ഇരുപത്തിയേഴ്
മമ്മി ഈ പറയുന്നതൊക്കെ വാസ്തവം തന്നെയോ? വിശ്വാസം വരുന്നില്ല.
എതിരേ സോഫയിലിരിക്കുന്ന മമ്മിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ലിവിംഗ് റൂമിലെ ലൈറ്റിന്റെ അരണ്ട വെളിച്ചത്തില്‍ മമ്മിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു. ഇന്നലത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വേണ്ട വണ്ണം ഉറങ്ങിയിട്ടുണ്ടാവില്ല. പാവം. പൊതുവെ നൈറ്റ് ഡ്യൂട്ടി സമയത്ത് കാണാറുള്ളതാണ് ഈ ക്ഷീണിച്ച മുഖം. ഈയിടെയായി അതു കൂടതലാണു താനും.
'മോള്‍ വെറുതെ ഓരോന്ന് ആലോചിച്ച് വിഷമിക്കാതെ,' മമ്മിയുടെ വാക്കുകള്‍. 'നീ വിചാരിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ല.'
മറുപടിയൊന്നും പറഞ്ഞില്ല. പത്രമെടുത്ത് അലസമായി മറിച്ചു നോക്കി.
മമ്മിയും വിനുവുമായി ഇന്നു ദീര്‍ഘനേരം സംസാരിച്ചത്രേ, ഇതുവരെ പറഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളും.
വിനോദിന് അമേരിക്കയിലെ ജീവിതവുമായി ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അയാള്‍ കരുതിയ അമേരിക്കയല്ലേ്രത നേരില്‍ കണ്ടത്.
'നാട്ടില്‍ യാതൊരു അല്ലലും അറിയാതെ സുഖമായി ജീവിച്ചവനാണ്.' മമ്മിയുടെ ന്യായീകരണം. 'ഇവിടുത്തെ രീതികളുമായി ഒന്നു പൊരുത്തപ്പെട്ടു കിട്ടാന്‍ കുറേ സമയമെടുക്കും.'
ഇത്തരം അവിഹിതബന്ധത്തില്‍പ്പെട്ടാണോ അതു സാധിച്ചെടുക്കുന്നത് എന്നു ചോദിക്കാന്‍ തോന്നി. മമ്മിയുടെ യാചന നിറഞ്ഞ കണ്ണുകള്‍ കണ്ട് സ്വയം നിയന്ത്രിച്ചു.
മമ്മിയുടെ ഈ മുഖമാണ് എന്നത്തേയും ദൗര്‍ബല്യം. ദൈവമേ, താനായി മമ്മിയെ എത്ര കണ്ണീര്‍ കുടിപ്പിച്ചിരിക്കുന്നു.
രണ്ടു ദിവസം മുമ്പ് മോട്ടലില്‍ വച്ച് കണ്ട രംഗം ആരോടും പറേയണ്ടന്നാണ് ആദ്യം കരുതിയത്. അല്ലെങ്കില്‍ത്തന്നെ എന്താണു പറയുക? വിനു, പൂനത്തിന്റെ മുറിയിലായിരുന്നു എന്നല്ലാതെ വേറെ എന്തു പറയും? വേറൊന്നും കണ്ടില്ലല്ലോ?
പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെയായിരുന്നു വിനോദിന്റെ പെരുമാറ്റവും. അതാണു കൂടുതല്‍ വിഷമിപ്പിച്ചത്. പഠിച്ച കള്ളന്റെ ഭാവം.
ബാത്‌റൂമില്‍ നിന്നിറങ്ങി വന്ന വിനുവിന്റെ പ്രതികരണം വിചിത്രമായിരുന്നു. അതോ താന്‍ മറ്റു വല്ലതും പ്രതീക്ഷിച്ചതുകൊണ്ട് അങ്ങനെ തോന്നിയതാണോ?
'സന്ധ്യ എപ്പോള്‍ വന്നു?'
നാടകീയമായ രീതിയിലായിരുന്നു വിനോദിന്റെ ചോദ്യം.
പൊട്ടിക്കരയാനാണു തോന്നിയത്. എന്തിനാ വിനു എന്നോടിത്? സ്വയം അടക്കി. പൂനം ജോലിത്തിരക്ക് അഭിനയിച്ച് വാച്ചില്‍ നോക്കി.
'സന്ധ്യ വന്നതു നന്നായി.' ആശ്വാസം നടിച്ച് വിനോദിന്റെ നേരെ തിരിഞ്ഞ് പൂനം പറഞ്ഞു. 'നൗ യൂ ഡോന്റ് നീഡ് മീ, ഷീ വില്‍ ടേക് യു ഹോം.'
അവരുടെ ചിരിയില്‍ പരിഹാസം ഒളിഞ്ഞിരുന്നോ?
'താങ്ക് യൂ.' വിനു പറഞ്ഞു.
എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് തനിക്ക് അപ്പോഴും നിശ്ചയമില്ലായിരുന്നു. എങ്ങനെയെങ്കിലും അവിടെ നിന്നു രക്ഷപ്പെടണമെന്ന് വിചാരമേ ഉണ്ടായിരുന്നുള്ളൂ. ലോകം മുഴുവന്‍ തകിടം മറിയുന്ന പ്രതീതി!
വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലും കാര്യമായൊന്നും സംസാരിച്ചില്ല. വിനുവിന് തന്റെ വിചാരഗതി മനസിലായെന്ന കാര്യം ഉറപ്പ്. തന്റെ ഭാവമാറ്റത്തിന്റെ കാരണത്തെപ്പറ്റി ഔപചാരികമായി തിരക്കാന്‍ അയാള്‍ മറന്നില്ല.
അതിനു തന്റെ സ്റ്റോക്ക് മറുപടിയും-തലവേദന!
രണ്ടു ദിവസം ഒരു വിധം കടിച്ചു പിടിച്ചുനിന്നു. മമ്മിയോട് ഇതേപ്പറ്റി പറഞ്ഞാല്‍ എന്താണ് ഉണ്ടാവുക എന്നുറപ്പില്ലല്ലോ. കൂടുതല്‍ വേദനിക്കും; തീര്‍ച്ച.
ഒടുവില്‍ മമ്മിയോട് പറയാന്‍ തന്നെ തീരുമാനിച്ചു. ഇന്നു രാവിലെയാണു പറഞ്ഞത്. വിനോദ് ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. ഈവനിങ് ഡ്യൂട്ടി കഴിഞ്ഞു വന്ന് താമസിച്ചാണ് ഉറങ്ങാന്‍ കിടന്നത്. മമ്മി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരാന്‍ തിടുക്കമായിരുന്നു. കിച്ചനില്‍ വച്ച് അടക്കിയ സ്വരത്തില്‍ കാര്യം പറഞ്ഞു. മമ്മി പെട്ടെന്നൊന്നും പറഞ്ഞില്ല, താടിക്കു കൈയും കൊടുത്തിരുന്നു.
കുറേ നേരത്തെ മൗനത്തിനു ശേഷം മമ്മി പറഞ്ഞു. 'എല്ലാം നിന്റെ തോന്നലാ മോളേ. നീ വെറുതേ ഓരോന്നു ചിന്തിക്കാതെ.'
എന്നാല്‍ മമ്മിയുടെ മനസില്‍ വേറെ എന്തോ ആയിരുന്നു, തീര്‍ച്ച.
'ഇത്രയുമൊക്കെ കണ്ടാല്‍ ആരാ മമ്മി ഓരോന്നു ചിന്തിച്ചു പോകാത്തത്? മമ്മിയായിരുന്നു എന്റെ സ്ഥാനത്തെങ്കില്‍ എന്തു ചെയ്‌തേനെ?'
മമ്മി ചെറുതായൊന്നു ഞെട്ടിയെന്നു തോന്നി. പെട്ടെന്നു സമനില വീണ്ടെടുത്തുകൊണ്ടു പറഞ്ഞു. 'അതിന് എന്തുണ്ടായെന്നാ പറേന്നെ? അവന്റെ പെരുമാറ്റത്തില്‍ മാറ്റമൊന്നും കണ്ടില്ലെന്നു നീ തന്നെ പറയുന്നു. എല്ലാം നിന്റെ തോന്നലാ.'
ഡാഡി താഴേക്കിറങ്ങി വന്നതുകൊണ്ട് സംഭാഷണം പെട്ടെന്ന് അവസാനിച്ചു.
മനസില്‍ നിന്ന് ആ സംഭവം മായിച്ചു കളയാനായിരുന്നു പിന്നത്തെ ശ്രമം മുഴുവനും....
'ഞാന്‍ അല്പനേരം കിടക്കട്ടെ.' മമ്മിയുടെ വാക്കുകള്‍ പെട്ടെന്നു വര്‍ത്തമാനകാലത്തിലേക്കു തിരിച്ചുകൊണ്ടു വന്നു.
മമ്മി എഴുന്നേറ്റ് മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ കയറുന്നതു നോക്കിയിരുന്നു.
ഇത്രയൊക്കെ കാര്യങ്ങള്‍ വിനു തുറന്നു പറഞ്ഞുവെന്നു കേട്ടപ്പോള്‍ വിശ്വാസം വന്നില്ല.
ആദ്യത്തെ ജോലി അത്രമാത്രം വെറുത്തിരുന്നുവെന്ന് ഇപ്പോഴാണു മനസിലായത്. എല്ലാം അവസാനിപ്പിച്ചു നാട്ടേലിക്കു തിരികെപ്പോകാന്‍ വരെ വിനു ആലോചിച്ചു പോലും. എന്തോ, തനിക്കത്ര വിശ്വാസം വരുന്നില്ല. മമ്മിയുടെ സിമ്പതി പിടിച്ചുപറ്റാന്‍ വേണ്ടി പറഞ്ഞതാകാം.
'ആ ജോലിയും ഇപ്പോഴത്തെ ജോലിയും തമ്മില്‍ രാവും പകലും പോലെ വ്യത്യാസമുണ്ടെന്നാ അവന്‍ പറഞ്ഞത്.' മമ്മിയുടെ വാക്കുകള്‍, 'മോളേ, നീയാട്ട് ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതിരുന്നാല്‍ മതി.'
ഇല്ല മമ്മീ, ഞാനായിട്ട് ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുകയില്ല, അതുറപ്പ്!
ദൈവമേ, വല്ലാത്തൊരു വിധി തന്നെയിത്!
തന്റെ തെറ്റുകള്‍ക്ക് എത്രകാലം ഇങ്ങനെ പ്രായശ്ചിത്തം ചെയ്യേണ്ടി വരും!
സോഫയിലേക്കു ചാരി കണ്ണടച്ചിരുന്നു.
എത്രനേരം ഇരുന്നെന്നറിയില്ല. ഫോണ്‍ ബെല്ല് അടിക്കുന്നതു കേട്ടാണുണര്‍ന്നത്.
ഡാഡിയുടെ ഫോണ്‍. മമ്മി ബെഡ്‌റൂമില്‍ എടുത്തു. താന്‍ ഫോണ്‍ താഴെവച്ചു.
റിമോട്ട് കണ്‍ട്രോണ്‍ എടുത്ത് ടി.വി. ഓണ്‍ ചെയ്തു. പല ചാനലുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി നോക്കി. ഒന്നും ശ്രദ്ധിക്കാന്‍ തോന്നിയില്ല.
മനസിനു വല്ലാത്ത ഭാരം!
വിവാഹിതരായ അമേരിക്കക്കാരുടെ അവിഹിതബന്ധത്തെപ്പറ്റിയുള്ള ചില പഠനങ്ങള്‍ വായിച്ചതോര്‍ത്തു. നാല്‍പത്തിയഞ്ചു വര്‍ഷത്തോളം മുമ്പു നടന്ന കില്‍സിയുടെ പഠനങ്ങള്‍ പ്രകാരം വിവാഹിതരായ പുരുഷന്മാരില്‍ ഏതാണ്ട് പകുതിഭാഗവും വിവാഹിതരായ സ്ത്രീകളില്‍ ഏതാണ്ട് കാല്‍ഭാഗത്തോളം പേരും വിവാഹശേഷം ഒരിക്കലെങ്കിലും അവിഹിതബന്ധത്തില്‍പ്പെട്ടിരുന്നുവത്രെ! 1980- ആയപ്പോഴേയ്ക്കും ഇതു വീണ്ടും കൂടി. അതായത് പുരുഷന്മാരില്‍ മൂന്നില്‍ രണ്ടു ഭാഗത്തോളവും സ്ത്രീകളില്‍ ഏതാണ്ട് പകുതിയോളവും. അവിശ്വസനീയങ്ങളായ സ്ഥിതി വിവര കണക്കുകള്‍!
അവനവന് സംഭവിക്കുമ്പോഴാണല്ലോ ഇത്തരം പ്രശ്‌നങ്ങളുടെ രൂക്ഷത മനസിലാകുന്നത്. അതുവരെ സ്ഥിതിവിവരകണക്കുകള്‍ ജീവനില്ലാത്ത അക്കങ്ങള്‍ മാത്രം!
ഇത്തരം പ്രശ്‌നങ്ങളുടെ കാരണങ്ങളേയും ഫലങ്ങളേയും പറ്റി എത്രയെത്ര ഗവേഷണങ്ങള്‍ നടന്നിരിക്കുന്നു!
സാര്‍വ്വത്രികമായിത്തീര്‍ന്നിരിക്കുന്ന വിവാഹമോചനങ്ങളുടെ പ്രധാന കാരണം ഇത്തരത്തിലുള്ള 'എക്‌സ്ട്രാ മാരിറ്റല്‍ അഫയേഴ്‌സ്' ആണത്രെ.
തന്റെ ഭാര്യയുടെ അഥവാ ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെപ്പറ്റി അറിയുന്നത് മരണതുല്യമായ അനുഭവമാണത്രെ.
അതെ. ഒരു മരണം നടക്കുന്നതുപോലെയല്ലേ? വൈവാഹിക ജീവിതത്തിലെ പവിത്രതയും പര്‌സ്പരവിശ്വാസവും പൊരുത്തവും എല്ലാം പെട്ടെന്നു നശിക്കുന്നതുപോലെ!
തനിക്കും രണ്ടു ദിവസമായി തോന്നിയിരുന്നത് അതുതന്നെയല്ലേ?
ആകെ നിരാശതാബോധം.
ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും പൊടുന്നനെ ഇല്ലാതായതുപോലെ.
തനിക്കവകാശപ്പെട്ടത് മറ്റൊരാള്‍ തട്ടിയെടുത്തെന്നറിയുമ്പോള്‍....
പുറത്തുള്ള വേറൊരാള്‍ക്ക് തന്റെ ഭര്‍ത്താവിന്റെമേല്‍ അരുതാത്ത സ്വാധീനമുണ്ടെന്നറിയുമ്പോള്‍, ഭര്‍ത്താവ് വഴി തന്റെ രഹസ്യങ്ങള്‍ അവര്‍ അറിയുന്നുണ്ടെന്നു വരുമ്പോള്‍....
ദൈവമേ!
വല്ലാത്തൊരു മാനസികാവസ്ഥ തന്നെ ഇത്! തനിക്ക് ആ ബന്ധത്തെപ്പറ്റി എല്ലാം അറിയണം. അടുത്ത ക്ഷണത്തില്‍ മനസുപറയുന്നു, അങ്ങനെയൊന്നുമില്ല, അതെപ്പറ്റി കൂടുതല്‍ തിരക്കാന്‍ പോകാതിരിക്കയാണു നല്ലത്.
വിനോദിന്റെ മുമ്പത്തെ ജോലിയും ഈ ജോലിയുമായി രാവും പകലും പോലത്തെ വ്യത്യാസം ഉണ്ടു പോലും! പൂനം പട്ടേല്‍ ആണോ ആ വ്യത്യാസം തോന്നാന്‍ കാരണക്കാരി?
വിനു തന്റേതാണ്, തന്റേതുമാത്രം. വേറൊരാളുമായി തനിക്ക് വിനുവിനെ പങ്കിടാന്‍ പറ്റില്ല.
ഇത്തരം അവിഹിതബന്ധങ്ങളിലേര്‍പ്പെടാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണെന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള ആവേശം, കലഹപ്രിയത്വം, വിഷാദരോഗം, ശ്രദ്ധ പിടിച്ചെടുക്കല്‍.
ഇതില്‍ ഏതായിരിക്കാം വിനുവിന്റെ പ്രശ്‌നം?
പ്രശ്‌നമൊന്നുമില്ലെന്നു മമ്മി പറഞ്ഞെങ്കിലും തന്റെ മനസാകെ നീറിപ്പുകയുകയാണ്.
താന്‍ ഭാര്യ എന്ന നിലയില്‍ ഒരു പരാജയമാണോ?
അതോ തന്റെ പൂര്‍വ്വകഥകള്‍ മനസിലാക്കി വിനു പകരം വീട്ടുകയാണോ? വിനുവിന്റെ മട്ടുംഭാവവും കണ്ടാല്‍ അതു തോന്നുകയും ചെയ്യും. ഒന്നും സംഭവിക്കാത്തതുപോലെയല്ലേ പെരുമാറ്റം, എന്നിട്ടു ഗുഢമായി സന്തോഷിക്കുന്നുമുണ്ടാകും.
വിനോദിന്റെയും തന്റേയും പശ്ചാത്തലങ്ങള്‍ വരുത്തിവച്ച പൊരുത്തക്കേടുകള്‍ എന്തൊക്കെയാണെന്നു വിശകലനം ചെയ്യാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്. താന്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നത് വിനുവിന് ഇഷ്ടമല്ല. അതുകൊണ്ട് വിനുവിനോടു സംസാരിക്കുമ്പോള്‍ കഴിവതും മലയാളം മാത്രമേ ഉപയോഗിക്കാറുള്ളൂ. തന്റെ മാതിരി ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് സംസാരിക്കാനാവാത്തതിന്റെ അപര്‍ഷതാ ബോധം കാരണമാകാം അത്. സാരമില്ല. അത് അഡ്ജസ്റ്റ് ചെയ്യാന്‍ താന്‍ തയായറാണ്.
താന്‍ സുഹൃത്തുക്കളോട് സ്വതന്ത്രമായി ഇടപെടുന്നതും വിനുവിന് ഇഷ്ടമല്ല. അക്കാര്യത്തിലും വളരെ കരുതലോടെയേ താന്‍ പെരുമാറുന്നുള്ളൂ. വിശേഷിച്ചും ആലിംഗനം ചെയ്യുന്നതും മറ്റും.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഇന്റിമസി കുറയുമ്പോഴാണത്രെ അവിഹിതബന്ധങ്ങള്‍ ഉണ്ടാകുന്നത്.
താനും വിനുവുമായി അത്തരം ഇന്റിമസി എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ബാഹ്യശക്തിയോടെ പ്രേരണകൊണ്ടുമാത്രം ജീവിതം പങ്കിടാന്‍ ബാദ്ധ്യസ്ഥരല്ലേ?
അതായിരിക്കുമോ വിനുവിനെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്?
എന്തായാലും ഇതു സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ല. വിനുവിനെ തിരികെക്കൊണ്ടുവരണം. അതൊരു വെല്ലുവിളിയായി എടുക്കാന്‍ താന്‍ തയ്യാറാണ്.
ഫോണ്‍ ബെല്ലടിച്ചു.
'ഹലോ.'
മുകളില്‍ മമ്മിയും ഫോണെടുത്തെന്നു മനസിലായി. താന്‍ 'ഹലോ' പറഞ്ഞതിനൊപ്പം മമ്മിയുടേയും ശബ്ദം.
'ഹായ് സാന്‍ഡീ,' അങ്ങേത്തലയ്ക്കല്‍ നിന്നുള്ള ശബ്ദം കേട്ട് ഞെട്ടിപ്പോയി, കീത്ത്!
ഞെട്ടല്‍ മാറുന്നതിനു മുമ്പ് വീണ്ടും കീത്തിന്റെ ശബ്ദം.
'സാന്‍ഡീ, ആര്‍ യു ദെയ് ര്‍?'
'യെസ്....' മെല്ലെ പ്രതിവചിച്ചു.
മമ്മിയും ശ്രദ്ധിക്കുന്നുണ്ടെന്നു പെട്ടെന്നോര്‍ത്തു.
'ഹൗ ആര്‍ യു, സാന്‍ഡീ,' കീത്ത് വീണ്ടും.
'മമ്മീ, ഫോണ്‍വയ്ക്ക്. എനിക്കയാളോട് അല്പം സംസാരിക്കണം.' മലയാളത്തില്‍ പറഞ്ഞു.
മമ്മി ഫോണ്‍ വയ്ക്കുന്ന ശബ്ദം.