തിരുനല്‍വേലി, വീരബാഗു നഗറിലെ സ്വച്ഛമായ ഗ്രാമ-ഗൃഹാന്തരീക്ഷത്തില്‍ വേപ്പുമരങ്ങളുടെ കാറ്റും തണലുമേറ്റു വിശ്രമജീവിതം നയിക്കുന്ന പ്രശസ്ത തമിഴ് എഴുത്തുകാരനായ തോപ്പില്‍ മുഹമ്മദ് മീരാനുമായി നടത്തിയ ഹൃദ്യമായ കൂടിക്കാഴ്ച.
മലയാള ഭാഷയുമായുള്ള ബന്ധം?
എന്റെ മാതൃഭാഷ തമിഴാണെങ്കിലും തുടക്കം മുതല്‍ ബി.എ. വരെ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലാണ് പഠിച്ചത്. അന്ന് ഞാന്‍ ജനിച്ചുവളര്‍ന്ന തേങ്ങാപട്ടണം തിരുവിതാംകൂറിലായിരുന്നു. 56 ല്‍ അത് ഭാഷാടിസ്ഥാനത്തില്‍ തമിഴ്‌നാടിന്റെ ഭാഗമായി.
എഴുത്തിലേക്കുള്ള പ്രചോദനം?
ഹൈസ്‌ക്കൂള്‍ മുതല്‍ പ്രശസ്തരായ മലയാളി സര്‍ഗ്ഗാത്മ എഴുത്തുകാരുടെ കൃതികള്‍ ധാരാളം വായിക്കാന്‍ കഴിഞ്ഞു.
തുടക്കം?
ആദ്യം മലയാളത്തിലായിരുന്നു; പിന്നീട് തമിഴിലേക്കും.
മാറ്റത്തിനു കാരണം?
എന്റെ സ്വന്തം നാടിന്റെ മണവും കാറ്റിന്റെ സുഗന്ധവും ചകിരി തല്ലുന്നതിന്റെ ശബ്ദവും കൈരളിയില്‍ തുടിക്കുന്നില്ലെന്ന് തോന്നല്‍.
താങ്കളുടെ കൃതികള്‍ ആദ്യം മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് ആരാണ്?
പ്രസിദ്ധ ബാലസാഹിത്യകാരനും പരിഭാഷകനുമായ ശൂരനാട് രവി.
എത്ര നോവലുകള്‍?
മൂന്ന്: ചാരുകസേര, തുറമുഖം, ഒരു കടലോരഗ്രാമത്തിന്റെ കഥ.
ചാരക്കസേര: ഒരു വലിയ തറവാടിന്റെ പതനം.
തുറമുഖം: സിലോണിലേക്ക് എന്റെ ബാപ്പ ഉണക്കമത്സ്യം കയറ്റിയയച്ചതില്‍ ഏജന്റുമാരുടെ വഞ്ചന.
ഒരു കടലോരഗ്രാമത്തിന്റെ കഥ: ആ വഞ്ചനയില്‍ ഒരു ഗ്രാമം അനുഭവിക്കുന് കഷ്ടതകള്‍.
ആ കാലഘട്ടത്തില്‍ മൂന്നോ നാലോ ധനികരുടെ ശക്തിയിലാണ് ഒരു ഗ്രാമത്തെ തീറ്റിപ്പോറ്റിയിരുന്നത്.
ശൂരനാട് രവി ഒഴികെ ആരൊക്കെ തര്‍ജമ ചെയ്തിട്ടുണ്ട്?
കാലിക്കറ്റ് സര്‍വകലാശാല പ്രൊഫസറായ ഡോ. ടി.ബി. വേണു ഗോപാല പണിക്കര്‍ കൂനന്‍തോപ്പ് എന്ന നോവല്‍ മലയാളത്തിലേക്കും കേന്ദ്ര സാഹിത്യ അക്കാഡമി ലൈബ്രറിയയുമായ വിജയലക്ഷ്മി രണ്ടു നോവല്‍ ഇംഗ്ലീഷിലേക്കും.
എത്ര പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്?
പതിനേഴ്.
അവ ഏതെല്ലാം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്?
ചില കൃതികള്‍ ഒന്നിലധികം ഭാഷകളില്‍. ചാരുകസേര ഇംഗ്ലീഷ്, ജര്‍മ്മന്‍, കന്നട, തെലുങ്ക്, മലയാളം. ഒരു കടലോരഗ്രാമത്തിന്റെ കഥ ഇംഗ്ലീഷ് കന്നട, തെലുങ്ക്, മലയാളം.
അവാര്‍ഡുകള്‍?
സാഹിത്യ അക്കാഡമി അവാര്‍ഡ്, തമിഴ്‌നാട് കലൈ ഇലക്കിയ പെരുമണ്‍റം, ഇലക്കിയ ചിന്തനൈ, അമു ദാന അഡിഗല്‍ ലിറ്റററി അവാര്‍ഡ്, തമിഴ്‌നാട് പ്രോഗ്രസീവ് അവാര്‍ഡ്, തമിഴ്‌നാട് സ്റ്റേറ്റ് ഗവ. അവാര്‍ഡ്.
ചാരുകസേര നോവലിന് കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഒരു കടലോരഗ്രാമത്തിന്റെ കഥയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ക്രോസ് വേഡ് അവാര്‍ഡിന് 1999ല്‍ പരിഗണിക്കപ്പെട്ടിരുന്നു.
ഈ നോവലുകളിലെ ചരിത്രപരമായ വിശ്വാസയോഗ്യത?
ചരിത്രം വെറുതെ വായിച്ചു പോവാനല്ല. അത് നമ്മുടെ കാഴ്ചപ്പാടനുസരിച്ച് നമ്മുടേതായ ഒരു അനുമാനത്തിലെത്തിച്ചേരണം. കൂടാതെ ചരിത്രത്തില്‍ മറഞ്ഞ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരുകയും വേണം. ഉദാഹരണമായി മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഒരു നല്ല ഭരണാധികാരിയാണെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം മരുമക്കത്തായത്തിന്റെ പേരില്‍ യഥാര്‍ത്ഥ ഭരണാവകാശിയായ എട്ടു വീട്ടു പിള്ളമാരില്‍ നിന്ന് ഭരണം തട്ടിയെടുത്തു. അതിനെ എതിര്‍ത്ത എട്ടുവീടരെ ദ്രോഹിച്ചു.
അവരുടെ സ്ത്രീകളെ മുക്കുവര്‍ക്ക് ലേലം ചെയ്തു! വാസ്തവത്തില്‍ എട്ടുവീട്ടു പിള്ളമാരാണ് മരുമക്കത്തായത്തിനെതിരെ ആദ്യം വാദിച്ചത്. ഏകദേശം രണ്ടുനൂറ്റാണ്ടിനുശേഷം ഇന്ന് മരുമക്കത്തായ സമ്പ്രദായം ഗവണ്‍മെന്റ് നിര്‍ത്തലാക്കിയിരുന്നു.
ഏതെല്ലാം മലയാള കൃതികള്‍ താങ്കള്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്?
എം.എന്‍. കാരശേരി മാഷ് കുട്ടികള്‍ക്കുവേണ്ടി എഴുതിയ മൊയീന്‍കുട്ടി വൈദ്യരുടെ ഹുസുനുല്‍ ജമാല്‍. പിന്നെ വൈക്കം മുഹമ്മദ് ബഷീര്‍, മുകുന്ദന്‍, സക്കറിയ തുടങ്ങി താങ്കളുടെ എളാപ്പ എന്ന കഥയടക്കം 141 ചെറുകഥകള്‍.
സാഹിത്യത്തല്‍ കുടുംബ പാരമ്പര്യം?
ബാപ്പയും മക്കളും അകല്‍ച്ചയുണ്ടായിരുന്ന കാലത്ത് ബാപ്പ കഥാപ്രംഗരൂപേണ ഞങ്ങള്‍ക്ക് കഥ പറഞ്ഞു തന്നു.
വ്യാപാരത്തില്‍ ഭീമമായ നഷ്ടം സംഭവിച്ചുവെന്ന് പറഞ്ഞുവല്ലോ, അതിനു ശേഷം?
അതിനു ശേഷവും കഥ പറച്ചില്‍ തുടര്‍ന്നു.
ആ നഷ്ടഭാരം അതിജീവിച്ചത്?
ബാപ്പാക്ക് വേറെയും സ്വത്തുക്കളുണ്ടായിരുന്നു.
എഴുത്തില്‍ കുടുംബ സഹകരണം?
സഹകരണമുണ്ട്.
മക്കള്‍?
രണ്ടാണ്‍മക്കള്‍; രണ്ടും യു.എ.ഇ. യിലാണ്.
ഡോ.എം.എ. ബഷീര്‍ താങ്കളുടെ അധ്യാപകനായിരുന്നോ?
ഉവ്വ്, നാഗര്‍കോവിലില്‍ ഞാന് ബി.എ.യ്ക്ക് പഠിക്കുമ്പോള്‍.
എം.ടി. വാസു ദേവന്‍ നായര്‍ മലയാള പരിഭാഷയെപ്പറ്റി പൊതുവെ നല്ല അഭിപ്രായം പറയുന്നില്ലല്ലോ?
മൂലഭാഷയിലും പരിഭാഷപ്പെടുത്തുന്ന ഭാഷയിലും പാണ്ഡിത്യം വേണം.
ചെറുകഥ?
ചെറുകഥയ്ക്ക് ശക്തമായ ഉള്ളില്‍ തട്ടുന്ന ഭാഷ വേണം. ചെറിയ വിഷയങ്ങള്‍ വലിയ കാര്യങ്ങളായി പറയണം. ഭാഷ കൃതിയുടെ ചൈതന്യമാണ്. ആവരണാണ്. ഭാഷയുടെ ചൈതന്യവും ശക്തിയും ആവാഹിച്ചെടുക്കേണ്ടതാവശ്യമാണ്.