സുനന്ദ തരൂരിന്റെ മരണം: അസ്വഭാവികയില്ലെന്ന് പോലീസ്, സബ് ഡിവിഷണല്‍ മജസ്‌ട്രേറ്റ് അന്വേഷിക്കും
Published on 17 January, 2014
ന്യൂഡല്‍ഹി: ഇന്നലെ മരിച്ച സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്നും
സംഭവം സബ് ഡിവിഷണല്‍ മജസ്‌ട്രേറ്റ് തലത്തില്‍ അന്വേഷിക്കുമെന്നും അറിയിച്ചു.
രണ്ട് ദിവസം മുന്‌പാണ് തരൂരും സുനന്ദയും ലീലാ ഹോട്ടലില്‍ മുറിയെടുത്തത്.
ഔദ്യോഗിക വസതിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതുകൊണ്ടായിരുന്നു ഇത്. പൊലീസ്
ലീലാ ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയെടുത്തു.
ഇന്നലെ വൈകീട്ട് ന്യൂഡല്‍ഹിയിലെ
ലീലാ ഹോട്ടലില്‍ 345ാം മുറിയിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജീവനൊടുക്കിയതാണെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സുനന്ദയുടെ
മൃതദേഹത്തില്‍ പരിക്കുകളൊന്നുമില്ലെന്നും പോലീസ് പറഞ്ഞു. അവര്‍ കടുത്ത രോഗത്തിന്
അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
എ.ഐ.സി.സി സമ്മേളനത്തില്‍
പങ്കെടുത്ത ശേഷം വൈകുന്നേരമാണ് താന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയതെന്നും ആ സമയം
സുനന്ദ കട്ടിലില്‍ കിടപ്പുണ്ടായിരുന്നുവെന്നും തരൂര്‍ വെളിപ്പെടുത്തിയതായി ചില
ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുനന്ദ ഉറങ്ങുകയാണെന്ന് കരുതി
വിളിച്ചുണര്‍ത്തിയില്ല. തുടര്‍ന്ന് ഗസ്റ്റ് റൂമില്‍ ചിലരുമായി
കൂടിക്കാഴ്‌ചയിലായിരുന്നു താന്‍. ഒന്‍പത് മണിയോട് കൂടി വിളിച്ചുണര്‍ത്താന്‍
ശ്രമിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കിയെന്ന് തരൂര്‍ പറഞ്ഞു. ഹോട്ടലിലെത്തിയ
ഡോക്ടര്‍മാര്‍ സുനന്ദ മരിച്ചിട്ട് മണിക്കൂറുകള്‍ പിന്നിട്ടുവെന്ന്
സ്ഥിരീകരിക്കുകയായിരുന്നു.
ശശി തരൂരിനെയും മെഹര്‍ തരാര്‍ എന്ന പാക്
മാദ്ധ്യമ പ്രവര്‍ത്തയെയും ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ വിവാദം
ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മെഹറും സുനന്ദയും സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെയും
പരസ്യമായും പരസ്‌പരം വിമര്‍ശനങ്ങളുമായി രംഗത്ത് വരുകയുണ്ടായി. ഇതിനു പിന്നാലെയാണ്
സുനന്ദയുടെ മരണമുണ്ടായത്.
ജമ്മു കശ്‌മീരിലെ ബോമൈ സ്വദേശിനിയാണ് സുനന്ദ.
ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അവര്‍ മുന്നുവര്‍ഷം
മുമ്പാണ് തരൂരിനെ വിവാഹം ചെയ്‌തത്. വിവാഹ ശേഷം സുനന്ദയുമായി ബന്ധപ്പെട്ട നിരവധി
വിവാദങ്ങളില്‍ ശശി തരൂര്‍ കുടുങ്ങിയിരുന്നു.കരസേനയില്‍ ലഫ്.കേണലായിരുന്ന
പുഷ്‌കര്‍ദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും മകളാണ് സുനന്ദ. കശ്‌മീരിയായ
സഞ്‌ജയ് റെയ്‌നയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് വിവാഹമോചനം നേടി. മലയാളി
വ്യവസായി സുജിത് മേനോനെ വിവാഹം കഴിച്ചു. അദ്ദേഹം കാറപകടത്തില്‍
മരിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ 21 വയസ്സുള്ള മകനുണ്ട്, ശിവ് മേനോന്‍.
ദുബായിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടറായിരുന്നു സുനന്ദ. റാന്‍ഡേവൂ
സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ സഹഉടമയായിരുന്നു.
സുനന്ദ പുഷ്‌കറിന്രെ
നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അനുശോചിച്ചു. തരൂറിനെ ഫോണില്‍
വിളിച്ചാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. തരൂറിനുണ്ടായ നഷ്ടത്തില്‍ താന്‍ അഗാധമായ
ദു:ഖം രേഖപ്പെടുത്തുകയാണെന്നും, ഈ അവസ്ഥയില്‍ തരൂറിന് സഹനശക്തി ദൈവം പ്രദാനം
ചെയ്യട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല