‍ ദ്രോഗ്ബ ഒന്നാം വോട്ട് നാട്ടുകാരനായ യായാ തൗറിക്ക് നല്‍കിയെങ്കിലും രണ്ടാം വോട്ട് മെസ്സിക്കും മൂന്നാം വോട്ട് ക്രിസ്റ്റിയാനോയ്ക്കും നല്‍കി. ഇംഗ്ലീഷ് നായകന്‍ സ്റ്റീവന്‍ ജെറാഡ് ഒന്നാം വോട്ട് ക്രിസ്റ്റിയാനോയ്ക്കും രണ്ടാം വോട്ട് മെസ്സിക്കും നല്‍കി. ജര്‍മന്‍ നായകന്‍ ഫിലിപ്പ് ലാം ഒന്നാം വോട്ട് റിബറിക്കും രണ്ടാം വോട്ട് ക്രിറ്റിയാനോയ്ക്കും മൂന്നാം വോട്ട് മെസ്സിക്കും നല്‍കി. ഇറ്റാലിയന്‍ നായകന്‍ ബഫണ്‍ ടീമംഗം ആന്ദ്രെ പിര്‍ലോയ്ക്കാണ് ഒന്നാം വോട്ട് നല്‍കിയത്. രണ്ടാം വോട്ട് ക്രിസ്റ്റിയാനോയ്ക്കും മൂന്നാം വോട്ട് മെസ്സിക്കും കിട്ടി. സ്പാനിഷ് നായകന്‍ ഇകര്‍ കസീയസ് തന്റെ ഒന്നാം വോട്ട് ടീമംഗം ക്രിസ്റ്റിയാനോയ്ക്കും രയാം വോട്ട് റിബറിക്കും മൂന്നാം വോട്ട് ആര്യന്‍ റോബനുമാണ് നല്‍കിയത്. ബ്രസീല്‍ നായകന്‍ തിയാഗോ സില്‍വ ഒന്നാം വോട്ട് ലയണല്‍ മെസ്സിക്കും രണ്ടാം വോട്ട് ഇബ്രഹിമോവിച്ചിനും മൂന്നാം വോട്ട് ക്രിസ്റ്റിയാനോയ്ക്കുമാണ് നല്‍കിയത്. സ്വന്തം ടീമിലെ സൂപ്പര്‍താരമായ നെയ്മര്‍ക്ക് തിയാഗോ സില്‍വ വോട്ട് ചെയ്തില്ല.

ദേശീയ ടീം പരിശീലകര്‍ തങ്ങളുടെ താരങ്ങളെ കൈവിട്ടില്ല. അര്‍ജന്‍ന്റൈന്‍ പരിശീലകന്‍ സബെല്ലോയുടെ തന്റെ ഒന്നാം വോട്ട് മെസ്സിക്കും പോര്‍ച്ചുഗീസ് കോച്ച് ബെന്റോ പൗലോയുടെ ഒന്നാം വോട്ട് ക്രിസ്റ്റിയാനോയ്ക്കും നല്‍കി. പൗലോ മെസ്സിക്ക് വോട്ട് ചെയ്തതേയില്ല. ഫ്രഞ്ച് കോച്ച് ദിദിയെ ദെഷാംപ്‌സിന്റെ ഒന്നാം വോട്ട് റിബറിക്കും സ്പാനിഷ് കോച്ച് ഡെല്‍ബോസ്‌ക്കിന്റെ ഒന്നാം വോട്ട് സാവിക്കും നല്‍കിയപ്പോള്‍ ഇംഗ്ലീഷ് കോച്ച് റോയ് ഹോഡ്ജ്‌സണിന്റെ ഒന്നാം വോട്ട് ക്രിസ്റ്റിയാനോയ്ക്കാണ് കിട്ടിയത്. ഹോഡ്ജ്‌സണിന്റെ മൂന്നാം വോട്ട് വാന്‍ പേഴ്‌സിക്കാണ് ലഭിച്ചത്. ബ്രസീല്‍ പരിശീലകന്‍ സ്‌കോളാരിയുടെ ഒന്നാം വോട്ട് സ്വന്തം നാട്ടുകാരനായ ക്രിസ്റ്റിയാനോയ്ക്കാണ്. രണ്ടാം വോട്ട് മെസ്സിക്കും മൂന്നാം വോട്ട് ഇബ്രാഹിമോവിച്ചിനും നല്‍കിയ സ്‌കോളാരിയും ക്യാപ്റ്റന്‍ തിയാഗോ സില്‍വയെപ്പോലെ നെയ്മറെ മറന്നു.

ഇന്ത്യയില്‍ നിന്ന് ലയണല്‍ മെസ്സിക്ക് ഒരൊറ്റ വോട്ടാണ് ലഭിച്ചത്. ദേശീയ ടീം പരിശീലണന്‍ വിം കോവര്‍മാന്‍സിന്റെ മൂന്നാം വോട്ട് മാത്രം. വോട്ടവകാശമുള്ള മറ്റു രണ്ടുപേരായ ദേശീയ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മാധ്യമ പ്രതിനിധി സര്‍ക്കാര്‍ ധിമാനും മെസ്സിക്ക് വോട്ട് ചെയ്തില്ല. ഛേത്രിയുടെ ഒന്നാം വോട്ട് റിബറിക്കും രണ്ടാം വോട്ട് ക്രിസ്റ്റിയാനോയ്ക്കും മൂന്നാം വോട്ട് ആന്ദ്രെ ഇനിയേസ്റ്റയ്ക്കും ധിമാന്റെ ഒന്നാം വോട്ട് ക്രിസ്റ്റിയാനോയ്ക്കും രണ്ടാം വോട്ട് റിബറിക്കും മൂന്നാം വോട്ട് റോബിന്‍ വാന്‍ പേഴ്‌സിക്കുമായിരുന്നു. കോവര്‍മാന്‍സിന്റെ ഒന്നാം വോട്ട് ആന്ദ്രെ ഇനിയേസ്റ്റയ്ക്കും രണ്ടാം വോട്ട് റോബിന്‍ വാന്‍ പേഴ്‌സിക്കുമായിരുന്നു.

1365 വോട്ട് നേടിയാണ് ക്രിസ്റ്റിയാനോ ബാലണ്‍ദ്യോര്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ മെസ്സി 1205 വോട്ടും മൂന്നാം സ്ഥാനത്തെത്തിയ ഫ്രാങ്ക് റിബറി 1,127 വോട്ടുമാണ് നേടിയത്.

ക്രിസ്റ്റിയാനോയും മെസ്സിയും പരസ്‌പരം വോട്ട് ചെയ്തില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക