Image

പ്രവാസികള്‍ക്കായി പ്രവാസിയുടെ സിനിമ `നിലാവ്‌' (സപ്‌ന അനു ബി. ജോര്‍ജ്‌)

Published on 13 May, 2015
പ്രവാസികള്‍ക്കായി പ്രവാസിയുടെ സിനിമ `നിലാവ്‌' (സപ്‌ന അനു ബി. ജോര്‍ജ്‌)

എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികള്‍ .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍  നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായ്  ജീവിക്കുന്ന കുടുംബാംഗങ്ങള്‍ , ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം .ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന നമ്മളുടെ ചിന്തകള്‍ കഥകളായും കവിതകളായും, ആത്മകഥകളും, വിവരണങ്ങളും ഹൃസ്വചിത്രങ്ങളായും ധാരാളംപേര്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഗാര്‍ഷം എന്ന സിനിമയിലും,പരദേശിയും അറബിക്കഥകളും പറഞ്ഞുപോയ പ്രവാസ വേദനകള്‍ വീണ്ടും മലയാളത്തില്‍ ഒരുങ്ങുകയാണ്‍. അജിത് നായര്‍  ഒരുക്കിയ നിലാവ് പ്രവാസ ജീവിതത്തീന്റെ സ്ത്രീപക്ഷ കാഴ്ചയാണ്‍ എന്നു പറയാം.

അജിത് നായര്‍ – സംവിധായകന്‍

15 വര്‍ഷമായി ബഹറിനില്‍ ജീവിക്കുന്ന അജിത് നായര്‍ കഥ,തിരക്കഥ,സംവിധാനംനിര്‍വ്വഹിക്കുകയും പ്രവാസദേശത്ത് ചിത്രീകരിച്ച്,അഭിനേതാക്കളും ഏറെക്കുറെ പ്രവാസികള്‍ തന്നെയായുള്ള ഒരു മുഴുനീള മലയാള സിനിമയാണ് നിലാവ് എന്നതും ഒരു പ്രത്യേകതയാണ്.ഏകാന്തതയുടെയും  ഒറ്റപ്പെടലിന്റെയും  അസ്പഷ്ടവികാരങ്ങള്‍ തിരയടിക്കുന്ന മനസ്സുകളെക്കുറിച്ച്  മൂടുപടമില്ലാതെ വര്‍ണ്ണിക്കുന്നതായാണ് ഈ കഥയില്‍ ഉടനീളം നമ്മള്‍ കാണുന്നത് .തീഷ്ണമായ മാനസിക വിക്ഷോഭങ്ങള്‍ ഇളക്കിവിട്ട് നമ്മുടെ മനസ്സിന്റെ മൃദുവായ തന്ത്രികളില്‍ എങ്ങോ സ്പര്‍ശിക്കുന്ന ഈ കഥ,അജിത് നായര്‍ എന്ന കഥാകൃത്തിനെ തികച്ചും വ്യത്യസ്ഥമാക്കുന്നു.തികച്ചും അപരിചിതരായിരുന്ന ലക്ഷ്മിയുടെയും ഹരിയുടെയും കഥയിലൂടെ പ്രവാസജീവിതത്തിന്റെ ഏകാന്തതകളും,തകര്‍ന്നുവീഴുന്ന സ്വപ്നങ്ങളും തന്മയത്വമായി വരച്ചുകാട്ടുന്നു അജിത്. കരയില്‍ പിടിച്ചിട്ട മത്സ്യം  ജീവവായു തിരയും പോലെ  ശൂന്യതയില്‍ സ്വയം ഇല്ലാതാകുന്ന ജീവിതങ്ങള്‍ .അപരിചിതമാവുന്ന സ്വന്തം മനസ്സും ശരീരവുമായി നിരന്തരം സംഘര്‍ഷത്തില്‍ അകപ്പെടുന്ന സ്ത്രീ  ജീവിതങ്ങളുടെ ശ്മശാന ഭൂമിയാണ്‌ ഗള്‍ഫ്‌ .പുരുഷന്റെ ഭൌതികമായ ആധികളും , വ്യധകളും  മാത്രമെ പ്രവാസജീവിതത്തിന്റെ പ്രമേയയങ്ങളായി രചനകളിലും,കഥകളിലും,സിനിമയിലും മറ്റൂം  ആവിഷ്ക്കരിക്കപ്പെടാറുള്ളൂ. സ്തീയെ ആസ്പദമാക്കി ഗള്‍ഫില്‍ നീന്ന് ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രമേയം  സിനിമയാകുന്നത് .

അജിത്തിന്റെ കാഴ്ചപ്പാടില്‍ നിലാവ് എന്ന സിനിമ പൂര്‍ണ്ണമായും ബഹറിനില്‍ ഷൂട്ട് ചെയ്തത് പ്രവാസ ജീവിതത്തിന്റെ ഭാഗമാ കഥയായതുകൊണ്ട്  മാത്രമല്ല,മറ്റാരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു രീതി അവലംബിക്കുക എന്ന സസുദ്ദേശത്തോടും കൂടിയാണ്.പിന്നെ ഞാന്‍ ജീവിച്ച,എനിക്കേറ്റവും പരിചയമുള്ള സ്ഥലം ആണ് ബഹറിന്‍ ,ഓരോ  മുക്കും മൂലയും ചിരപരിചിതം.ആദ്യമായി ഗള്‍ഫില്‍ നിര്‍മ്മിക്കുന്ന ഒരു  മുഴുനീളചലച്ചിത്രം കൂടിയാണ് നിലാവ് എന്നതും ഒരു പ്രത്യേകതയാണ് .ഇതിലെ മിക്ക സ്ഥലങ്ങളും ഇവിടെയുള്ളവര്‍ക്ക് മനസ്സിലാകും. പൂര്‍ണ്ണമയും ബഹറിനില്‍ത്തന്നെയാണ് ഇതിന്റെ ചിത്രീകരണം നടന്നിട്ടുള്ളത്. മനാമ, സല്‍മാനിയ, ഗുദൈബിയ,സെല്ലാക്ക്എന്നിസ്ഥലങ്ങള്‍ ആണ് കൂടുതലും ചിത്രത്തില്‍ കാണാന്‍ സാധിക്കുക‘..ഈ ചിത്രത്തിന്റെ കഥക്കു പ്രചോദനം,എന്റെ മനസ്സ് കാടുകയറിയ ചില ചിന്തകളുടെ പര്യവസാനം ആണ് ഇതിനു  ആരോടും സാമ്യമോ,ഛായയോ ഒന്നും തന്നെയില്ല.വെറും കാല്‍പ്പനികമായ ഒരു കഥ മാത്രം.ഇവിടെ ജീവിക്കുന്ന ഒരുപറ്റം അവിവാഹിതരായ ചെറുപ്പക്കാരുടെ മനസ്സും അവരുടെ വ്യഥകളും വരച്ചുകാട്ടാനുള്ള ശ്രമം മാത്രം

 കഥ ഇതുവരെ

ഒരു യാ‍ഥാസ്ഥികമായ ചുറ്റുപാടില്‍ നിന്നും ബഹറിനില്‍ എത്തുന്ന ഹരി, ഒരു ഇന്റീരിയര്‍ ഡിസൈന്‍ കംബനിയില്‍ ജോലി ചെയ്യുന്നു.ഭര്‍ത്താവും കുടുംബവുമായി കഴിയുന്ന ലക്ഷ്മി,ധാരാളം പണം, സൌകര്യങ്ങള്‍ , സ്നേഹമുള്ള എന്നാല്‍ ജോലിത്തിരക്കുള്ള ഭര്‍ത്താവ്,ഇതിനിടയില്‍ ഒറ്റപ്പെട്ടുപോകുന് ലക്ഷ്മി. മനോഹരമായ  ചിത്രങ്ങള്‍ വരയ്ക്കുന്ന ഹരിയുടെ അടുത്ത് ചിത്രം വരക്കാനായി എത്തുന്ന ലക്ഷ്മി.ആ പരിചയത്തിന്റെ പേരില്‍ ,അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകള്‍ ആണ്  കഥാതന്തു.പരസ്പരം മനസ്സുകളെ തൊട്ടറിയാന്‍ കഴിയുന്ന അപൂര്‍വ്വസൌഹൃദം എന്തെന്നു വരച്ചുകാട്ടുന്നു നിലാവിലൂടെ അജിത്‌ എന്ന കഥാകൃത്ത്. ഏകാന്തവാസത്തിനിടയില്‍ കണ്ടുമുട്ടുന്ന ഇരുവരുടെയും മനസ്സുകള്‍ തേടുന്ന

