ആദ്യമേ പറയട്ടെ! രാജീവ് ജോസഫിനോട് ഈ ചതി ചെയ്യരുതായിരുന്നു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന രാജീവ് ജോസഫിന്റെ ആരോഗ്യനില വഷളായതായും പ്രവാസികളേ പ്രതികരിക്കുവിന്‍ എന്ന് എന്റെ സുഹൃത്ത് മൊയ്തീന്‍ പുത്തന്‍ചിറയുടെ ലേഖനം കണ്ടു.
എന്റെ മൊയ്തീനിക്കാ.. ആരോടാ ഈ പറയുന്നെ! യാതൊരു ഉളുപ്പുമില്ലാതെ രാജീവ് ജോസഫിന്റെ അവാര്‍ഡുകള്‍ കൈനീട്ടി വാങ്ങിയ പോങ്ങന്‍മാര്‍ക്കറിയാം കൂടുതല്‍ ദിവസം കിടന്നാല്‍ രാജീവ് ചത്തുപോകുമെന്നും ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം നടക്കാന്‍ പോകുന്നില്ലെന്നും.. നന്ദി…. എന്ന രണ്ടരക്ഷരത്തിന് എന്താണ് പ്രസക്തി. ഒറ്റാവുന്നിടത്തൊക്കെ ഒറ്റുക. കിട്ടാവുന്നിടത്തു നിന്നൊക്കെ അവാര്‍ഡുകളും മറ്റും വാങ്ങുക. രാഷ്ട്രീയക്കാരില്‍ നല്ലവനെന്നോ, കൂതറയെന്നോ നോക്കാതെ അമേരിക്കയില്‍ കൊണ്ടുവന്ന് ചുമന്നു നടന്ന് ഫോട്ടം പിടിക്കുക. ഇതൊക്കെയല്ലേ… ഞമ്മളുടെ പരിപാടി.
രാജീവിനെ സമരപന്തലില്‍ പോയിക്കണ്ട അമേരിക്കന്‍ മലയാളിയും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോസ് കാനാട്ടിന് അഭിനന്ദനങ്ങള്‍. അദ്ദേഹം അത്രയെങ്കിലും ചെയ്തല്ലോ. അച്ചന്‍മാര്‍ക്കും, കപ്യാര്‍ക്കും, കാഷായ വേഷധാരികള്‍ക്കും എം.പി. മുതല്‍ പഞ്ചായത്ത് പീയൂണ്‍മാര്‍ക്ക് വരെ ആശംസകള്‍ അര്‍പ്പിക്കുന്ന വിദ്വാന്‍മാര്‍ രാജീവ് എന്താവശ്യത്തിനാണ് ഈ തണുപ്പ് കൊള്ളുന്നതെന്ന് ചിന്തിച്ചാല് നന്നായിരുന്നു. വര്‍ഷങ്ങളായി ഉള്ള ഒരാഗ്രഹം പ്രവാസികള്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം. അതും ഓണ്‍ലൈനില്‍ക്കൂടി. സാങ്കേതികവിദ്യ കൊടികുത്തി വാഴുന്നിടത്ത് ഇതൊക്കെ പരിഗണിക്കാവുന്നതേയുള്ളൂ എന്ന് നമുക്ക് ഗീര്‍വാണം വിടാം. പക്ഷേ സംഗതി ഇത്തിരി പുകിലാണ് കേട്ടോ. സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കണമെന്ന് വയലാര്‍ രവി പറഞ്ഞില്ലെങ്കിലും നമുക്കറിയാം.
