Image

ദുരൂഹതകള്‍ ബാക്കിവെച്ച് സുനന്ദ പുഷ്‌കര്‍..

Published on 17 January, 2014
ദുരൂഹതകള്‍ ബാക്കിവെച്ച് സുനന്ദ പുഷ്‌കര്‍..
ദുരൂഹതകള്‍ ബാക്കി വെച്ച് സുനന്ദ പുഷ്‌കര്‍ ഒരു അപമൃത്യുവിന്റെ കേസ് ഫയലായി മാറിയിരിക്കുമ്പോള്‍ ഞെട്ടിത്തരിച്ചു പോയിരിക്കുന്ന രാഷ്ട്രീയ ലോകം. മലയാളികളും ഏറെ അമ്പരപ്പോടെയാണ് സുനന്ദയുടെ മരണവാര്‍ത്ത കേട്ടിരിക്കുന്നത്. പ്രത്യേകിച്ചും സുനന്ദയുടെയും ശശി തരൂരിന്റെയും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പുണ്ടായ കോലാഹലങ്ങള്‍ വാര്‍ത്തകളില്‍ നിന്നും മാഞ്ഞു തുടങ്ങിയിരുന്നുമില്ല. അത്രമേല്‍ ശക്തമായ ഒരു ആരോപണം കേന്ദ്രമന്ത്രിയായ ശശിതരൂരിന് മേല്‍ അവര്‍ ഉന്നയിച്ചിരുന്നു. പാകിസ്ഥാനി ജേര്‍ണലിസ്റ്റ് മെഹര്‍ തരാറുമായി ശശിതരൂര്‍ പ്രണയത്തിലാണെന്നും മെഹര്‍ ഒരു ഐഎസ്‌ഐ ഏജന്റാണെന്നുമായിരുന്നു സുനന്ദ ആദ്യം ട്വിറ്ററിലൂടെ വിളിച്ചു പറഞ്ഞത്. തൊട്ടു പിന്നാലെ സുനന്ദയെ ബന്ധപ്പെട്ട ദേശിയ മാധ്യമങ്ങളോടും സുനന്ദ ഇതേ കാര്യം വെളിപ്പെടുത്തി. അതിനു മുമ്പു തന്നെ കുറെനാളുകളായി സുനന്ദ - തരൂര്‍ ബന്ധം ഉലഞ്ഞു കഴിഞ്ഞുവെന്നും ഇരുവരും വിവാഹമോചനം നേടാന്‍ പോകുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ട്വിറ്റര്‍ വിവാദം പുറത്തു വന്നതിന് പിന്നാലെ പഴയ ഐ.പി.എല്‍ ഇടപാടില്‍ ശശിതരൂര്‍ കുറ്റക്കാരനാണെന്നും അന്ന് താനാണ് തരൂരിനെ രക്ഷിച്ചതെന്നും ഒരു വെടികൂടി സുനന്ദ പൊട്ടിച്ചിരുന്നു. എന്നാല്‍ സംഭവങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് തരൂര്‍ പെട്ടന്ന് തന്നെ രംഗത്തെത്തി. തന്റെയും സുനന്ദയുടെയും ട്വിറ്റര്‍ ഐഡികള്‍ ആരോ ഹാക്ക് ചെയ്തുവെന്നായിരുന്നു തരൂരിന്റെ പ്രതികരണം. പിന്നീട് പറഞ്ഞതെല്ലാം പിന്‍വലിച്ചുകൊണ്ടും തങ്ങള്‍ വിവാഹമോചനത്തിനെക്കുറിച്ച് ആലോചിക്കുന്നില്ല എന്നു വ്യക്തമാക്കിക്കൊണ്ടും ഇരുവരുടെയും സംയുക്ത പത്രക്കുറിപ്പും ട്വിറ്റര്‍ സന്ദേശവും എത്തി. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറാവട്ടെ സുനന്ദ നടത്തിയ ആരോപണങ്ങള്‍ അപ്പാടെ നിഷേധിക്കുകയും തനിക്ക് ഒരു ചാരസംഘടനയുമായും ബന്ധമില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. തരൂറുമായി തനിക്ക് പ്രണയമില്ലെന്നും മെഹര്‍ പറഞ്ഞു. മാത്രമല്ല തരൂറിനും സുനന്ദക്കും നല്ല ദാമ്പത്യം ആശംസിച്ച് അവര്‍ പി്ന്‍വാങ്ങി.