വികാരങ്ങള്‍ക്ക്, വിശ്വാസങ്ങള്‍ക്ക്, കാഴ്ചപ്പാടുകള്‍ക്ക്, അവര്‍ കണ്ടെത്തുന്ന സ്നേഹത്തിന്റെ നങ്കൂരമാണ് നിലാവിന്‍ ഇതിവൃത്തം.

ലക്ഷ്മിയുടെയും ഹരിയുടെയും ജീവിതത്തിലേക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് നമ്മെ  എത്തിനോക്കാന്‍ അജിത്ത് എന്ന സംവിധായന്റെ വാക്കുകള്‍ ഇവിടെ സഹായിക്കുന്നു..ഒരിടത്ത് ഒരു നിലാവുണ്ടായിരുന്നു. മഞ്ഞിന്റെ മുകളില്‍ കൂടുകൂട്ടിയ നനുത്ത നിലാവ്,രാത്രിയെ പുണര്‍ന്നു അതു അങ്ങനെ പടര്‍ന്നു പന്തലിച്ചു കിടന്നു.അതിനു കീഴെ അവള്‍ നിശബ്ദമായി തേങ്ങി, അവനും അതില്‍ കൂടുകൂട്ടാന്‍ കടല്‍ കടന്നു എത്തി.പിന്നെ പെയ്തത് നിലാമഴയായിരുന്നു അവര്‍ക്ക് ചുറ്റും.ദൂരെ നിന്നു ആടിതളര്‍ന്ന ഊഞ്ഞാലും ഓളങ്ങള്‍ നിലച്ച കുളവും അവര്‍ക്കിടെ എത്തി നോക്കി.മറവിയുടെ ഇരുളില്‍ ചെമ്പകപ്പൂക്കളായ് അവര്‍ നടന്നു.ഇതു സ്വപ്നമാണോ?. മനസ്സ് പകുത്ത നീ എങ്ങോട്ടെക്കാണ്   പോകുന്നത് .നിനക്കറിയാം ആ നാലു ചുവരുകളിലെക്കല്ല നീ പോകേണ്ടത് എന്ന്.മറന്നു വച്ച പോലെ നീ നിന്റെ മനം എന്തിനാണ് അറിഞ്ഞു കൊണ്ടു അവിടെ ഉപേക്ഷിച്ചത് ?നിനക്ക് പറയാന്‍ കഴിഞ്ഞേക്കില്ല. ഒരു പക്ഷെ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കുംഎന്ന് അജിത്ത് നായര്‍  അര്‍ത്ഥോക്തിയില്‍ പറഞ്ഞു നിര്‍ത്തുന്നു.

പിന്നണി പ്രവര്‍ത്തകര്‍

അജിത്ത് നായരുടെ തന്നെയാണ്  കഥയും തിരക്കഥയും,സംവിധാനംവും .ചില പാട്ടുകള്‍ ഒഴികെ മറ്റുള്ള എല്ലാ സീനുകളും ബഹറിനില്‍ത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.എല്ലാ അഭിനേതാക്കളും പുതുമുഖങ്ങള്‍ ആണ് ‍.ഇതിലെ മുഖ്യകഥാപാത്രങ്ങളായി ഹരിദാസും സുനിതയുമാണ് അഭിനയിക്കുന്നത്. കൃഷ്ണന്‍ ഹരിദാസ് ഈ ചിത്രത്തിന്റെ മുഖ്യ അഭിനേതാവ മാത്രമല്ല പ്രോഡ്യൂസര്‍ കൂടിയാണ്‍ . അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, “ഈ കഥയോടും കാഥകൃത്തിനോടും സിനിമയോടും സഹകരിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. സ്ത്രീകളെ മാത്രം ചുറ്റിപ്പറ്റിയുള്ള ഒരു കഥയല്ല ഇത്, ഏകാന്തയുടെ അടിമയാമേണ്ടി വരുന്ന ഓരോ പ്രവാസിയുടെയും ജീവിതം ആണ്‍ ഈ സിനിമയുടെ പ്രമേയം.“ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ചന്ദ്രദാസ്,രമേഷ്,പ്രശാന്ത്, സുരെഷ് കരുണാകരന്‍, അനില, ഡോക്ടര്‍ ബാബു,രജിത്,ശശി,സംഗീത,സേതു, നിവേദ്യ ,ഷംസ് എന്നിവര്‍ ബഹറിനില്‍ തന്നെയുള്ളവരാണ് .നിലാവിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ,ചിത്രത്തിന്റെ നിര്‍മാണം.ന്യൂ സ്കൈ പ്രൊഡക്ഷന്‍, കഥ,ഗാനരചന, സംവിധാനം  അജിത്‌ നായര്‍ ,സംഗീതം  റജി ഗോപിനാഥ് ,പാട്ടുകള്‍ ആലാപിച്ചിരിക്കുന്നത് കെ.എസ്. ചിത്രയും ജി .വേണുഗോപാലുമാണ്‍.ചായഗ്രഹണം ഉണ്ണി,എഡിറ്റിംഗ് നിഖില്‍ വേണു, കലാസംവിധാനം  സോണി സിജോ .ഷെരീഫ്‌ ഷാജി  പ്രൊഡക്ഷന്‍ കണ്ട്രോളര്‍എന്നിവരാണ്‌ .

അജിത്ത്  എന്ന വ്യക്തി

കേരളത്തില്‍ വയനാട്ടിലെ കല്‍പ്പറ്റ സ്വദേശിയാണ്‍ അജിത്ത്.ഭാര്യ സിന്ധുവിനോടും കുട്ടികളോടും കൂടി ബഹറിനില്‍ താമസമാക്കിയിരിക്കുന്നു. അല്‍ ബയാന്‍ മീഡിയ ഗ്രൂപ്‌  പ്രൊഡക്ഷന്‍ വിഭാഹത്തിലാണ് അജിത് ജോലിചെയ്യുന്നത്. ഇതു കൂടാതെ  ഒരു റേഡിയോ സ്ക്രിപ്റ്റ് എഴുത്തുകാരനായിട്ടും,നല്ലൊരു കഥകൃത്തായും, സംവിധായകനുമായി അജിത്ത് കൂട്ടുകാര്‍ക്കിടയിലും അറിയപ്പേടുന്നു. അജിത്തിന്റെ ബഹുമതികളില്‍  ഒന്ന് WMC Toastmasters Club,ബെഹറിന്‍ സംഘടിപ്പിച്ച ഫിലിംഫെസ്റ്റിവലില്‍   അജിത്തിന്റെ "Outfits&Dreams“ എന്ന ഹൃസ്വചിത്രത്തിന്‍ അഞ്ചോളം അവാര്‍ഡ്‌ കിട്ടുകയുണ്ടായി. ഒക്ടോബറില്‍ കേരളത്തിലുടനീളം റിലീസ് പെയ്യാന്‍ പോവുന്ന 'നിലാവ്' ബഹറിനില്‍  സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള സിനിമ ആണ്.അജിത്തിന്റെ ബ്ലോഗിന്റെ  പേര്  www.ajithbah.blogspot.com എന്നാണ്‍, ഇതിലൂടെ അദ്ദേഹത്തോട് നിങ്ങള്‍ക്ക് നേരിട്ട് പരിചപ്പെടുകയ്യും ആവാം.

പ്രവാസികള്‍ക്കായി പ്രവാസിയുടെ സിനിമ `നിലാവ്‌' (സപ്‌ന അനു ബി. ജോര്‍ജ്‌) പ്രവാസികള്‍ക്കായി പ്രവാസിയുടെ സിനിമ `നിലാവ്‌' (സപ്‌ന അനു ബി. ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക