ആദ്യാനുരാഗം എന്നും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. ഒന്നിലധികം തലമുറകളിലെ മുഴുവന്‍ സ്ത്രീകളുടെയും ആദ്യകാമുകനാകാനുള്ള ഭാഗ്യം നിത്യഹരിതനായകനായ പ്രേംനസീറിനെപ്പോലെ അപൂര്‍വ്വം ചിലര്‍ക്കേ ലഭിച്ചിട്ടുള്ളൂ. പുരുഷസൗന്ദര്യത്തിന്റെ അവസാന വാക്കായത് കൊണ്ടുമാത്രമല്ല, അഭിനയത്തിനകവും സ്വഭാവസവിശേഷതയുമെല്ലാം ചേര്‍ന്നാണ് അദ്ദേഹം ഹൃദയങ്ങള്‍ കീഴടക്കാനുള്ള മാസ്മരിക്ത കൈവരിച്ചത്.
വിനയവും ലാളിത്യവും ചാലിച്ചെടുത്ത ആ അസാധാരണ വ്യക്തിത്വം മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമ 75 വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോഴാണ്. കാല്‍നൂറ്റാണ്ട് പിന്നിട്ടശേഷവും ആ പ്രഭാവം മായാതെ മങ്ങാതെ നിലനില്‍ക്കുന്നു. സാങ്കേതിക മികവിന്റെ പര്യായങ്ങളായ ചിത്രങ്ങള്‍പോലും ഒന്നിലധികം തവണ കണ്ടാല്‍ വിരസത തോന്നുന്നവരും, സ്‌ക്രീനില്‍ പ്രേംനസീറിന്റെ ഗാനരംഗം കണ്ടാല്‍ റിമോട്ടില്‍ വിരലമര്‍ത്താതെ നോക്കി ഇരുന്ന് പോകും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് നിറപ്പകിട്ടാണ് ആ സാന്നിദ്ധ്യം. അര്‍ത്ഥവത്തായ അന്നത്തെ പാട്ടുകള്‍ക്ക് അദ്ദേഹം ഒന്ന് ചുണ്ടനക്കുക കൂടി ചെയ്യുന്നതോടെ പുതിയ ഭാവതലങ്ങളും ആര്‍ദ്രതയും കൈവന്നിരുന്നു.
പ്രേനസീറിനെ പരിചയമുള്ള എല്ലാവര്‍ക്കും പൊതുവായി പറയാനുള്ള ഒരു കാര്യം ആ മുഖത്ത് അഭിനയരംഗങ്ങള്‍ക്കുവേണ്ടി അല്ലാതെ കോപത്തിന്റെ കാര്‍മേഘം ഒരിക്കല്‍പോലും ഉരുണ്ടുകൂടിയിട്ടില്ല എന്നതാണ്. സെറ്റുകളില്‍ നിന്നും സെറ്റുകളിലേയ്ക്ക് തിരക്കിട്ട് പോകുമ്പോഴും അകന്ന ഒരു പരിചയക്കാരനെ കണ്ടാല്‍, ചിരിച്ചുകൊണ്ട് അടുത്തുചെന്ന് കുശലം ചോദിക്കാനും തോളിലൊന്ന് തട്ടി സ്‌നേഹപ്രകടനം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ലൈറ്റ്‌ബോയ് മുതല്‍ സംവിധായകനോട് വരെ സ്‌നേഹത്തിന്റെ ഒരേ നാണയം വച്ചുനീട്ടാന്‍ ആ അതുല്യപ്രതിഭ ശ്രദ്ധിച്ചിരുന്നു. സിനിമ അന്ന് കൂട്ടായ്മയുടെ കലയായിരുന്നു. ഗ്രേഡ് തിരിച്ചുള്ള അകലവും അപരിചിതത്വവും ഇല്ലാതെ സംഘടനകളുടെ പിന്‍ബലം ഏതുമില്ലാതെ ഏവരെയും സഹകരിച്ച് ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതിന് പ്രേംനസീര്‍ എന്ന നടന്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
ക്ഷമയുടെ കാര്യത്തിലും, പ്രേംനസീര്‍ ഒരു അത്ഭുതപ്രതിഭാസമായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ഇതിനൊരു ഉദാഹരണം പറയാം. മദ്രാസിലെ ന്യൂട്ടോണ്‍ സ്റ്റുഡിയോയില്‍ കള്ളന്റെ വേഷം ധരിച്ചുനില്‍ക്കുന്ന നസീറിനെ പോലീസ് അറസ്റ്റ് ചെയ്യുന്ന രംഗം ചിത്രീകരിച്ച ശേഷം ഉച്ചഭക്ഷണത്തിനായി സംവിധാകന്‍ പാക്കപ്പ് പറഞ്ഞു. സഹസംവിധായകന് അത്യാവശ്യമായി എങ്ങോട്ടോ പോകേണ്ടി വന്നു. അബ്ദ്ധവശാല്‍ നസീറിന്റെ കയ്യിലെ വിലങ്ങ് ഊരാനുള്ള താക്കോലുമായാണ് അയാള്‍ പോയത്. എല്ലാവരും ഊണ് കഴിക്കുമ്പോള്‍ പൊരിഞ്ഞ വെയിലില്‍ വിശപ്പടക്കി തുടര്‍ച്ചയായുള്ള ഷൂട്ടിങ്ങിന്റെ ക്ഷീണം മറച്ച് വിളങ്ങിട്ട കൈകളുമായി നില്‍ക്കുന്ന അദ്ദേഹം പൊട്ടിത്തെറിക്കുമെന്ന് തന്നെ സെറ്റിലുള്ളവര്‍ ഉറപ്പിച്ചു. എന്നാല്‍ ശാന്തത കൈവിടാതെ പുഞ്ചിരിച്ചുകൊണ്ട് 'അയാള്‍ വരുമ്പോള്‍ വീട്ടിലേയ്ക്ക് താക്കോലുമായി അയച്ചേക്കണേ' എന്നല്ലാതെ മുഖം മുഷിഞ്ഞൊരു വാക്ക് ആ നടന്റെ വായില്‍ നിന്ന് വീണില്ല.
ചങ്ങനാശേരി എസ്.ബി. കോളേജിലെ പഠനകാലയളവില്‍ 'മെര്‍ച്ചന്റ് ഓഫ് വെനീസിലെ' ഷൈലോക്കിനെ അതിഗംഭീരമായി അവതരിപ്പിച്ചുകൊണ്ടാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 'ത്യാഗസീമ', 'മരുമകള്‍' തുടങ്ങിയ ആദ്യ ചിത്രങ്ങള്‍ വെളിച്ചം കണ്ടില്ലെങ്കിലും വിശപ്പിന്റെ വിളി എന്ന ചിത്രം വഴിത്തിരിവായി. സിനിമാരംഗത്തെ ഗുരുതുല്യനായ തിക്കുറിശ്ശിയാണ് അബ്ദുള്‍ ഖാദറിനെ പ്രേംനസീറാക്കി മാറ്റിയത്. പിന്നീടുള്ള നാലുപതിറ്റാണ്ടുകളുടെ മലയാളസിനിമാചരിത്രത്തില്‍ ആ പേര് ഒരു നിറസാന്നിദ്ധ്യമായി. പിച്ചവെച്ചു തുടങ്ങിയ മലയാളസിനിമയുടെ ശൈശവത്തില്‍ കൈപിടിച്ചു നടത്തിയവരില്‍ എടുത്തുപറയേണ്ട പേരുതന്നെയാണ് നസീറിന്റേത്.
നിര്‍മ്മാതക്കളെ സംബന്ധിച്ച് പ്രേംനസീര്‍ എന്ന വാക്ക് ഒരു ഗ്യാരണ്ടി ആയിരുന്നു. അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം സിനിമാക്കൊട്ടകയിലേയ്ക്ക് ആളുകളുടെ തള്ളിക്കയറ്റുമുണ്ടാകും. മറ്റെന്തെങ്കിലും കാരണവശാല്‍ നഷ്ടം സംഭവിച്ചാല്‍ പിറ്റേ ദിവസം തന്നെ അയാളെ വിളിച്ച് അടുത്ത പടത്തില്‍ സൗജന്യമായി അഭിനയിക്കുകയും വിതരണത്തിനുള്ള ഏര്‍പ്പാടുണ്ടാക്കിക്കൊടുത്ത് രക്ഷപ്പെടുത്തുകയും ചെയ്യുമായിരുന്നു. കലാകാരന്‍ സഹൃദയനായിരിക്കണമെന്നതിന് വലിയൊരു ഉദാഹരണമായിരുന്നു ആ ജീവിതം.
എടുത്ത് പറയാവുന്ന കഥാപാത്രങ്ങളും അദ്ദേഹത്തിന് നിരവധിയുണ്ട്. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ചെയ്യുന്ന ബാല്യകാലസഖിയിലെ 'മജീദ്' പ്രേംനസീര്‍ അനശ്വരമാക്കിയതാണ്. എം.ടി.യുടെ മുറപ്പെണ്ണിലെ ബാലന്‍, ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍, കള്ളിച്ചെല്ലമ്മയിലെ ദുഷ്ടന്‍ കുഞ്ഞച്ചന്‍ എല്ലാം ഓര്‍മ്മിക്കപ്പെടുന്നത് അതിഭാവുകത്വമില്ലാതെ മിതത്വത്തോടെയുള്ള അദ്ദേഹത്തിന്റെ അഭിനയശൈലി കൊണ്ടുകൂടിയാണ്. 'നദി', 'പാടുന്ന പുഴ', 'നഗരമേ നന്ദി', അഗ്നിപുത്രി, തോപ്പില്‍ ഭാസിയുടെ 'മൂലധനം' എല്ലാം ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ മെഗാഹിറ്റുകളായിരുന്നു. ഇത്രത്തോളം വേഷപ്പകര്‍ച്ചയുള്ള മറ്റൊരു നടനില്ല. ഗന്ധര്‍വ്വന്റെ വശ്യതയും ശ്രീകൃഷണന്റെ നിഷ്‌ക്കളങ്കതയും കുസൃതിയും സിഐഡിയുടെ അന്വേഷണ ചടുതലയും കര്‍ഷകന്റെ ഗ്രാമീണതയും പ്രണയത്തിന്റെ ഇടിമിന്നലായ കാമുകപരിവേഷവും വടക്കന്‍പാട്ടുകളിലെ വീരയോദ്ധാവായുമൊക്കെ വിവിധവും വിഭിന്നവുമായ കഥാപാത്രങ്ങള്‍ ഒരേ സമയം വെള്ളിത്തിരയില്‍ അദ്ദേഹം ജീവസുറ്റതാക്കി.
റെക്കോര്‍ഡുകളുടെ ഒരു പെരുമഴ പെയ്യിച്ചാണ് അദ്ദേഹം യവനിക ഒഴിഞ്ഞത്. 700 ല്‍ പരം ചിത്രങ്ങളില്‍ നായകവേഷം, 107 ചിത്രങ്ങളില്‍ ഒരേ നായികയ്‌ക്കൊപ്പം (ഷീല), 85 ല്‍ പരം നായികമാര്‍, ഇരട്ട റോളുകളില്‍ ഏററവുമധികം ചിതങ്ങള്‍, ഒരു വര്‍ഷം ഏറ്റവുമധികം ചിത്രങ്ങളില്‍ നായകവേഷം ചെയ്ത നടന്‍ അങ്ങനെ അഭേദ്യമായ എത്രയെത്ര നേട്ടങ്ങള്‍!
സിനിമയിലൂടെ സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്ഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചു. സിനിമയിലെ മഹാത്ഭൂതങ്ങള്‍ എന്നെങ്കിലും കുറിക്കപ്പെടുകയാണെങ്കില്‍ അതിലൊരാള്‍ ശ്രീ. പ്രേനസീര്‍ ആയിരിക്കും. ജീവിച്ചിരിക്കുമ്പോള്‍ നല്ല അഭിപ്രായം പറയിക്കുക ശ്രമകരമാണ്, മരിച്ചു കഴിയുമ്പോള്‍ മറവിയുടെ ഇരുട്ടില്‍ പ്രഭ മങ്ങുന്നതുകൊണ്ട് നല്ല വാക്ക് കേള്‍പ്പിക്കാന്‍ അതിലേറെ പ്രയാസമാണ്. എത്ര കാലം കഴിഞ്ഞാലും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രം മനസ്സില്‍ കടന്നെത്തുന്ന പ്രേംനസീറിന്റെ ജീവിതം വരും തലമുറയ്ക്ക് കൂടി ഒരു പാഠപുസ്തകമാണ്. എങ്ങനെ ജീവിക്കണമെന്ന് ജീവിച്ചുകാണിച്ച റോള്‍ മോഡല്‍.