ജറൂസലം: ജറൂസലമില്‍ യേശുവിനെ വിചാരണ നടത്തിയെന്നു വിശ്വസിക്കുന്ന ഹെറദോസിന്റെ കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. പട്ടണത്തിലെ ദാവീദിന്റെ ഗോപുരത്തിനരികെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനടിയില്‍ നടത്തിയ ഉദ്ഖനനത്തിലാണ് ചരിത്ര പ്രധാനമായ കണ്ടെത്തലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ജറൂസലം നഗരത്തിന്റെ പടിഞ്ഞാറു വശത്തുള്ള ഹെറദോസിന്റെ കൊട്ടാരത്തിലാണ് യേശുവിനെ വിചാരണ നടത്തിയതെന്നാണ് ക്രിസ്തീയ പണ്ഡിതരുടെ പ്രബല പക്ഷം. കൊട്ടാരത്തില്‍ ഗേറ്റിനോടു ചേര്‍ന്ന് കുണ്ടും കുഴിയുമുള്ള കല്‍പടവിലായിരുന്നു വിചാരണയെന്നു പറയുന്നു. ഈ വിശദീകരണങ്ങള്‍ സാധൂകരിക്കുന്നതാണ് പുതിയ കണ്ടത്തെലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹെറദോസിന്റെ കൊട്ടാരത്തോടു ചേര്‍ന്ന് ഒരു മ്യൂസിയവും ഓട്ടോമന്‍ കാലത്തെ തടവറയും സ്ഥിതി ചെയ്യുന്നുണ്ട്.
വിചാരണ ഇവിടെ നടന്നെന്ന് കുറിക്കുന്ന ലിഖിതങ്ങളൊന്നും കണ്ടത്തൊനായിട്ടില്‌ളെങ്കിലും ചരിത്രവും സുവിശേഷവും പുരാവസ്തു പഠനങ്ങളും ഇത് ഹെറദോസിന്റെ കൊട്ടാരമാണെന്ന് തെളിയിക്കുന്നതായി നോര്‍ത് കരോലൈന യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഷിമോണ്‍ ഗിബ്‌സണ്‍ പറഞ്ഞു.
പുതിയ കണ്ടുപിടിത്തം ജറൂസലമില്‍ ക്രിസ്ത്യന്‍ തീര്‍ഥാടകരുടെ പുതിയ ഒഴുക്കിന് കാരണമായേക്കുമെന്ന് സൂചനയുണ്ട്. 15 വര്‍ഷം മുമ്പാണ് ഇവിടെ ഉദ്ഖനനം ആരംഭിച്ചത്. മ്യൂസിയത്തോടു ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പഴയ കെട്ടിടത്തിനടിയില്‍ നടത്തിയ ഉദ്ഖനനങ്ങളാണ് നിര്‍ണായക കണ്ടത്തെലിലേക്ക് വഴിതുറന്നത്.