മലയാളത്തിനു ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചതില്‍ നാമെല്ലാം ആഹ്ലാദിക്കുന്നു. ലഭിച്ചത്
എന്ന വാക്കിന് അടിവരയിടണമെന്നും സന്ദര്‍ഭവശാല്‍ പറയട്ടെ.
ഏതു
സാഹിത്യസമ്മേളനത്തിലും ഈ `ശ്രേഷ്‌ഠ' എന്നുകേട്ടാല്‍ മതി അപ്പോള്‍
കയ്യടിച്ചില്ലെങ്കില്‍ എന്തോ കുറവുപോലെ, ഭാഷാസ്‌നേഹം കമ്മിയാണെന്ന് മറ്റുള്ളവര്‍
കണക്കാക്കുമോ എന്തോ? വ്യക്തിപരമായും സമൂഹമായും ഒന്നു ഞെളിയാന്‍ ചില പാരമ്പര്യങ്ങള്‍
വേണ്ടെന്ന് ആരും പറയുകയില്ല. അതുകൊണ്ടാണ് നേട്ടങ്ങള്‍ക്ക് പലപ്പോഴും ദിവ്യ
പരിവേഷം കൊടുക്കപ്പെടുന്നതും.
ഇക്കഴിഞ്ഞ ലാനാ സമ്മേളനത്തിലും ഈ
`ശ്രേഷ്‌ഠഭാഷാപദവി' സന്ദര്‍ഭവശാല്‍ കടന്നുവന്നു. പക്ഷേ, അവിടെ ക്ലാസിക്കും
ശ്രേഷ്‌ഠവും വെച്ചുമാറ്റപ്പെട്ടുവോയെന്നും സംശയിക്കുന്നു. അതോ ക്ലാസിക്കിന്റെ
മലയാളവിവര്‍ത്തനമാണോ ശ്രേഷ്‌ഠം? എനിക്കങ്ങനെ തോന്നുന്നില്ല. അതുകൊണ്ടാണ് ലഭിച്ചു
എന്ന വാക്കിന് അടിവരയിടുന്നകാര്യം നേരത്തെ സൂചിപ്പിച്ചത്. മുന്‍പും ഇതേ
വിഷയത്തെപ്പറ്റി എസ്.കെ. പിള്ളയും, ജോണ്‍ ഇളമതയും ഈ ലേഖകനും എഴുതിയിട്ടുണ്ട്,
അപ്പോഴെല്ലാം കുറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്.
`ക്ലാസിക്ക്'
അതാത് ഭാഷകള്‍ ചരിത്രപരമായി നേടിയെടുത്തതാണ്, എന്നാല്‍ ഈ `ശ്രേഷ്‌ഠപദവി' നമുക്ക്
വെച്ചുനീട്ടപ്പെട്ടതും. അതെങ്ങനെയാണെന്ന് ലാനാസമ്മേളനത്തില്‍ നമ്മുടെ മുഖ്യാതിഥി
സൂചിപ്പിക്കുകയും ചെയ്‌തു. പക്ഷേ, മലയാളഭാഷക്ക് രണ്ടായിരത്തിയഞ്ഞൂറു വര്‍ഷത്തെ
പഴക്കമുണ്ടെന്ന് ശ്രേഷ്‌ഠഭാഷാപദവിക്കുവേണ്ടി വാദിച്ചു. ഭാഷാപണ്‌ഡിതര്‍
തെളിയിച്ചുവെന്ന് പറയുമ്പോള്‍ എങ്ങനെ നെറ്റിചുളിയാതിരിക്കും. ഇത് നേരോ? പകരം
ആദിദ്രാവിഡഭാഷയുടെ പാരമ്പര്യം അവകാശപ്പെടാവുന്ന കേരളഭാഷക്ക് വളര്‍ച്ചയുടെ പാതയില്‍
വന്നുചേര്‍ന്ന, സംസ്‌കൃതത്തില്‍നിന്നുംകൂടി നേടിയ, പദസമ്പത്ത് കണക്കാക്കിയാല്‍
പ്രായത്തില്‍ ഇളയതെങ്കിലും പാരമ്പര്യത്തില്‍
മുതിര്‍ന്നതുതന്നെ.
മറ്റുചിലതുംകൂടി നമ്മുടെ ചര്‍ച്ചക്ക്
വിധേയമാകണമായിരുന്നു. അതായത്, ഒരു ഭാഷയുടെ വര്‍ഷപ്പഴമ മാത്രമല്ല
കണക്കിലെടുക്കേണ്ടത്. ഇന്ന് പ്രസ്‌തുത ഭാഷ എത്രമാത്രം പ്രബുദ്ധമാണ്, പുതിയ
വാക്കുകളും പുതിയ ശൈലിയും ഉണ്ടായിവരുന്നുണ്ടോ, വാക്കുകള്‍ മറ്റു ഭാഷകളില്‍നിന്ന്
സ്വന്തമാക്കാനുള്ള മനസ്സ് നമുക്കും വ്യാപ്‌തി നമ്മുടെ ഭാഷക്കുമുണ്ടോ?
സാഹിത്യത്തില്‍ പുതിയ പ്രസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടോ, ചര്‍ച്ചകള്‍
നടക്കുന്നുണ്ടോ. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മലയാളം ആരുടെയും
പിന്നിലല്ലതന്നെ!
കേരളഭാഷയും മലയാളവും ചരിത്രപരമായി രണ്ടാണ്. കേരളഭാഷയുടെ
പാരമ്പര്യം ഭാഷയുടെ തുടക്കത്തിലേക്കും, അതിനപ്പുറത്തേക്കും എത്തിനോക്കുന്നു.
മനുഷ്യന്‍ എഴുത്ത് പഠിച്ചിട്ട്, അല്ലെങ്കില്‍ തുടങ്ങിയിട്ട്, ആറായിരം
വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളുവെന്നാണ് ചരിത്രം പറയുന്നത്. നമ്മുടെ
ഇതിഹാസങ്ങളെല്ലാം പകര്‍ത്തപ്പെട്ടത് ഏതാണ്ട് ബി.സി.അഞ്ഞൂറിനെ
ചുറ്റിപ്പറ്റിയും.
ആധുനിക സാങ്കേതികതയുടെ സഹായമില്ലാതെ മനുഷ്യന്
തടിച്ചെങ്ങാടംകെട്ടി കടല്‍ക്കടക്കുവാന്‍ കഴിഞ്ഞിരുന്നെന്ന് `കോണ്‍ ടിക്കി' യാത്ര
ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ തെളിയിച്ചിട്ടുമുണ്ട്. (കോണ്‍ ടിക്കി സാഹസികതയെപ്പറ്റി
മറ്റൊരിക്കല്‍ എഴുതാം.) ഭാഷയില്ലാതിരുന്ന കാലത്ത് കാറ്റിന്റെ, തിരമാലകളുടെ,
മൂളിപ്പാട്ടിന്റെ താളവുമായി തെക്കുപടിഞ്ഞാറന്‍കാറ്റിന്റെ സഹായത്തോടെ എന്തുകൊണ്ട്
മനുഷ്യന്‍ പരുക്കനായ പൊങ്ങുതടിക്കെട്ടുണ്ടാക്കി കേരളതീരത്തേക്ക് കടല്‍ക്കടന്ന്
എത്തിയിരിക്കില്ല? അപ്പോള്‍ കേരളീയതാളത്തിന്റെ പാരമ്പര്യം
ചരിത്രാതീതകാലത്തേക്കുംകൂടി വ്യാപിച്ചിരിക്കുന്നു! കേരളനാടിന്റെ ഈ പാരമ്പര്യവും
അവഗണിക്കാവുന്നതല്ല.
ലോകത്തിലെ ചില പ്രധാന ഭാഷകളോടെല്ലാം അടിസ്ഥാനഘടനാപരമായി
ബന്ധപ്പെട്ടുകിടക്കുന്നതാണ് ആദിദ്രാവിഡം. യൂറോപ്പിലെ ഫിന്നീഷ്, ഹംഗേറിയന്‍
മുതല്‍, യൂറാള്‍ താഴ്‌വരയില്‍ക്കൂടി, ഗ്രീക്കും ടര്‍ക്കിഷും സെമറ്റിക്കും
ജാപ്പനീസ് കൊറിയന്‍ ഭാഷകള്‍ വരെ ദ്രാവിഡഭാഷയുമായി
ബന്ധപ്പെട്ടിരിക്കുന്നു.
ഇന്നത്തെ ലോകഭാഷയായ ഇംഗ്ലീഷ് പ്രായത്തില്‍
ചെറുതാണ്. ചരിത്രപരമായ വെട്ടിപ്പിടുത്തം ഒരു കാരണമാണെങ്കിലും വാക്കുകള്‍
സ്വീകരിക്കാനുള്ള വഴക്കമാണ് ഇംഗ്ലീഷിനെ ലോകഭാഷയാക്കിയത്. ഭാവിയിലേക്കുള്ള
ദര്‍ശനമാണ് ഒരു ഭാഷയുടെ യഥാര്‍ത്ഥ സമ്പത്ത്. ഇന്നത്തെ രാഷ്‌ട്രീയ നേട്ടങ്ങള്‍
അവിടെ നില്‍ക്കട്ടെ, നമ്മുടെ സാഹിത്യസമ്മേളനങ്ങളില്‍, പ്രത്യേകിച്ച് ലാനാ തുടങ്ങിയ
സമ്മേളനങ്ങളില്‍, ഭാഷയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി പഠിക്കാനും
ചര്‍ച്ചചെയ്യാനും ഏറെ അവസരങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്നും ഇപ്പോള്‍
പ്രതീക്ഷിക്കാം.