എങ്കിലും ഒരു മനുഷ്യജീവി 10 ദിവസമായി ഒരു പൊതുവിഷയത്തിനുവേണ്ടി നിരാഹാരമിരിക്കുമ്പോള്‍ ലോകത്തെമ്പാടുമുളള പ്രവാസികളുടെ പിന്തുണ അദ്ദേഹത്തിന് വേണമായിരുന്നു. മണല്‍ മാഫിയായ്‌ക്കെതിരെ പോരാടുന്ന ജസീറ മുതല്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വരെ രാജീവിന്റെ ഉപവാസ പന്തലില്‍ ചെന്നു. തുക്കടാ പഞ്ചായത്ത് മെമ്പര്‍ തന്റെ അമ്മാച്ചനെയോ, സഹോദരനെയോ കാണാന്‍ വന്നാല്‍ അപ്പോള്‍ വരും വാര്‍ത്ത. “വീരശൂര പരാക്രമി വിനായകപുരം വാഴും പഞ്ചായത്ത് മെമ്പര്‍ കോലപ്പന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നു” എന്റെ ആശംസകള്‍, നിങ്ങളുടെ ആശംസകള്‍, ഞങ്ങളുടെ ആശംസകള്‍ … ഇപ്പോ ദാ… പലരും രാജീവ് ജോസഫിനെ അറിയുക പോലുമില്ലാത്തപോലെയായി.
ഒരു ജനാധിപത്യരാജ്യത്ത് നിയമത്തിനുവിധേയമായി ഒരു പൊതുവിഷയത്തിനു വേണ്ടി നടത്തുന്ന സമരമാണ് രാജീവ് ജോസഫിന്റേത്. സെക്രട്ടറിയേറ്റ് പടിക്കല്‍ സന്ധ്യ എന്ന വീട്ടമ്മ ഷോ നടത്തിയപ്പോള്‍ മാധ്യമ ഭീമന്‍മാര്‍ രണ്ട് ദിവസമാ വച്ചലക്കിയത്. ഹസ്സന്റെ ഉപവാസത്തിന് സന്ധ്യയും എത്തിയതോടെ അവരുടെ സൂക്കേടും തീര്‍ന്നു.
എന്തായാലും രാജീവ് ജോസഫ് ദേശീയ ശ്രദ്ധയിലേക്കു വന്നു എന്നതാണ് സത്യം. ഇനി അദ്ദേഹത്തിന് സമരത്തില്‍ നിന്ന് പിന്മാറുകയോ, പോലീസ് മുഖേന അദ്ദേഹത്തെ അറസ്റ്റു ചെയ്താലോ സംഭവം ജോറായി. നേട്ടം പ്രവാസികള്‍ക്കുതന്നെ… പക്ഷെ ഈ സമയത്ത് നല്ലൊരു പ്രവാസി സമൂഹം അദ്ദേഹത്തോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നിരുന്നെങ്കില്‍ കളം മാറിയേനെ... എങ്ങനെ പോകും. പിന്നെ വയലാര്‍ഡി അമേരിക്കയില്‍ വരുമ്പോ ചീത്ത വിളിച്ചാലോ…വേണ്ട… പോകണ്ട… രാജീവ് ചത്താ അയാള്‍ക്ക് പോയി. അവരുടെ കോഴി അവരുടെ കാഷ്ടം… ഫൂ..
അണ്ണാ ഹസാരെ സമരം ചെയ്തു. നേട്ടം ആര്‍ക്ക്? ദേ… കെജ്രിവാള്‍ മുഖ്യമന്ത്രിയായി.
ആഞ്ഞു പിടിച്ചാല്‍ ഒരു പ്രധാനമന്ത്രിവരെ ആക്കാം. 'ആപ്പ്' ആകാന്‍ തൊപ്പീം തയ്ച്ച് പലരും ഇറങ്ങിക്കഴിഞ്ഞു.
സമരക്കാരോട് ഭരണക്കാര്‍ക്ക് എന്നും അസഹിഷ്ണുതതന്നെ… രക്തം ചിന്തുന്ന സമരം നടക്കണം… അപ്പോഴേ മാധ്യമങ്ങള്‍ ഉഷാറാകൂ. ഇതിപ്പോ ഒരു മനുഷ്യന്‍ ഇങ്ങനെ കിടക്കുന്നു. മരണവീട്ടിലെപ്പോലെ കുറച്ചാളുകള്‍ അടുത്തിരിക്കുന്നു. ദേ… ഞങ്ങളെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ. മുദ്രാവാക്യം വിളിക്കാനോ രാജീവ് ജോസഫിന് 'കീജെയ്' വിളിക്കാനോ പറ്റില്ല. അല്ലെങ്കിത്തന്നെ സ്വന്തം പേരില്‍ കീ ജെയ് വിളിച്ച് മടുത്തിരിക്കുമ്പോഴാ…
എന്തായാലും വര്‍ഷങ്ങളായി പ്രവാസികള്‍ പറയുന്ന ഒരു ഇഷ്യൂ പ്രവാസി ദിവസിനോടനുബന്ധിച്ച് കുറച്ച് സുമനസുകളിലെങ്കിലും ചര്‍ച്ചയാക്കാന്‍ ശ്രീ. രാജീവ് ജോസഫിന് സാധിച്ചു. ഇത്തരം എളിയ ശ്രമങ്ങള്‍ നാളെ ലോകം കാണാതിരിക്കില്ല എന്നാണ് എന്റെ ഭാഷ്യം.
സാമൂഹ്യപാഠം
മറ്റെല്ലാം മറന്നേര്… നമുക്ക് പദവി വേണം. ഫോട്ടോ പിടിക്കണം… അവാര്‍ഡ് വേണം. ചോരക്കളിക്ക് ഞങ്ങളില്ലേ… നാട്ടിലെ ബിസിനസ് ഒന്നു പച്ച പിടിപ്പിക്കണം…. പൂയ്…
രാജീവിനോട് ചതി കാണിച്ചവരെക്കുറിച്ചുള്ള കഥ നമുക്ക് രാജീവില്‍ നിന്നുതന്നെ കേള്‍ക്കാം. എങ്കിലേ അതിനൊരു "പഞ്ച്" കിട്ടൂ. ആ പന്തലില്‍ നിന്ന് അങ്ങേര് ഒന്നെഴുന്നേറ്റു വരട്ടേ. എനിക്കു കിട്ടുന്ന പ്രസ് റിലീസുകള്‍ നിമിഷനേരം കൊണ്ട് ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നുണ്ട്. രാജീവ് പറഞ്ഞതുപോലെ 'പാരകള്‍ പ്രവാസികള്‍' തന്നെയാണ്. എനിക്കോ താങ്കള്‍ക്കോ എന്തു ചെയ്യാന്‍ കഴിയും? കഴിഞ്ഞ വര്‍ഷം പ്രവാസി ദിവസില്‍ കൊച്ചിയില്‍ വെച്ച് പ്രവാസികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയ വ്യക്തിയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ തെരുവോരത്തില്‍ കൊടും തണുപ്പിനെ അതിജീവിച്ച് പട്ടിണി കിടക്കുന്നത്. അതും പ്രവാസി വോട്ടവകാശത്തിനുവേണ്ടി !! ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡല്‍ഹിയില്‍ വെച്ചു നടത്തിയ അവാര്‍ഡ് മേളയില്‍ പങ്കെടുത്ത് രാജീവില്‍ നിന്ന് അവാര്‍ഡ് വാങ്ങിയവര്‍ ഇപ്രാവശ്യവും ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. പക്ഷേ, രാജീവിനെ ഒന്നു തിരിഞ്ഞുനോക്കാനുള്ള മനസ്സ് അവര്‍ കാണിച്ചില്ല. ആകെക്കൂടെ പോയത് ഡോ. ജോസ് കാനാട്ട് ആണ്. അതിനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ച്ചു. സത്യം പറയാമല്ലോ. ഞാന്‍ രാജീവിനോട് പലതവണ പറഞ്ഞതാണ് ഈ പ്രവാസികള്‍ക്കുവേണ്ടി തിണ്ണ നിരങ്ങാതെ ആ 'ആം ആദ്മി'യില്‍ പോയി ചേരാന്‍. രാജീവിന്റെ അമേരിക്കയിലുള്ള സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞു. പക്ഷേ, കേള്‍ക്കണ്ടേ.