ആരോപണങ്ങളും അതിന്റെ പിന്‍വലിക്കലുമെല്ലാം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ നടത്തിയെങ്കിലും സുനന്ദ ആദ്യം ഉന്നയിച്ച ആരോപണം രാജ്യരക്ഷയെപ്പോലും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം തന്നെ. ഈ പ്രശ്‌നം ഉന്നയിച്ച് ബിജെപി ദേശിയ തലത്തിലും ഇടതുകക്ഷികള്‍ കേരളത്തിലും വിവാദങ്ങളും ആരംഭിച്ചു. കാശ്മീര്‍ വിഷയത്തില്‍ തരൂറിന്റെ ചില നിലപാടുകള്‍ ഈ വിഷയവുമായി കൂട്ടിവായിക്കണമെന്നതായിരുന്നു ബിജെപിയുടെ ആവിശ്യം. കാശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യയെ മധ്യസ്ഥതക്ക് നിര്‍ത്താമെന്ന തരൂരിന്റെ മുന്‍ നിര്‍ദേശം ബിജെപി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നു.

എന്നാല്‍ പൊതുവില്‍ ഭരണകൂടം ശശി തരൂരിന്റെ സത്യസന്ധതയെ സംശയക്കണ്ണുകളോട് ഇന്നലെ വരെ നോക്കിയിരുന്നില്ല. പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അപ്പുറം ഒന്നും കടന്നു പോയിരുന്നുമില്ല.

എന്നാല്‍ സുനന്ദയുടെ മരണത്തോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. മരണത്തെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഈ ലേഖനം തയാറാക്കുമ്പോഴും എത്തിയിട്ടില്ല. എങ്കിലും സംഭവത്തെക്കുറിച്ച് കൂടുതല്‍ ദുരൂഹതകള്‍ നിലനില്‍ക്കുക തന്നെ ചെയ്യുന്നു.

ജമ്മു കാശ്മീരിലെ ഭൂപ്രഭു കുടുംബത്തില്‍ ജനിച്ച സുനന്ദ പുഷ്‌കര്‍ പിന്നീട് കാശ്മീരില്‍ നിന്നും കുടുംബത്തോടെ താമസം മാറ്റുകയായിരുന്നു. തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന കാശ്മീരി പണ്ഡിറ്റിന്റെ വംശീയ ഉന്‍മൂലനത്തെ തുടര്‍ന്ന് പുഷ്‌കറിന്റെ കുടുംബത്തിന് കാശ്മീരിലെ ബൊമായിയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. ബൊമായിയിലെ സുനന്ദയുടെ കുടുംബ വീട് തീവ്രവാദികള്‍ തീയിടുക പോലും ചെയ്തിരുന്നു. ആര്‍മിയില്‍ ലെഫ്റ്റന്റ് കേണലായിരുന്ന പോഷ്‌കര്‍ ദാസിന്റെ മകളായിരുന്നു സുനന്ദ. ശ്രീനഗറിലെ വിദ്യാഭ്യാസ കാലത്ത് ഒപ്പം പഠിച്ചിരുന്ന കാശ്മീരി പണ്ഡിറ്റ് യുവാവായിരുന്ന സഞ്ജയ് റെയ്‌നയെ സുനന്ദ വിവാഹം കഴിച്ചു. എന്നാല്‍ ഈ വിവാഹം പരാജയപ്പെട്ടു. പിന്നീട് സുജിത്ത് മേനോന്‍ എന്ന ചെറുപ്പക്കാരനുമായി സുനന്ദ വിവാഹം കഴിച്ചു. സുനന്ദയെക്കാള്‍ പ്രായത്തില്‍ ഇളപ്പമായിരുന്നു സുജിത്ത് മേനോന്. ഈ ദമ്പതികള്‍ ദുബായിലായിരുന്നു താമസം. അവിടെ പരസ്യകമ്പനിയില്‍ മാനേജ് മെന്റ് ജോലിയില്‍ പ്രവേശിച്ചു സുനന്ദ. തുടര്‍ന്നാണ് ഇവന്റമാനേജ്‌മെന്റ് ബിസ്‌നസ്സ് രംഗത്തേക്ക് സുനന്ദ കടന്നു വരുന്നത്. സുനന്ദ പുഷ്‌കറിന്റെ കരിയറിലെ വളര്‍ച്ച ഇവിടെ നിന്നുമാണ് ആരംഭിക്കുന്നത്. ഇതിനിടയില്‍ ശിവ് മേനോന്‍ എന്ന മകന്‍ സുനന്ദ - സുജിത്ത് ദമ്പതികള്‍ക്ക് ജനിച്ചു. എന്നാല്‍ പിന്നീട് സുനന്ദ സുജിത്ത് ദമ്പതികളുടെ ദാമ്പത്യത്തില്‍ അസ്വരാസ്യങ്ങള്‍ കടന്നു വന്നു. ബിസ്‌നസ്സില്‍ വന്ന തകര്‍ച്ചയായിരുന്നു ഇതിനു കാരണം. സുനന്ദയുടെ ഇവന്റമാനേജ്‌മെന്റ് കമ്പിനി സംഘടിപ്പിച്ച ചില ഫാഷന്‍ ഷോകള്‍ സാമ്പത്തികമായി പരാജയപ്പെട്ടതോടെ സുജിത്തും സാമ്പത്തികമായി തകര്‍ന്നു. ഇതോടെ സുജിത്ത് ദുബായ് വിട്ടു. പന്നീല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. 1997ലാണ് സുജിത്ത് മരണപ്പെടുന്നത്.

എന്നാല്‍ സുനന്ദ ദുബായില്‍ തന്നെ തുടരുകയും ചെറിയ ഇവന്റുകള്‍ സംഘടിപ്പിച്ച് വീണ്ടും കമ്പിനിയെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു പോന്നു. ഈ സമയം സ്വന്തമായി ബംഗ്ലാവും ഫഌറ്റുമെല്ലാം നഷ്ടപ്പെട്ട സുനന്ദ പേയിംഗ് ഗസ്റ്റായിട്ടാണ് താമസിച്ചിരുന്നത്. പിന്നീട് കാനഡയിലേക്ക് മാറുകയായിരുന്നു സുനന്ദ ചെയ്തത്. കനേഡിയന്‍ പാസ്‌പോര്‍ട്ടിലാണ് പിന്നീട് സുനന്ദ ദുബായില്‍ തിരിച്ചെത്തുന്നത്. തിരിച്ചു വരവില്‍ റിയല്‍ എസ്റ്റേറ്റ് കമ്പിനിയായ ടീകോംമിന്റെ സെയില്‍സ് മാനേജറായി സുനന്ദ. ഇതോടെ സുനന്ദയുടെ കരിയര്‍ മാനേജ്‌മെന്റ് രംഗത്ത് സുഭദ്രമായി. പിന്നീട് 2009ല്‍ ഒരു പാര്‍ട്ടിയിലാണ് സുനന്ദ ശശി തരൂരിനെ കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി എന്ന് പറയപ്പെടുന്നു.

ഐ.പി.എല്‍ വിവാദത്തോടെയാണ് സുനന്ദ - തരൂര്‍ പ്രണയം ലോകമറിയുന്നത്. ഐ.പി.എല്ലിലെ കൊച്ചിടീമായ കേരളാ ടസ്‌കേഴ്‌സിന്റെ ഉടമസ്ഥരായ റെന്‍ഡേവൂസ് സ്‌പോര്‍ട്ട് വേള്‍ഡില്‍ സുനന്ദയും ഭാഗമായിരുന്നു. എന്നാല്‍ സുനന്ദയുടെ ഓഹരി മറച്ചു വെക്കാന്‍ ശശിതരൂര്‍ സമര്‍ദ്ദം ചെല്ലുത്തിയതായി അന്നത്തെ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. അതോടെ സുനന്ദയും തരൂരും വിവാദത്തിലുമായി. ഈ വിവാദത്തോടെ തരൂരിന്റെ മന്ത്രിസ്ഥാനം വരെ തെറിച്ചു.

തുടര്‍ന്നാണ് ഇരുവരും തങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ഇലവന്‍ഞ്ചേരിയിലെ തരൂരിന്റെ തറവാട്ടില്‍വെച്ച് കേരളീയ ശൈലിയില്‍ ഇരുവരുടെയും വിവാഹം നടന്നു. ഇരുവരുടെയും മക്കളും വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. എല്ലാ വീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം.

തുടര്‍ന്ന് സംതൃപ്തമായ കുടുംബ ജീവിതമായിരുന്നു തരൂരിന്റെയും സുനന്ദയുടെയും. എന്നാല്‍ അതിലും താളപ്പിഴകളുണ്ടെന്ന് സമീപകാലത്താണ് പുറം ലോകമറിഞ്ഞത്. ഈ പ്രശ്‌നങ്ങള്‍ തരൂരിനെതിരെ ഗുരുതരമായ പരസ്യആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ എത്തുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. വിവാദം ഉയര്‍ന്നു വന്നതിന് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോള്‍ സുനന്ദ പുഷ്‌കര്‍ ലീലാ ഹോട്ടലില്‍ മരണപ്പെട്ട വാര്‍ത്തയാണ് ലോകം കേള്‍ക്കുന്നത്.

ഇവിടെയും എപ്പോഴുമെന്നപോലെ ഏറെ ദുരൂഹതകള്‍ സുനന്ദ ബാക്കിവെച്ചിരിക്കുന്നു...




ദുരൂഹതകള്‍ ബാക്കിവെച്ച് സുനന്ദ പുഷ്‌കര്‍..  ദുരൂഹതകള്‍ ബാക്കിവെച്ച് സുനന്ദ പുഷ്‌കര്‍..
Join WhatsApp News
Anthappan 2014-01-18 07:07:55
 

'He was minister of "External Affairs".'

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക